ചുംബന സമരത്തെ പിന്തുണച്ച അദ്ധ്യാപികയെ പുറത്താക്കാന്‍ പ്രതിഷേധം
കണ്ണൂര്‍: ചുംബന സമരത്തിന് അനുകൂല നിലപാടെടുത്ത സര്‍ക്കാര്‍ സ്‌കൂളിലെ അദ്ധ്യാപികയെ പുറത്താക്കാന്‍ സ്‌കൂളില്‍ പ്രതിഷേധം. കണ്ണൂര്‍ ജില്ലയിലെ ചെറുതാഴം ഗവ. സ്‌കൂള്‍ അദ്ധ്യാപികയായ എം. സുല്‍ഫത്തിനെതിരെയാണ് ഒരുവിഭാഗം പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. അറിയപ്പെടുന്ന പൗരാവകാശ പ്രവര്‍ത്തകകൂടിയാണ് സുല്‍ഫത്ത്.
ചുംബന സമരത്തിന് അനുകൂലിച്ച് അദ്ധ്യാപിക ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നതായി പറയുന്നു. ഇതാണ് പ്രതിഷേധത്തിന് കാരണമായത്. അദ്ധ്യാപികയ്‌ക്കെതിരെ സ്‌കൂള്‍ പരിസരത്ത് വ്യാപകമായ പോസ്റ്റര്‍ പ്രചരണം നടത്തിയിട്ടുണ്ട്. അദ്ധ്യാപികയെ സ്‌കൂളില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സ്‌കൂളില്‍ ഒരുവിഭാഗം അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും പ്രകടനം നടത്തിയിരുന്നു.

അതേസമയം, അടുത്തിടെ സ്‌കൂളിലെ ഒരു അദ്ധ്യാപകനെതിരെ ഉണ്ടായ പീഡന ആരോപണമാണ് പുതിയ സംഭവത്തിന് പിന്നിലെന്നും പറയപ്പെടുന്നു. അദ്ധ്യാപകനെതിരെ ദളിത് വിദ്യാര്‍ത്ഥി നല്‍കിയ പരാതി ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചെങ്കിലും സുല്‍ഫത്ത് ഇടപെട്ട് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് പരാതി നല്‍കിയത് ഏറെ ഒച്ചപ്പാടുണ്ടാക്കിയിരുന്നു.
പോലീസ് കേസെടുത്തതിനെ തുടര്‍ന്ന് ഒളിവില്‍ പോയ അദ്ധ്യാപകന്‍ പിന്നീട് കീഴടങ്ങുകയായിരുന്നു. അദ്ധ്യാപകനെതിരെ പരാതി കൊടുപ്പിച്ചതില്‍ ചില അദ്ധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും സുല്‍ഫത്തിനോടുണ്ടായ വിരോധമാണ് ഇപ്പോള്‍ പ്രതിഷേധമായി തീര്‍ന്നിരിക്കുന്നതെന്നാണ് വിവരം. അദ്ധ്യാപികയ്‌ക്കെതിരെ പ്രതിഷേധമുണ്ടായതിനെ തുടര്‍ന്ന് സ്‌കൂള്‍ പിടിഎ ജനറല്‍ ബോഡിയോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്.












Click it and Unblock the Notifications