മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ
ദേശീയപാത ഉദ്ഘാടന പരിപാടിയിൽ മുൻ മന്ത്രി എന്ന നിലയിലാണ് താൻ പങ്കെടുക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. മന്ത്രി മുഹമ്മദ് റിയാസിനെ ക്ഷണിച്ചില്ലെന്നതൊക്കെ അനാവശ്യ വിവാദമാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കേണ്ട കാര്യമുണ്ടെന്ന് കരുതുന്നില്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
'രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമായി വിവാദം സൃഷ്ടിക്കാൻ നോക്കുകയാണ്. വിഴിഞ്ഞത്ത് ഞാൻ മുൻ മന്ത്രി എന്ന നിലയിൽ ഇരുന്നപ്പോൾ അൽപ്പത്തരം എന്ന് പറഞ്ഞ് നടന്ന ആളാണ് റിയാസ്. ഇവർക്ക് വിവാദമല്ലാതെ മറ്റൊന്നും പറയാനില്ല. അടുത്ത 30 ദിവസം വിവാദം മാത്രം ചെയ്യാൻ പോകുന്ന രാഷ്ട്രീയക്കാരാണ് ഈ കോൺഗ്രസും സിപിഎമ്മും. ഇതല്ലെങ്കിൽ വേറെ എന്തെങ്കിലും പിടിക്കും. അതല്ലെങ്കിൽ മൂന്നാമത്തെ കാര്യം പിടിക്കും .വിവാദ രാഷ്ട്രയം മുൻപോട്ട് വെക്കും.

ദേശീയപാതയുടെ ഉദ്ഘാടനത്തിന് മുൻ മന്ത്രി എന്ന നിലയിലാണ് ഞാൻ പങ്കെടുക്കുന്നത്. അവർക്ക് സന്തോഷമില്ലെങ്കിൽ സങ്കടപെടട്ട, പ്രശ്നമന്നുമില്ല. മുൻമന്ത്രിയായിട്ട് എന്നെ വിളിക്കുന്നു, ഞാൻ പോകുന്നു. ഞാൻ അങ്ങനെയാണ് കാണുന്നത് . മുഖ്യമന്ത്രിയാണ് ഹെഡ് ഓഫ് സ്റ്റേറ്റ് .മുഖ്യമന്ത്രിയെ ക്ഷണിച്ചു ,മുഖ്യമന്ത്രി വരുന്നു, ഇനിയിപ്പോൾ മുഖ്യമന്ത്രി തീരുമാനിച്ചാൽ എന്റെ ഒപ്പം നാലുപേര് വരണം, ഇന്ന മന്ത്രി , സെക്രട്ടറി വരണം എന്ന് അദ്ദേഹത്തിന് ഒരു നിർബന്ധം ഉണ്ടെങ്കിൽ എഴുത്തുണ്ടല്ലോ, ടൈപ്പ് റൈറ്റർ ഉണ്ടല്ലോ, മെയിൽ ഉണ്ടല്ലോ ഇമെയിൽ ഉണ്ടല്ലോ, അതെല്ലാം അയക്കാൻ അദ്ദേഹത്തിന് അവസരം ഉണ്ടായിരുന്നു,ചെയ്തില്ല.
ഇപ്പോഴത്തെ വിവാദം 100ശതമാനം പ്ലാൻ ചെയ്ത ഒരു തന്ത്രമാണ്. എങ്ങനെയെങ്കിലും ഈ പരിപാടി നിന്ന് ശ്രദ്ധ തിരിക്കണം. ഇവിടെ നടക്കുന്ന കാര്യങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ച് ഈ വിവാദം ജനങ്ങളുടെ മനസ്സിലേക്ക് കൊണ്ടുപോകണം എന്നാണ് അവരുടെ ആഗ്രഹം. പക്ഷെ അത് ഞങ്ങൾ സമ്മതിക്കില്ല. നിങ്ങൾക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കണമെങ്കിൽ നിങ്ങൾ എന്തൊക്കെ ജനങ്ങൾക്ക് വേണ്ടി ഈ 10 കൊല്ലം ചെയ്തു എന്ന് പറയാൻ ധൈര്യം ഉണ്ടാകണം. അത് പറയാൻ ധൈര്യം ഉണ്ടാവണം, കരുത്ത ഉണ്ടാവണം', രാജീവ് ചന്ദ്രശേഖർ മാധ്യമങ്ങളോട് പ്രതികരിച്ചു.
ദേശീയപാത തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ചുകളുടെ ഔദ്യോഗിക ഉദ്ഘാടന പരിപാടിയിലാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ ക്ഷണിക്കാതിരുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്. പരിപാടിയുടെ നോട്ടീസിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ എം.ബി. രാജേഷ്, കെ കൃഷ്ണൻകുട്ടി എന്നിവരുടെ പേരുകൾ ഉണ്ട്. എന്നാൽ ഇവരാരും തന്നെ പരിപാടിയിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചു.












Click it and Unblock the Notifications