ബക്കറ്റില്‍ ഉപേക്ഷിച്ച കുഞ്ഞിനെ സിഡബ്ല്യുസി ഏറ്റെടുത്തു: അമ്മയ്ക്കെതിരെ കേസെടുത്ത് പൊലീസ്
പത്തനംതിട്ട: ചെങ്ങന്നൂർ മുളക്കുഴയില്‍ ബക്കറ്റില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ നവജാത ശിശുവിനെ പത്തനംതിട്ട ജില്ലാ സി ഡബ്ല്യു സി ഏറ്റെടുത്തു. കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ട ശേഷം തണൽ അഭയകേന്ദ്രത്തിലേക്ക് മാറ്റും. കുട്ടിയുടെ താൽക്കാലിക സംരക്ഷണം തണൽ അധികൃതർ ഏറ്റെടുത്തിട്ടുണ്ട്. കുട്ടിക്ക് ഒരു കിലോ 300 ഗ്രാം തൂക്കം മാത്രമേയുള്ളുവെന്നും കുട്ടികളുടെ ഹോസ്പിറ്റലിലേക്ക് കുഞ്ഞിനെ മാറ്റിയിട്ടുണ്ടെന്നും സിഡബ്ല്യുസി ചെയർമാൻ അറിയിച്ചു
നിലവില്‍ കുഞ്ഞ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കുട്ടികളുടെ വിഭാഗത്തിൽ ചികിത്സയിലാണ്. ആശുപത്രിയില്‍ നിന്നും ഡിസ്ചാർജ് ചെയ്യുന്ന കുഞ്ഞിനെ തണലിലേക്ക് മാറ്റും. അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികളെ താമസിപ്പിക്കേണ്ടത് തണൽ എന്ന സ്ഥാപനത്തിലാണെന്ന് സിഡബ്ലിയുസി ചെയർമാൻ രാജീവ് പറഞ്ഞു.

അതേസമയം, കുഞ്ഞിനെ പ്രസവിച്ചയുടന്‍ ഉപേക്ഷിച്ച യുവതിക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് 75, ഇന്ത്യന്‍ ശിക്ഷാനിയമം 317 എന്നിവ പ്രകാരം കേസെടുക്കും. യുവതിയുടേയും അകന്നു കഴിയുന്ന ഭര്‍ത്താവിന്റെയും മൊഴിയും ഇതിനോടകം പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
അമിത രക്ത സ്രാവത്തോടെ ആശുപത്രിയിലെത്തിയ യുവതി പറഞ്ഞത് അനുസരിച്ചാണ് പൊലീസ് വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് കുളിമുറിയിലെ ബക്കറ്റില്‍ നിന്നും കുഞ്ഞിനെ കണ്ടെടുത്തത്.
അതിനിടെ, കോട്ടയില്‍ അമ്മ ബക്കറ്റില്‍ ഉപേക്ഷിച്ച നവജാതശിശുവിനെ രക്ഷിക്കാന്‍ പ്രയത്നിച്ച പോലീസ് സേനാംഗകള്‍ക്കും ചെങ്ങന്നൂരിലെ നഴ്‌സിംഗ് ഹോമിലെ ഡോക്ടര്‍മാരെയും അഭിനന്ദിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് രംഗത്തെത്തി. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി അഭിനന്ദനങ്ങള്‍ അറിയിച്ചത്.
ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
കോട്ടയില്‍ അമ്മ ബക്കറ്റില്‍ ഉപേക്ഷിച്ച നവജാതശിശുവിനെ രക്ഷിക്കാന്‍ പ്രയത്നിച്ച പോലീസ് സേനാംഗകള്‍ക്കും അമ്മ പറയുന്നതില്‍ സംശയം തോന്നി പോലീസിനെ സമയോചിതമായി അറിയിച്ച ചെങ്ങന്നൂരിലെ നഴ്‌സിംഗ് ഹോമിലെ ഡോക്ടര്‍ക്കും ഹൃദയാഭിവാദ്യങ്ങള്‍. ബക്കറ്റിലെ തുണി മാറ്റി നോക്കുമ്പോള്‍ കുഞ്ഞിന് ജീവന്‍ ഉണ്ടെന്നു കണ്ട് ആ ബക്കറ്റ് എടുത്തു കൊണ്ട് പോലീസ് ഓടുന്ന ദൃശ്യങ്ങള്‍ മനസില്‍ നിന്ന് മായുന്നില്ല.
ഈ കുഞ്ഞിന്റെ മൂത്ത സഹോദരന്‍ 9 വയസുകാരന്റെ വാക്കുകള്‍ ഗൗരവത്തില്‍ എടുത്തത് കൊണ്ടാണ് പോലീസ് ആശുപത്രിയില്‍ നിന്ന് അവര്‍ താമസിച്ച വീട്ടില്‍ എത്തി പരിശോധിച്ചത്. കുഞ്ഞിന്റെ ജീവന്‍ നിലനിര്‍ത്താനുള്ള എല്ലാ ശ്രമവും കോട്ടയം മെഡിക്കല്‍ കോളേജ് കുട്ടികളുടെ ആശുപത്രിയില്‍ നടത്തുന്നുണ്ട്.
സൂപ്രണ്ട് ഡോ. ജയപ്രകാശിന്റെ നേതൃത്വത്തില്‍ കുഞ്ഞിനാവശ്യമായ ചികിത്സയും പരിചരണവും നല്‍കുന്നുണ്ട്. കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്. കുഞ്ഞിന് ആവശ്യമായ പരിചരണം നല്‍കാന്‍ വനിതാ ശിശു വികസന വകുപ്പ് ഒരു കെയര്‍ ഗിവറിനെ കുഞ്ഞിനോടൊപ്പം നിയോഗിച്ചിട്ടുണ്ട്. ജനിച്ചു വീണത് മുതല്‍ അതിജീവനത്തിനു ശ്രമിച്ച ആ കുഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചു വരുമെന്ന് തന്നെ പ്രതീക്ഷിക്കുന്നു.












Click it and Unblock the Notifications