മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് പുറത്തുവന്നത്!! സിബിഐ തന്നെ വരണം...
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കുമെന്ന് ചെന്നിത്തല
കോഴിക്കോട്: മെഡിക്കല്‍ കോളേജ് അനുവദിക്കാന്‍ ബിജെപി നേതാക്കള്‍ കോഴ വാങ്ങിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതിനു പിറകെ കോണ്‍ഗ്രസ് രൂക്ഷ വിമര്‍ശനവുമായി രംഗത്ത്. പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തലയാണ് ബിജെപിയെ കടന്നാക്രമിച്ചത്.

നേരത്തേ കൊടുങ്ങല്ലൂരില്‍ കള്ള നോട്ടടിയുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കള്‍ അറസ്റ്റിലായതിന്റെ അനുബന്ധമാണ് ഇതെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി. കള്ളനോട്ടടി കേസില്‍ ബിജെപിയുടെ പ്രാദേശിക നേതാക്കളാണ് പിടിയിലായത്. കേന്ദ്രഭരണത്തിന്റെ സ്വാധീനം ഉപയോഗിച്ച് ബിജെപി നേതാക്കള്‍ കേരളത്തില്‍ വന്‍ തോതില്‍ അഴിമതി നടത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മധ്യപ്രദേശിലെ വ്യാപം പോലെ വന്‍ അഴിമതിയാണിതെന്നും ചെന്നിത്തല പറഞ്ഞു. ഈ സാഹചര്യത്തില്‍ സിബിഐ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്യണം. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കു കത്ത് നല്‍കുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

മെഡിക്കല്‍ കോളേജിന് അംഗീകാരം നല്‍കാന്‍ ബിജെപി നേതാക്കള്‍ കോഴ വാങ്ങിയെന്ന് പാര്‍ട്ടി തന്നെ നിയോഗിച്ച അന്വേഷണ കമ്മീഷനാണ് കണ്ടെത്തിയത്. ഇതിന്റെ റിപ്പോര്‍ട്ട് സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നല്‍കിയിരുന്നു. 5.6 കോടി രൂപ കോഴയായി നേതാക്കള്‍ കൈപ്പറ്റിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.












Click it and Unblock the Notifications