ചേറ്റൂർ; അയല്‍ക്കാരന്റെ പിതാവിനെ കയറി അച്ഛാ എന്ന് വിളിക്കുന്നത് ബിജെപി അവസാനിപ്പിക്കണം: കോണ്‍ഗ്രസ്
പാലക്കാട്: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ ഒരേയൊരു മലയാളി അധ്യക്ഷനായിരുന്ന ചേറ്റൂർ ശങ്കരൻ നായർക്ക് ആദരം അർപ്പിക്കാന്‍ കോണ്‍ഗ്രസ് - ബി ജെ പി പ്രവർത്തരുടെ മത്സരം. എല്ലാ വർഷവും ഏപ്രില്‍ 24 ന് ചേറ്റൂരിന്റെ ചരമവാർഷികം പാലക്കാട് ഡി സി സി ആചരിക്കാറുണ്ടായിരുന്നെങ്കിലും ഇത്തവണ ബി ജെ പിയും അനുസ്മരണവുമായി രംഗത്ത് വരികയായിരുന്നു.
ഹരിയാനയിലെ പ്രസംഗത്തിൽ ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ ബ്രിട്ടിഷുകാർക്കെതിരെ ശബ്ദമുയർത്തിയ ചേറ്റൂരിനെ നരേന്ദ്ര മോദി അനുസ്മരിച്ചതിന് പിന്നാലെയാണ് ചേറ്റൂർ അനുസ്മരണവുമായി ബി ജെ പിയും രംഗത്ത് എത്തിയത്. ഇതിനിടയില്‍ തന്നെ കേന്ദ്രമന്ത്രി സുരേഷ്ഗോപി ചേറ്റൂരിന്റെ ബന്ധുക്കളെ സന്ദർശിക്കുകയും ചെയ്തു.

ബിജെപിയുടെ ആരോപണവും സന്ദീപിന്റെ മറുപടിയും
ചേറ്റൂരിനെ വിസ്മരിച്ചവരാണ് കോണ്‍ഗ്രസ് നേതൃത്വമെന്നാണ് ബി ജെ പി ആരോപിക്കുന്നത്. എന്നാല്‍ സ്വന്തം പാര്‍ട്ടിയില്‍ സ്വാതന്ത്ര്യ സമര സേനാനികളില്ലാത്തത് കൊണ്ടാണ് മറ്റ് നേതാക്കളെ സ്വന്തമാക്കാന്‍ ബി ജെ പി ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസും തിരിച്ചടിക്കുന്നു. 'സ്വന്തം പിതാവിനെ തിരിഞ്ഞു നോക്കാതെ അയലോക്കത്തവൻ്റെ പിതാവിനെ കയറി അച്ഛാ എന്ന് വിളിക്കുന്നത് ബിജെപി അവസാനിപ്പിക്കണം.' എന്നാണ് ഈ വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് സന്ദീപ് വാര്യർ കഴിഞ്ഞ ദിവസം പ്രതികരിച്ചത്.
ജനസംഘത്തിനും ബിജെപിക്കും അസംഖ്യം അഖിലേന്ത്യാ അദ്ധ്യക്ഷൻമാർ ഉണ്ടായിട്ടുണ്ട് . അവരിൽ മിക്കവരുടെയും പേരുകൾ പോലും എവിടെയും ആരും പറയാറില്ല . . ആചാര്യ ദേബ പ്രതാബ് ഘോഷിനെക്കുറിച്ചോ ബൽറാജ് മധോക്കിനെക്കുറിച്ചോ ബംഗാരു ലക്ഷ്മണെക്കുറിച്ചോ ബിജെപി അനുസ്മരിക്കാറുണ്ടോ ? ജനകൃഷ്ണമൂർത്തിയെയും കുശഭാവു ഠാക്കറയെയും കുറിച്ച് രണ്ട് നല്ല വാക്ക് ഇവരാരും പറയുന്നത് കേട്ടിട്ടില്ല . ഇന്ത്യൻ സ്വാതന്ത്ര്യ സമരവും ദേശീയ നേതാക്കളുമൊക്കെ ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ ലെഗസി ആണ് . നിങ്ങളുടെ ലെഗസി ഗാന്ധിയുടെ ഇടനെഞ്ചിലേക്ക് പാഞ്ഞ വെടിയുണ്ടകളാണെന്നും അദ്ദേഹം പറഞ്ഞു.
