നമ്മുടെ നിലപാട് നമ്മുടെ വിധി നിശ്ചയിക്കുന്നു, പൃഥ്വിരാജിന്റെ നിലപാട് നാഴികക്കല്ലെന്ന്!!
സ‍്ത്രീവിരുദ്ധ സിനിമകളില്‍ അഭിനയിക്കില്ലെന്ന നിലപാടിനെ ചെന്നിത്തല പുകഴ്ത്തി
തിരുവനന്തപുരം: സ്ത്രീവിരുദ്ധ സിനിമകളില്‍ ഇനി അഭിനയിക്കില്ലെന്ന നടന്‍ പൃഥ്വിരാജിന്റെ പ്രസ്താവനയെ പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല വാനോളം പുകഴ്ത്തി. ഫേസ്ബുക്ക് പേജിലൂടെയാണ് യുവ സൂപ്പര്‍ താരത്തെ ചെന്നിത്തല പേരെടുത്ത് അഭിനന്ദിച്ചത്.

പൃഥ്വിരാജിന്റെ നിലപാട് മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ നാഴികക്കല്ലാവുമെന്ന കാര്യത്തില്‍ സംശമയില്ലെന്നു ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

സിനിമയില്‍ മദ്യപിക്കുന്നതും പുകവലിക്കുന്നതുമായ രംഗങ്ങള്‍ കാണിക്കുമ്പോള്‍ ഇവയെല്ലാം ആരോഗ്യത്തിന് ഹാനികരമെന്ന ബോധവല്‍ക്കരണ അറിയിപ്പ് കാണിക്കാറുണ്ട്. ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്ര വാഹനം ഓടിക്കുന്ന രംഗങ്ങളും ഇപ്പോള്‍ ഒഴിവാക്കിയിട്ടുണ്ട്.

സിനിമയുമായി ബന്ധപ്പെട്ട് മൃഗങ്ങളെ ഉപദ്രവിച്ചിട്ടില്ലെന്ന സാക്ഷ്യപത്രം ഇപ്പോള്‍ ബാധകമാക്കിയിട്ടുണ്ട്. സിനിമയിലെ നല്ലതും ചീത്തയുമായ കാര്യങ്ങള്‍ മനുഷ്യമനസില്‍ സ്വാധീനം ചെലുത്തുമെന്നതിനാലാണ് ഇത്തരത്തിലുള്ള നിയന്ത്രണങ്ങള്‍.

ചെറിയ കാര്യങ്ങളില്‍ പോലും ഇത്രയും ശ്രദ്ധയുള്ള സിനിമയില്‍ സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്ന ദൃശ്യങ്ങളും സംഭാഷണങ്ങളും എങ്ങനെ ഉള്‍പ്പെടുന്നു എന്നു ചിന്തിച്ചിട്ടുണ്ട്. ഇത്തരം ഡയലോഗുകള്‍ കേട്ട് മലയാളികളുടെ ഉന്നത സാംസ്‌കാരികബോധം എങ്ങനെ അനുവദിക്കുന്നുവെന്നും അദ്ഭുതപ്പെട്ടിട്ടുമുണ്ട്.

നമ്മുടെ നിലപാട് തന്നെയാണ് നമ്മുടെ വിധി നിശ്ചയിക്കുന്നത്. മലയാളികളുടെ പ്രിയനടന്‍ പൃഥ്വിരാജിനെ താന്‍ ഹൃദയം തുറന്ന് അഭിനന്ദിക്കുന്നുവെന്നും ചെന്നിത്തല കുറിച്ചു.
ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ്












Click it and Unblock the Notifications