പ്രതി ജഡ്ജിയുടെ മകനായതുകൊണ്ട് നിയമം മാറ്റി എഴുതിയോ? സര്‍ക്കാരിനും പൊലീസിനുമെതിരെ പിണറായി
ചേരാനല്ലൂര്‍ വാഹനാപകടത്തില്‍ പൊലീസിനേയും സര്‍ക്കാരിനേയും വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ പ്രതിയെ രക്ഷിക്കാനായി പോലീസ് നടത്തിയ അതേ ശ്രമം ഇന്നലെ ചേരാനല്ലൂരും ആവര്‍ത്തിച്ചിരിക്കുകയാണ് എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു പിണറായി വിജയന്റെ പ്രതികരണം.
പ്രതി ജഡ്ജിയുടെ മകനായതുകൊണ്ട് നിയമം മാറ്റി എഴുതാന്‍ പൊലീസിന് ആരാണ് അധികാരം കൊടുത്തത് എന്ന് അദ്ദേഹം ചോദിച്ചു. ഉന്നതരുടെ മക്കള്‍ എന്ത് നിയമലംഘനം നടത്തിയാലും അത് മൂടിവെക്കാന്‍ പൊലീസുണ്ട് എന്ന അഹങ്കാരത്തിനാണ് സര്‍ക്കാര്‍ കുടപിടിക്കുന്നത് എന്നും അദ്ദേഹം ആരോപിച്ചു. ഇന്നലെ പുലര്‍ച്ചെയായിരുന്നു ചേരാനല്ലൂരില്‍ ജഡ്ജിയുടെ മകനായ 17 കാരന്‍ ഓടിച്ച ആഡംബര വാഹനമിടിച്ച് തട്ടുകടക്കാരനായ ജയബാലകൃഷ്ണന്‍ മരിച്ചത്.

അമിതവേഗതയിലെത്തിയ കാര്‍ ജയബാലകൃഷ്ണന്‍ സഞ്ചരിച്ച സ്‌കൂട്ടറിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ജയബാലകൃഷ്ണന്‍ തെറിച്ചുവീണു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇരിങ്ങാലക്കുട അഡീഷനല്‍ സെഷന്‍സ് ജഡ്ജിയുടെ മകനാണ് അപകടമുണ്ടാക്കിയത്. സംഭവത്തിന് ശേഷം 17 കാരനെ രക്ഷിക്കാന്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് ശ്രമമുണ്ടായി എന്നാണ് ആക്ഷേപം.
ആദ്യഘട്ടത്തില്‍ നിസാര വകുപ്പ് ചുമത്തിയ പൊലീസ് ജഡ്ജിയുടെ മകന് സ്റ്റേഷന്‍ ജാമ്യവും അനുവദിച്ചിരുന്നു. എന്നാല്‍ പിന്നീട് പ്രതിഷേധമുയര്‍ന്നതോടെ നരഹത്യാക്കുറ്റം ചുമത്തുകയായിരുന്നു. 17 കാരനെ വിട്ടയച്ചതില്‍ പ്രതിഷേധിച്ച് ജയബാലകൃഷ്ണന്റെ മക്കളും ബന്ധുക്കളും നാട്ടുകാരും പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചിരുന്നു.
പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം
റോഡില്‍ മനുഷ്യരക്തം വീഴ്ത്തുന്നവര്‍ക്ക് പണവും സ്വാധീനവുമുണ്ടെങ്കില്‍ പ്രത്യേക ആനുകൂല്യവും പരിഗണനയും ലഭിക്കുന്നത് എന്തുതരം നിയമപാലനമാണ്? എല്ലാ പൗരന്മാര്‍ക്കും തുല്യനീതി ഉറപ്പാക്കേണ്ട പോലീസിനെ പണവും സ്വാധീനവും ഉള്ളവരുടെ അകമ്പടി സേവകരായി അധ:പതിപ്പിക്കരുത്. നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ പ്രതിയെ രക്ഷിക്കാനായി പോലീസ് നടത്തിയ അതേ ശ്രമം ഇന്നലെ ചേരാനല്ലൂരും ആവര്‍ത്തിച്ചിരിക്കുകയാണ്.
ജയബാലകൃഷ്ണന്‍ എന്ന സാധാരണക്കാരനാണ് അമിതവേഗതയിലെത്തിയ ആഡംബര കാറിടിച്ച് കൊല്ലപ്പെട്ടത്. വാഹനമോടിച്ചിരുന്നത് പ്രായപൂര്‍ത്തിയാകാത്ത, ലൈസന്‍സില്ലാത്ത പതിനേഴുകാരന്‍. പ്രതി ജഡ്ജിയുടെ മകനായതുകൊണ്ട് നിയമം മാറ്റി എഴുതാന്‍ പോലീസിന് ആരാണ് അധികാരം കൊടുത്തത്? എഫ്.ഐ.ആറില്‍ പ്രതിയുടെ പേരില്ല. മറച്ചുവെച്ച് 'അണ്‍നോണ്‍' ആണ്.
അപകട ദൃശ്യങ്ങള്‍ പകര്‍ത്തിയ നാട്ടുകാരുടെ ഫോണുകള്‍ പിടിച്ചുവാങ്ങി തെളിവ് നശിപ്പിക്കാന്‍ പൊലീസ് ശ്രമിച്ചു. ഉന്നതരുടെ മക്കള്‍ എന്ത് നിയമലംഘനം നടത്തിയാലും അത് മൂടിവെക്കാന്‍ പോലീസുണ്ട് എന്ന അഹങ്കാരത്തിനാണ് സര്‍ക്കാര്‍ കുടപിടിക്കുന്നത്. ഇരയ്ക്ക് നീതി ഉറപ്പാക്കേണ്ടവര്‍ തന്നെ വേട്ടക്കാര്‍ക്ക് കാവലൊരുക്കുന്നത് ജനാധിപത്യ സമൂഹത്തിന് അപമാനമാണ്.
തെറ്റായ സ്വാധീനമുപയോഗിച്ച് കേസ് തേച്ചുമായ്ച്ചു കളയാമെന്ന് യുഡിഎഫ് സര്‍ക്കാരും പോലീസും കരുതേണ്ട. നീതിക്കായുള്ള ആ കുടുംബത്തിന്റെ പോരാട്ടത്തില്‍ ഈ നാട് ഒറ്റക്കെട്ടായി അവര്‍ക്കൊപ്പമുണ്ടാകും.


Click it and Unblock the Notifications