കെ സുധാകരന്‍ പറഞ്ഞത്
അതേസമയം, ബ്രിട്ടീഷ് ഭരണത്തിന്‍ കീഴില്‍ ഒരു ഇന്ത്യക്കാരന് എത്തിച്ചേരാന്‍ കഴിയാവുന്ന ഏറ്റവും ഉയര്‍ന്ന പദവിയായ വൈസ്രോയിയുടെ എക്‌സിക്യൂട്ടീവ് കൗണ്‍സിലിലെ വിദ്യാഭ്യാസച്ചുമതലയുള്ള അംഗമായിരുന്ന
അദ്ദേഹം ജാലിയൻ വാലാ ബാഗ് കൂട്ടക്കൊലയെ തുടർന്ന് വൈസ്രോയിയുടെ എക്‌സിക്യൂട്ടീവ് കൗൺസിലിൽ നിന്നും രാജിവെച്ച് ഇറങ്ങിപ്പോന്ന രാജ്യസ്നേഹിയായിരുന്നുവെന്നായിരുന്നു കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്റെ പ്രതികരണം.
കോൺഗ്രസ് പ്രസ്ഥാനത്തിനു മാത്രം അവകാശപ്പെടാവുന്ന അഭിമാനകരമായ സ്വാതന്ത്ര്യ സമര ചരിത്രങ്ങളെ വളച്ചൊടിച്ച് തങ്ങളുടേതാക്കി ഹൈജാക്ക് ചെയ്യാൻ സംഘപരിവാറുകാർ ശ്രമിക്കുന്ന ഒരു കാലത്താണ് സർ ചേറ്റൂർ ശങ്കരൻ നായരുടെ ഓർമദിനം കടന്നു വരുന്നത്. കോൺഗ്രസിന്റെ പ്രൗഢമായ ചരിത്രത്തിലെ നാൾവഴികളിൽ ഒരിക്കലും മായാത്ത നാമങ്ങളിലൊന്നായി സർ ചേറ്റൂർ ശങ്കരൻ നായരുടെ ഓർമകൾ തുടിച്ചു നിൽപ്പുണ്ട്.
വൈദേശിക മേധാവിത്വത്തിനെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിക്കുകയും ഇന്ത്യയ്ക്ക് സ്വന്തമായി സ്വയംഭരണം വേണമെന്ന നിലപാടുയർത്തി ദേശീയ പ്രസ്ഥാനത്തെ നയിക്കുകയും ചെയ്ത മലയാളത്തിന്റെ അഭിമാനപുത്രനാണ് ചേറ്റൂർ ശങ്കരൻനായർ. മരണം വരെ കോൺഗ്രസുകാരായി ഉറച്ചു നിന്നവരെ വർഗീയ രാഷ്ട്രീയത്തിന്റെ വക്താക്കളാക്കാൻ ശ്രമിക്കുന്ന ബിജെപിയുടെ ചരിത്രത്തോടുള്ള അനീതി ചേറ്റൂരിന്റെ കാര്യത്തിലും സംഭവിക്കുന്നത് നമ്മൾ കണ്ടുകൊണ്ട് ഇരിക്കുകയാണ്.
രാജ്യത്തിന്റെ നിര്‍മ്മിതിയില്‍ ഒരു സംഭാവനയും നൽകാത്ത ബിജെപിക്കാര്‍ സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്തവരും സാമ്രജാത്യ ശക്തികള്‍ക്ക് വേണ്ടി നിലപാടെടുത്തുവരുമാണ്. അവരുടെ ഇളമുറക്കാര്‍ കടമെടുത്ത പൈതൃകം കൊണ്ട് ദേശസ്‌നേഹത്തിന്റെ കപട പ്രതിച്ഛായ സൃഷ്ടിക്കാനാണ് നോക്കുന്നത്.
ആവർത്തിച്ചാവർത്തിച്ച് നുണകൾ പ്രചരിപ്പിച്ച് ചരിത്രത്തെ കാവിവത്കരിക്കാനുള്ള കുടില നീക്കങ്ങളിൽ മലയാളികളുടെ അഭിമാനമായ സർ ചേറ്റൂർ ശങ്കരൻ നായരുടെ ഓർമകളും വലിച്ചിഴക്കുമ്പോൾ അതിനെ പ്രതിരോധിക്കാനും . സത്യമെന്തെന്ന് പുതുതലമുറയെ അറിയിക്കാനുള്ള ദൗത്യം എന്റെ പ്രിയപ്പെട്ട സഹപ്രവർത്തകർ ഏറ്റെടുക്കണമെന്ന് ഈയവസരത്തിൽ ആവശ്യപ്പെടുന്നു. പ്രിയ നേതാവിന്റെ ഓർമകൾക്ക് മുന്നിൽ പ്രണാമം അർപ്പിക്കുന്നുവെന്നും കെ സുധാകരന്‍ കൂട്ടിച്ചേർത്തു.
കെസി വേണുഗോപാല്‍
'ഇന്ത്യയുടെ ദേശീയ പോരാട്ട ഭൂമികയിലെ ഏറ്റവും പ്രധാനപ്പെട്ട ഏടാണ് ജാലിയൻ വാലാബാഗ് കൂട്ടക്കൊല. വിസ്‌മൃതിയിലേക്കാണ്ട് പോകുമായിരുന്ന ഒരു കൂട്ടഹത്യ ലോകത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ പ്രയത്നിച്ച ഒരു മനുഷ്യന്റെ പേര് ഇന്ത്യയുടെ ചരിത്രത്തിൽ ഇന്നും ഒളിമങ്ങാതെ ബാക്കികിടപ്പുണ്ട്. ചേറ്റൂർ ശങ്കരൻ നായർ.' എന്നാണ് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
പട്ടാളഭരണം നിലനിൽക്കുന്ന കാലത്ത് ജാലിയൻ വാലാബാഗ് സംഭവം അറിഞ്ഞതോടെ, അത് മറവിയിലേക്ക് പോകരുതെന്ന ദൃഢനിശ്ചയത്തോടുകൂടിയായിരുന്നു ചേറ്റൂർ പിന്നീട് നടത്തിയ ഇടപെടലുകൾ. ആദ്യം വൈസ്രോയിയുടെ എക്സിക്യുട്ടീവ് കൌൺസിൽ അംഗത്വം രാജിവെച്ചു. ചേറ്റൂരിന്റെ രാജിയെത്തുടർന്നാണ് ഹണ്ടർ കമ്മീഷനെ ബ്രിട്ടീഷ് സർക്കാർ നിയമിക്കുന്നത്. പിന്നീട്, 1922 ൽ ചേറ്റൂർ എഴുതിയ 'ഗാന്ധി ആന്റ് അനാർക്കി' എന്ന പുസ്തകത്തിൽ അന്നത്തെ പഞ്ചാബ് ലഫ്റ്റനന്റ് ഗവർണ്ണർ ഡയറിനെതിരെ വിമർശനം ഉന്നയിച്ചത് കാരണം, ഡയർ ചേറ്റൂരിനെതിരെ മാനനഷ്ടക്കേസ് നൽകി.
ലണ്ടനിലെ കിങ്സ് ബെഞ്ചിനുമുൻപിൽ നടന്ന അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റിയ വിചാരണ, അഞ്ചരയാഴ്ച നീണ്ടു. വിചാരണ കേൾക്കാൻ തടിച്ചുകൂടിയ മാധ്യമങ്ങളിലൂടെ ജാലിയൻ വാലബാഗ് എന്ന കുഴിച്ചുമൂടപ്പെട്ട സത്യം ലോകത്തിന് മുന്നിൽ തുറന്നുകാണിക്കപ്പെട്ടു. 12 അംഗങ്ങൾ ഉള്ള ജൂറിയിലെ 11 പേരുടെ പിന്തുണയോടെ ഡയർ കേസ് ജയിച്ചെങ്കിലും ജൂറി അംഗമായിരുന്ന ഹരോൾഡ് ലാസ്‌കി ചേറ്റൂരിന്റെ വാദങ്ങളെ പിന്തുണച്ചു.
ക്ഷമാപണം നടത്തിയാൽ നഷ്ടപരിഹാരത്തുക അടയ്‌ക്കേണ്ടതില്ല എന്ന ഔദാര്യം നിരസിക്കാൻ ചേറ്റൂറിന് മറ്റൊന്നും ആലോചിക്കേണ്ടി വന്നില്ല. ദേശീയ പ്രസ്ഥാനം ശക്തിയാര്‍ജ്ജിച്ചിരുന്ന ആ നാളുകളില്‍ ചേറ്റൂരിന്റെ നിലപാട് ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിനുള്ള ഇന്ധനമായിരുന്നു. മാപ്പ് പറയാൻ കൂട്ടാക്കാത്ത ചരിത്രമുള്ള ചേറ്റൂരിനെക്കുറിച്ചാണ് പറയുന്നത്, ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ദീർഘകാല ചരിത്രത്തിൽ അധ്യക്ഷപദം അലങ്കരിച്ച ഏക മലയാളിയെക്കുറിച്ചെന്നും അദ്ദേഹം കുറിക്കുന്നു.
