സ്വപ്ന സുരേഷിന്റെ ഓഡിയോക്ക് പിന്നിൽ മുഖ്യമന്ത്രിയുടെ ആളുകൾ;ഡിജിപി മറുപടി പറയണമെന്നും സുരേന്ദ്രൻ
തിരുവനന്തപുരം; സ്വപ്ന സുരേഷിൻ്റെ ഓഡിയോ പുറത്തിറക്കിയതിന് പിന്നിൽ മുഖ്യമന്ത്രിയുടെ ആളുകളാണെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ. എങ്ങനെയാണ് ജയിലിൽ നിന്ന് സ്വപ്നയ്ക്ക് ഓഡിയോ ഇറക്കാനായതെന്ന് ജയിൽ ഡി.ജി.പി വ്യക്തമാക്കണമെന്നും തിരുവനന്തപുരം എൻ.ഡി.എ കോർപ്പറേഷൻ ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ സുരേന്ദ്രൻ പറഞ്ഞു. ഒളിവിൽ കഴിയുമ്പോഴും സ്വപ്നയുടെ ശബ്ദരേഖ വന്നിരുന്നു. അതിലും മുഖ്യമന്ത്രിയെ ന്യായീകരിക്കുകയും തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമാണ് തന്നെ പ്രതിയാക്കിയതെന്നും സ്വപ്ന പറഞ്ഞിരുന്നുവെന്നും സുരേന്ദ്രൻ ആരോപിച്ചു.

ആരൊക്കെ സ്വപ്നയെ കണ്ടു.?
ഇലക്ട്രോണിക് ഉപകരണങ്ങൾ എങ്ങനെയാണ് ജയിലിൽ ഉപയോഗിക്കാൻ കഴിയുന്നത്?ആരൊക്കെ സ്വപ്നയെ കണ്ടു.? എഡിറ്റ് ചെയ്യാത്ത സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവിടുമോ? എന്നും കെ.സുരേന്ദ്രൻ ഡി.ജി.പിയോട് ചോദിച്ചു.
സ്വപ്നയുമായി മുഖ്യമന്ത്രിക്കും ധനകാര്യ മന്ത്രിക്കും അടുത്ത ബന്ധമാണുള്ളത്.സെക്രട്ടറിയേറ്റിലെ തീപ്പിടുത്തം യാദൃശ്ചികമല്ലെന്ന് ബി.ജെ.പി നേരത്തെ തന്നെ പറഞ്ഞിരുന്നു.

ഫയലുകൾ തന്നെ കത്തിച്ചത്
പൂർണ്ണമായ ഫോറൻസിക് ഫലം വന്നപ്പോൾ സത്യം തെളിഞ്ഞു. ഫോറൻസിക് ഫലം അവഗണിച്ച സംസ്ഥാന പൊലീസ് ആനിമേഷൻ വീഡിയോ ഇറക്കി നാട്ടുകാരെ പറ്റിച്ചു. സംഭവം നടന്ന സ്ഥലത്ത് നിന്നും കിട്ടിയ രണ്ട് മദ്യ കുപ്പികൾ അവിടെ ചിലർ താമസിച്ചതിനുള്ള തെളിവാണ്. സി.പി.എം നേതാക്കളാണ് ഇതിൻ്റെ പിന്നിൽ. സ്വപ്നയും ശിവശങ്കരനും വിദേശത്ത് പോയതിൻ്റെ തെളിവുകളുള്ളതു കൊണ്ടാണ് പ്രോട്ടോകോൾ വിഭാഗത്തിലെ ഫയലുകൾ തന്നെ കത്തിച്ചത്.

യു.ഡി.എഫ് നേതാക്കൾക്കെതിരെ
തദ്ദേശ തിരഞ്ഞെടുപ്പിൽ കേരളത്തിലെ രാഷ്ട്രീയ സമവാക്യങ്ങൾ മാറുമെന്നും രണ്ട് മുന്നണികളും തകർന്ന് തരിപ്പണമാവും.അഴിമതിയുടെ കാണാക്കയത്തിലേക്ക് മുഖ്യമന്ത്രിയും ഒഫീസും മന്ത്രിമാരും പതിച്ചു കഴിഞ്ഞു. മുൻമന്ത്രിയും എം.എൽ.എയും ജയിലിലായതോടെ യുഡിഎഫും അതേ പാതയിലാണ്. ജനങ്ങളുടെ നികുതിപ്പണം കൊള്ളചെയ്യുന്നു.

ധൈര്യമുണ്ടോയെന്ന്
അഴിമതിക്കെതിരായ ആദർശബോധമല്ല കേന്ദ്ര ഏജൻസികളുടെ സാന്നിധ്യമാണ് പിണറായി വിജയനെ കൊണ്ട് യു.ഡി.എഫ് നേതാക്കൾക്കെതിരെ നടപടിയെടുപ്പിക്കുന്നത്. തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്രസർക്കാർ നയത്തിനെതിരെ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ പ്രചരണം നടത്താൻ യു.ഡി.എഫിനും എൽ.ഡി.എഫിനും ധൈര്യമുണ്ടോയെന്ന് സുരേന്ദ്രൻ ചോദിച്ചു.

ബിജെപി ലക്ഷ്യം
വിമാനത്താവള വികസനം ഉൾപ്പെടെ തിരുവനന്തപുരത്തെ അന്താരാഷ്ട്ര നിലവാരമുള്ള നഗരമാക്കി മാറ്റുകയാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഒ.രാജഗോപാൽ എം.എൽ.എ, ജില്ലാപ്രസിഡൻ്റ് വി.വി രാജേഷ്, സംസ്ഥാന ജനറൽ സെക്രട്ടറി പി.സുധീർ, വൈസ് പ്രസിഡൻ്റ് വി.ടി രമ, മുതിർന്ന നേതാവ് കെ.രാമൻപിള്ള, പ്രശസ്ത സിനിമാതാരം കൃഷ്ണകുമാർ, ബി.ഡി.ജെ.എസ് ജില്ലാപ്രസിഡൻ്റ് എസ്.ആർ.എം അജി, എസ് സന്തോഷ്, അരുൺ തുടങ്ങിയവർ സംസാരിച്ചു.