മുഖ്യമന്ത്രി പിണറായി വിജയനും രണ്ട് മന്ത്രിമാരും യൂറോപ്പിലേക്ക് പുറപ്പെട്ടു: മടക്കം ഈ മാസം 12 ന്
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരുമടങ്ങുന്ന സംഘം യൂറോപ്പിലേക്ക് പുറപ്പെട്ടു. പുലർച്ചെ 3.55നുള്ള വിമാനത്തിൽ കൊച്ചിയില്‍ നിന്ന് പുറപ്പെട്ട സംഘം നോർവേയിലാണ് ആദ്യം എത്തുക. ഇന്ത്യന്‍ സമയം വൈകീട്ട് ആറ് മണിയോടെ സംഘം അവിടെ എത്തും. വാണിജ്യ-വ്യവസായ വകുപ്പ് മന്ത്രി പി രാജീവും കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാനം മുഖ്യമന്ത്രിക്കൊപ്പമുണ്ട്.
നോർവേയ്ക്ക് പിന്നാലെ യുകെ, ഫിൻലൻഡ് എന്നീ രാജ്യങ്ങളും സന്ദർശിക്കും. വിദ്യാഭ്യാസം, ആരോഗ്യം, ടൂറിസം തുടങ്ങിയ മേഖലകളിലെ മാതൃകകൾ പഠിക്കുകയാണ് യാത്രയുടെ ലക്ഷ്യം.

രണ്ട് ദിവസം മുന്നെ നിശ്ചയിച്ചിരുന്ന യാത്രയായിരുന്നെങ്കിലും സി പി എം നേതാവും മുന്‍ ആഭ്യന്തരമന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തെത്തുടർന്ന് യാത്ര മാറ്റിവെക്കുകയായിരുന്നു. അതേസമയം നേരേത്തെ നിശ്ചയിച്ചത് പ്രകാരം ഈ മാസം 12 ന് തന്നെ യാത്രപൂർത്തിയാക്കി മുഖ്യമന്ത്രിയും മന്ത്രിമാരും നാട്ടിലേക്ക് മടങ്ങും.

കേരളത്തില്‍ ഗ്രാഫീന്‍ പാര്‍ക്ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് യുകെയിലെ സര്‍വകലാശാലകള്‍ സന്ദര്‍ശിച്ചു ധാരണാപത്രം ഒപ്പുവെയ്ക്കും. ബ്രിട്ടൻ സന്ദർശന വേളയില്‍ ആരോഗ്യ മന്ത്രി വീണ ജോർജാകും മുഖ്യമന്ത്രി പിണറായി വിജയന് ഒപ്പം ചേരുന്ന രീതിയിലായിരുന്നു നേരത്തെ യാത്ര പ്ലാന്‍ ചെയ്തിരുന്നത്.

ഫിൻലാൻഡ് വിദ്യാഭ്യാസമന്ത്രി ലീ ആൻഡേഴ്‌സണ്‍ മുഖ്യമന്ത്രിയെ ക്ഷണിച്ചിരുന്നു. ലണ്ടനിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ലോക കേരളസഭയുടെ പ്രാദേശിക യോഗം വിളിച്ചു ചേര്‍ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി ഇന്ത്യൻ എംബസി മുഖേനെ 7 ലക്ഷം രൂപ ചെലവിട്ട് വീഡിയോ കാമറ സംഘത്തെ നിയോഗിച്ചതിനെതിരെ നേരത്തേ പ്രതിപക്ഷം രംഗത്ത് വന്നിരുന്നു. അതേസമയം 13 ന് നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ ഓണ്‍ലൈനായി മുഖ്യമന്ത്രി പങ്കെടുക്കും.

വിദേശ യാത്രയെ വിമിർശിച്ച് പ്രതിപക്ഷം രംഗത്ത് എത്തിയപ്പോള്‍ മുഖ്യമന്ത്രി തന്നെ ഇതിന് നേരിട്ട് മറുപടിയുമായി രംഗത്ത് എത്തിയിരുന്നു. ന്ത്രിമാര്‍ വിദേശയാത്ര നടത്തിയാല്‍ ഉണ്ടാകുന്ന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ദീർഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികൾക്ക് സാഹചര്യവും സാധ്യതയും ഒരുക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വിശദീകരിച്ചു.

1990 ല്‍ അന്നത്തെ മുഖ്യമന്ത്രി ഇ കെ നായനാരും വ്യവസായ മന്ത്രി കെ ആര്‍ ഗൗരിയമ്മയും അമേരിക്കയിലെ ഐടി ഹബ്ബ് ആയ സിലിക്കണ്‍ വാലിയും സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയും സന്ദര്‍ശിച്ചിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായാണ് കേരളത്തില്‍ ഒരു ടെക്നോപാര്‍ക്ക് എന്ന ആശയം രൂപപ്പെട്ടതും രാജ്യത്തെ തന്നെ ആദ്യ ഐടി പാര്‍ക്കായി തിരുവനന്തപുരം മാറിയതെന്നും അദ്ദേഹം അവകാശപ്പെട്ടു.












Click it and Unblock the Notifications