രാജ്യം കണ്ടതിൽ വെച്ചേറ്റവും ശക്തനായ പരിഷകരണ വാദികളിൽ ഒരാൾക്കൂടിയായിരുന്നു ചേറ്റൂർ. സ്ത്രീ സമത്വം, ജാതിവ്യവസ്ഥ നിർത്തലാക്കൽ, പൊതുവിവാഹ നിയമം, പിന്നാക്കം നിൽക്കുന്നവർക്ക് നിർബന്ധിതവും സൗജന്യവുമായ പ്രാഥമിക വിദ്യാഭ്യാസം, ശാസ്ത്രത്തിൽ ഉന്നത വിദ്യാഭ്യാസം എന്നിവയ്ക്കും അദ്ദേഹം പ്രാധാന്യം നൽകി. 1897-ൽ അമരാവതിയിൽ കൂടിയ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സമ്മേളനത്തിൽ ശങ്കരൻ നായർ അധ്യക്ഷപദം വഹിക്കാൻ ഐകകണ്ഠ്യേന അദ്ദേഹം തിരഞ്ഞെടുക്കപ്പെടുമ്പോൾ, അവിടെ എഴുതിച്ചേർക്കപ്പെട്ടത് ഒരു ചരിത്രം കൂടിയായിരുന്നു. അന്നുമിന്നും തിരുത്തപ്പെടാത്ത, കോൺഗ്രസ്സിന്റെ ഏറ്റവും പ്രായം കുറഞ്ഞ അധ്യക്ഷൻ എന്ന ചരിത്രം.
സ്വാതന്ത്ര്യസമര സേനാനിയെന്ന നിലയിൽ, സ്വാതന്ത്രത്തിനായുള്ള ഇന്ത്യയുടെ അവകാശത്തിൽ അദ്ദേഹം ഉറച്ചു വിശ്വസിച്ചു. 1919 ൽ, മൊണ്ടാഗു-ചെൽസ്ഫോർഡ് പരിഷ്കാരങ്ങളിലെ വ്യവസ്ഥകൾ വിപുലീകരിക്കുന്നതിൽ അദ്ദേഹം പ്രധാന പങ്ക് വഹിച്ചു. ഇത് പ്രവിശ്യകളിൽ രാജഭരണ സമ്പ്രദായം അവതരിപ്പിക്കുകയും ഭരണത്തിൽ ഇന്ത്യക്കാരുടെ പങ്കാളിത്തം വർദ്ധിപ്പിക്കുകയും ചെയ്തു. മതവും രാഷ്ട്രീയവും കൂട്ടിക്കലർത്തുന്നതിനും വാക്കുകളിലും പ്രവൃത്തികളിലും തീവ്രവാദം കലർത്തുന്നതിനും അദ്ദേഹം എതിരായിരുന്നു. എല്ലാറ്റിനുമുപരി ഒരു ഭരണഘടനാവാദിയായിരുന്ന ചേറ്റൂർ, ഭരണഘടനാ പ്രക്ഷോഭത്തിലും സാമൂഹിക പരിഷ്കാരങ്ങളിലും മാത്രമേ വിശ്വസിച്ചിരുന്നുള്ളൂ.
ചേറ്റൂരിന്റെ ജീവിതം കണ്ട് ഇക്കാലത്ത് രാഷ്ട്രീയ ലക്ഷ്യങ്ങൾ നെയ്തെടുക്കുന്നവരോടാണ് പറയാനുള്ളത്. അടിമുടി കോൺഗ്രസായിരുന്നു ചേറ്റൂർ. സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്ത് ബ്രിട്ടീഷുകാരുടെ മുന്നിൽ മാപ്പിരന്നവരുടെ പൂർവീകരിൽ ഒരാൾക്ക് പോലുമില്ലാത്ത ചരിത്രം ചേറ്റൂരിലുണ്ടാകുന്നത് ചിലപ്പോൾ നിങ്ങളെ ഭ്രമിപ്പിച്ചേക്കാം. പക്ഷേ, ഒരു കാര്യമോർക്കണം, ചേറ്റൂരിനെപ്പോലുള്ള നേതാക്കളെ ഏറ്റെടുക്കാൻ വേണ്ടി തയ്യാറാക്കുന്ന തിരക്കഥകൾക്ക് മായ്ക്കാൻ കഴിയുന്നതല്ല, നിങ്ങളുടെ ഒറ്റിന്റെയും വഞ്ചനയുടെയും ചരിത്രമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications