ചേരാനല്ലൂര്‍ വാഹനാപകടം: 17കാരന്റെ ജാമ്യം റദ്ദാക്കണമെന്ന അപ്പീലില്‍ ഉത്തരവ് വ്യാഴാഴ്ച
ജഡ്ജിയുടെ പ്രായപൂര്‍ത്തിയാകാത്ത മകന്റെ കാറിനിടിച്ച ചേരാനല്ലൂര്‍ വാഹനാപകട കേസില്‍ പ്രോസിക്യൂഷനും മരിച്ച ജയബാലകൃഷ്ണന്റെ കുടുംബവും കോടതിയില്‍ നേര്‍ക്കുനേര്‍. അപകടമുണ്ടാക്കിയ 17കാരന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള അപ്പീല്‍ എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതി പരിഗണിക്കുന്നതിനിടെയാണ് നാടകീയ രംഗങ്ങള്‍.
അന്വേഷണത്തിന് കുടുംബം തടസം നില്‍ക്കുന്നതായി പ്രോസിക്യൂഷനും തങ്ങള്‍ക്ക് പ്രോസിക്യൂഷന്‍ വിവരങ്ങള്‍ കൈമാറുന്നില്ലെന്ന് കുടുംബവും ആരോപിച്ചു. ഇരുകൂട്ടരും തമ്മില്‍ അഭിപ്രായ വ്യത്യസങ്ങള്‍ ഉയര്‍ന്നതോടെ കേസ് കേള്‍ക്കുന്നത് അടച്ചിട്ട മുറിയിലേക്ക് മാറ്റാന്‍ കോടതി നിര്‍ദേശിച്ചു. അന്വേഷണത്തെ സമ്മര്‍ദത്തിലാക്കരുത് എന്നും കേടതി വ്യക്തമാക്കി.

കോടതി നിര്‍ദേശപ്രകാരം അന്വേഷണ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ നേരിട്ട് ഹാജരായിരുന്നു. സ്വതന്ത്രമായി അന്വേഷണം നടത്താന്‍ സാധിക്കാത്ത തരത്തില്‍ ഇടപെടലുകളുണ്ടാകുന്നുവെന്ന പ്രോസിക്യൂഷന്റെ ആരോപണം ഗുരുതരമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. എന്നാല്‍ തങ്ങള്‍ അന്വേഷണത്തിന് തടസം നില്‍ക്കുകയോ ഇടപെടുകയോ ചെയ്യുന്നില്ലെന്ന് കുടുംബത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ പ്രതികരിച്ചു.
അന്വേഷണം സംബന്ധിച്ച് തെറ്റായ വിവരം പ്രചരിപ്പിക്കുന്നു എന്ന ആരോപണവും ജയബാലകൃഷ്ണന്റെ അഭിഭാഷകര്‍ക്കെതിരെ ഉയര്‍ന്നു. എന്നാല്‍ അടിസ്ഥാന രേഖകള്‍ പോലും തരാതെ പ്രോസിക്യൂഷന്‍ നിസഹകരണം തുടരുന്നതായി ജയബാലകൃഷ്ണന്റെ കുടുംബം ആരോപിച്ചു. പ്രോസിക്യൂഷന്‍ അഭിഭാഷക ഏഴുവര്‍ഷമായി കോടതിയില്‍ ഉണ്ടെന്നും പരാതി ഉണ്ടെങ്കില്‍ പ്രത്യേകമായി നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
17കാരന് ജുവനൈല്‍ കോടതി നല്‍കിയ ജാമ്യം റദ്ദാക്കണമെന്ന അപ്പീലില്‍ കോടതി വ്യാഴാഴ്ച വിധി പറയും. പ്രോസിക്യൂഷനുമായി യാതൊരു പ്രശ്നങ്ങളും ഇല്ലെന്ന് കുടുംബത്തിന്റെ അഭിഭാഷകന്‍ പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു. ഇരുവിഭാഗവും സഹകരിച്ചാണ് മുന്നോട്ടുപോകുന്നതെന്നും അടച്ചിട്ട മുറിയില്‍ വാദം കേട്ടത് സ്വാഭാവിക നടപടിയെന്നും അദ്ദേഹം പറഞ്ഞു.
ജയബാലകൃഷ്ണന്റെ മകളുടെ പരാതിയില്‍ 17 കാരന്റെ പിതാവായ അഡീഷനല്‍ ജഡ്ജിക്കെതിരേ തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചതിനുള്ള വകുപ്പ് കൂടി ചുമത്തിയിട്ടുണ്ട്. പ്രത്യേകം കേസെടുക്കണമെന്നായിരുന്നു കുടുംബത്തിന്റെ ആവശ്യം. ജഡ്ജി തെളിവ് നശിപ്പിച്ചിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കും.


Click it and Unblock the Notifications
