'ശ്രേയാംസ് കുമാറിന്റെ രാജ്യസഭാ സീറ്റ് പിടിച്ചെടുത്തത് ഏകാധിപത്യപരം', സിപിഎമ്മിനെതിരെ ചെറിയാൻ ഫിലിപ്പ്
തിരുവനന്തപുരം: രാജ്യസഭാ സീറ്റ് എല്‍ജെഡിയില്‍ നിന്ന് പിടിച്ചെടുത്തത് സിപിഎമ്മിന്റെ ഏകാധിപത്യമാണെന്ന് കുറ്റപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ്. എല്‍ജെഡിയുടെ എംവി ശ്രേയാംസ് കുമാര്‍ കാലാവധി പൂര്‍ത്തിയാക്കിയ സീറ്റ് ഇക്കുറി സിപിഐക്കാണ് നല്‍കിയിരിക്കുന്നത്. എല്‍ഡിഎഫിന് വിജയിക്കാന്‍ സാധിക്കുന്ന രണ്ട് സീറ്റുകളില്‍ സിപിഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി അഡ്വ. പി സന്തോഷ് കുമാറും ഡിവൈഎഫ്‌ഐ നേതാവ് എഎ റഹീമും മത്സരിക്കും.
എന്നാൽ എം വി ശ്രേയസ് കുമാറിന്റെ സീറ്റ് പിടിച്ചെടുത്തത് മുന്നണി മര്യാദകളുടെ ലംഘനമാണെന്ന് ചെറിയാൻ ഫിലിപ്പ് കുറ്റപ്പെടുത്തി. ചെറിയാൻ ഫിലിപ്പിന്റെ പ്രതികരണം പൂർണരൂപം: '' എം വി ശ്രേയസ് കുമാറിന്റെ നിലവിലെ രാജ്യസഭാ സീറ്റ് ഏകപക്ഷീയമായി പിടിച്ചെടുത്തത് ഏകാധിപത്യപരവും മുന്നണി മര്യാദകളുടെ ലംഘനവുമാണ്. 2009-ൽ എം പി വീരേന്ദ്രകുമാറിന് അവകാശപ്പെട്ട കോഴിക്കോട് ലോക്സഭാ സീറ്റ് പിടിച്ചടക്കിയതിന്റെ തനിയാവർത്തനമാണ് ഇത്. പ്രമുഖ നേതാക്കളെ ഒഴിവാക്കിയാണ് കോൺഗ്രസ് വീരേന്ദ്രകുമാറിനും ജോസ് കെ.മാണിയ്ക്കും രാജ്യ സഭാ സീറ്റ് നൽകിയത്. അത് തുടർന്നുവെന്നല്ലാതെ പുതിയതായി ഒന്നും അവർക്ക് സി പി.എം നൽകിയിരുന്നില്ല.

എൻസിപി യുടെ സിറ്റിംഗ് സീറ്റായ പാലാ നിയമസഭാ സീറ്റ് ഒരു ചർച്ചയും കൂടാതെ പിടിച്ചടക്കിയതിന്റെ പ്രതിഷേധമാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ മാണി സി കാപ്പന്റെ വിജയത്തിൽ കലാശിച്ചത്. ജോസ് കെ മാണി വിജയിക്കണമെന്ന് സി പി എം ന് ഒരു ആഗ്രഹവും ഉണ്ടായിരുന്നില്ല. സി പി എം പ്രാദേശിക നേതാക്കൾ ജോസ് കെ.മാണിക്കെതിരെ പ്രവർത്തിച്ചിരുന്നു. കല്പറ്റയിൽ എം വി ശ്രേയസ് കുമാറിനെതിരെ സി പി എം ജില്ലാ നേതാക്കൾ വരെ പരസ്യമായി രംഗത്തുണ്ടായിരുന്നു. ശ്രേയസ് കുമാറിനും ജോസ് കെ.മാണിക്കുമെതിരെ പ്രവർത്തിച്ചവർക്കെതിരെ സി പി എം ഒരു അന്വേഷണമോ നടപടിയോ ഇതുവരെ സ്വീകരിച്ചിട്ടില്ല. അതേസമയം, തെരഞ്ഞെടുപ്പിൽ പ്രവർത്തിച്ചില്ലെന്നതിന്റെ പേരിലാണ് ജി. സുധാകരൻ, വി.കെ. മധു എന്നിവർക്കെതിരെ പാർട്ടി അച്ചടക്ക നടപടി സ്വീകരിച്ചത്.
എൽ ഡി എഫിൽ ഘടക കക്ഷികൾക്കെല്ലാം മന്ത്രി സ്ഥാനം നൽകിയപ്പോൾ ശ്രേയസ് കുമാറിന്റെ ലോക് താന്ത്രിക് ജനതാ ദളിനു് മാത്രം മന്ത്രി സ്ഥാനം നൽകിയില്ല. ശ്രേയസ് കുമാറിന്റെ രാജ്യസഭാ സീറ്റ് ചൂണ്ടിക്കാട്ടിയാണ് കെ.പി.മോഹനനെ മന്ത്രി സ്ഥാനത്തു നിന്നും ഒഴിവാക്കിയത്. നിയമസഭാ തെരഞടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ട ലോക് താന്ത്രിക് ജനതാദളിലെ ഷെയ്ക്ക് പി.ഹാരീസിനെ ഇപ്പോൾ വീരോചിതമായി സിപിഎമ്മിൽ ചേർത്തത് ശ്രേയസ് കുമാറിനെ അപമാനിക്കുന്നതിനു കൂടിയാണ്''.












Click it and Unblock the Notifications