ചെന്നിത്തല വാക്കുപാലിച്ചു; ഹസന്‍ ഭായ് ഹാപ്പി
കാസര്‍കോട്: ഷഹനായ് വാദകന്‍ ഉസ്താദ് ഹസന്‍ ഭായിക്ക് വീട് നിര്‍മ്മിക്കാനുള്ള വാഗ്ദാനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പാലിച്ചു. വീട് നിര്‍മ്മിക്കാന്‍ അദ്ദേഹം പ്രഖ്യാപിച്ച അഞ്ച് ലക്ഷം രൂപയില്‍ ആദ്യ ഗഡുവായി രണ്ട് ലക്ഷം രൂപ കാസര്‍കോട് ഗവ. ഗസ്റ്റ് ഹൗസില്‍ രമേശ് ചെന്നിത്തല ഉസ്താദ് ഹസന്‍ ഭായിക്ക് കൈമാറി.
സ്വന്തമായി ആറ് സെന്റ് സ്ഥലമുണ്ടെങ്കിലും ഭാര്യയുടേയും മകന്റെയും രോഗ ദുരിതങ്ങള്‍ അടക്കം അലട്ടിയ ഹസന്‍ ഭായി ഒരു വീടെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയാതെ വിഷമിച്ചുനില്‍ക്കുകയായിരുന്നു. ഇതറിഞ്ഞ സംസ്‌കാര സാഹിതി ജില്ലാ ചെയര്‍മാനും മാധ്യമ പ്രവര്‍ത്തകനുമായ വി.വി പ്രഭാകരന്‍ അടക്കമുള്ളവര്‍ പടയൊരുക്കം പരിപാടിയുടെ ഉദ്ഘാടന പരിപാടിക്ക് രമേശ് ചെന്നിത്തല കാസര്‍കോട്ട് എത്തിയപ്പോള്‍ അദ്ദേഹത്തെ ഇക്കാര്യം ധരിപ്പിക്കുകയും ചെന്നിത്തല അഞ്ച് ലക്ഷം രൂപ വാഗ്ദാനം നല്‍കുകയുമായിരുന്നു.

ചെന്നിത്തല കെ.പി.സി.സി പ്രസിഡണ്ടായിരിക്കെ രൂപീകരിച്ച ഗാന്ധി ഗ്രാം പദ്ധതിയില്‍ നിന്നാണ് രണ്ട് ലക്ഷം രൂപ കൈമാറിയത്. ഇത് ആദ്യഗഡുവാണെന്നും വാഗ്ദത്തം ചെയ്ത മുഴുവന്‍ തുകയും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications