മുഖ്യമന്ത്രി സ്വന്തം നാക്ക് ബിജെപിക്ക് വാടകയ്ക്ക് കൊടുത്തു'; വിമർശിച്ച് കെസി വേണുഗോപാൽ
മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി കെസി വേണുഗോപാൽ. നാക്ക് ആർക്കും വാടകയ്ക്ക് കൊടുക്കരുതെന്ന് മുൻപ് പറഞ്ഞ മുഖ്യമന്ത്രി, ഇപ്പോൾ സ്വന്തം നാക്ക് ബി ജെ പിക്ക് വാടകയ്ക്ക് നൽകിയിരിക്കുകയാണെന്ന് കെസി വേണുഗോപാൽ. പറഞ്ഞു. ബി ജെ പി രാജ്യത്തൊട്ടാകെ ചെയ്യുന്ന അതേ കാര്യങ്ങൾ ഏറ്റെടുത്ത്, അവരുടെ വ്യക്തമായ ക്വട്ടേഷനുമായാണ് മുഖ്യമന്ത്രി ഇപ്പോൾ പ്രിയപ്പെട്ട നേതാവ് രാഹുൽ ഗാന്ധിയെ ലക്ഷ്യം വെച്ച് തുടർച്ചയായി ആക്രമിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.
' സ്വന്തം കുടുംബത്തെയും ബന്ധുക്കളെയും കേസുകളിൽ നിന്ന് രക്ഷിക്കാൻ വേണ്ടി യാതൊരു ഡീലും ഇല്ലാതെ മുന്നോട്ട് പോകാൻ കഴിയാത്ത മുഖ്യമന്ത്രി, നരേന്ദ്ര മോദിയുടെ മുന്നിൽ സാഷ്ടാംഗം പ്രണമിക്കുകയാണ്. സ്വന്തം വ്യക്തിതാൽപര്യങ്ങൾക്ക് വേണ്ടി കേരളത്തിന്റെയും പാർട്ടിയുടെയും താല്പര്യങ്ങളെയും, മുഴുവൻ കമ്മ്യൂണിസ്റ്റ് ആശയങ്ങളെയും അടിയറവച്ച അദ്ദേഹത്തിന്റെ നിലപാടുകൾ കാരണമാണ് ആ പാർട്ടിയിൽ നിന്ന് പോലും വലിയ കൊഴിഞ്ഞുപോക്ക് ഇപ്പോൾ ഉണ്ടാകുന്നത്. ബി ജെ പിക്കെതിരെ സന്ധിയില്ലാ സമരം നയിക്കുന്ന രാഹുൽ ഗാന്ധിയെ ബി ജെ പിയുടെ ബി ടീം എന്ന് വിളിക്കുന്ന മുഖ്യമന്ത്രിയുടെ ആ വലിയ തമാശ കേട്ട് ഇന്ത്യയും കേരളവും ഒന്നടങ്കം ചിരിക്കുകയാണ്. തിരഞ്ഞെടുപ്പിൽ തോൽവി ഉറപ്പായപ്പോഴുള്ള സമനില തെറ്റലിൽ നിന്നും, ബി ജെ പിയുടെ മുന്നിൽ പൂർണ്ണമായി അടിയറവ് പറയുന്നതിൽ നിന്നുമാണ് അദ്ദേഹം ഇത്തരം കാര്യങ്ങൾ വിളിച്ചുപറയുന്നത്.

സ്വന്തം വ്യക്തിതാൽപര്യങ്ങൾക്ക് വേണ്ടി സി പി എമ്മും ബി ജെ പിയും തമ്മിലുണ്ടാക്കിയ ഇത്തരം രഹസ്യ ഡീലുകളും ഇതിന് പിന്നിലെ അന്തർധാരകളും ഇന്നത്തെ അവരുടെ സ്ഥാനാർത്ഥി പട്ടിക നോക്കിയാൽ തന്നെ ജനങ്ങൾക്ക് വളരെ വ്യക്തമായി മനസ്സിലാകും. എന്നാൽ ഈ ദുർഭരണത്തിനെതിരെ നാട് വലിയൊരു മാറ്റത്തിനായി ദാഹിക്കുകയാണ്. സംസ്ഥാനത്ത് മെല്ലെ വീശിത്തുടങ്ങിയ ഒരു ചെറിയ കാറ്റ് ഇപ്പോൾ യു ഡി എഫിന് അനുകൂലമായ വലിയൊരു ജനകീയ തരംഗമായി ആഞ്ഞടിക്കുകയാണ്. പത്തനംതിട്ടയിലും അടൂരിലും ഉൾപ്പെടെ കേരളമൊട്ടാകെ ഈ തിരഞ്ഞെടുപ്പിൽ ജനങ്ങളുടെ പൂർണ്ണ പിന്തുണയോടെ ഐക്യജനാധിപത്യ മുന്നണി വൻ വിജയം നേടുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications