കുടുംബവുമായി വിദേശ യാത്ര നടത്താനുള്ള ആസ്തിയൊക്കെ മുഖ്യമന്ത്രിക്കുണ്ട്; മന്ത്രി ശിവൻകുട്ടി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ യാത്രയുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളില്‍ പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സ്വന്തം കൈയ്യിൽ നിന്നും കാശുമുടക്കി മുഖ്യമന്ത്രി യാത്ര പോകുന്നതിൽ എന്താണ് തെറ്റെന്നും സി പി എമ്മുകാർക്ക് മാത്രം ഇതൊന്നും പാടില്ലെന്നുള്ള ചിന്താഗതി മാറ്റണമെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധി ആരോടും പറയാതെ വിദേശത്ത് പോയിട്ടില്ലേയെന്നും അദ്ദേഹം ചോദിച്ചു.
'രാഷ്ട്രീയ രംഗത്തുള്ളവർ വ്യക്തിപരമായ ആവശ്യങ്ങൾക്കായി കുടുംബത്തോടൊപ്പം വിദേശയാത്ര പോകാറുണ്ട്, അവരുടെ സ്വന്തം ചിലവിൽ. ഭാരതയാത്ര കഴിഞ്ഞ ശേഷം രാഹുൽ ഗാന്ധി ആരോടും പറയാതെ കുറച്ചുനാൾ വിദേശത്തായിരുന്നു. അന്ന് ആർക്കും യാതൊരു പ്രശ്നവുമില്ല. സിപിഎമ്മുകാർക്ക് മാത്രം സ്വന്തം കാശ് മുടക്കി വിദേശ യാത്ര പോകാൻ പാടില്ലേ? ഇത്തരം ചർച്ചകൾ ഒട്ടും ശരിയല്ല.

ചുമതല കൈമാറേണ്ട കാര്യമില്ല. വിദേശയാത്രക്ക് പോകുമ്പോൾ ഫയലുകൾ പരിശോധിക്കാൻ അത്യാധുനിക സംവിധാനങ്ങളൊക്കെ ഉണ്ടല്ലോ. മന്ത്രിസഭ യോഗം നീട്ടിവെച്ചത് ഒന്നോ രണ്ടോ അജണ്ടകൾ മാത്രം ഉണ്ടായിരുന്നത് കൊണ്ടാണ്. മുഖ്യമന്ത്രിയുടെ യാത്രയുടെ സ്പോൺ ആരാണെന്നൊക്കെ പ്രതിപക്ഷം ചോദിക്കുന്നത് തന്നെ ശരിയായ രീതിയല്ല . കുടുംബ സമേതം വിദേശയാത്ര പോകാനുള്ള ആസ്തിയൊക്കെ മുഖ്യമന്ത്രിയ്ക്കുണ്ട്. അക്കാര്യത്തിൽ ഒരു സംശയവും വേണ്ട', ശിവൻകുട്ടി പറഞ്ഞു.
ഖജനാവിൽ നിന്നെടുത്ത പണം കൊണ്ടാണോ വിദേശയാത്രയെന്ന ചോദ്യത്തിന്. ഇത് വെള്ളരിക്കാപ്പട്ടണമൊന്നുമല്ലെന്നും ഇക്കാര്യത്തിലെ മാധ്യമങ്ങളുടെ ഉത്കണ്ഠ മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു. ആവശ്യമില്ലാത്ത കാര്യങ്ങൾ ചോദിക്കേണ്ട കാര്യമില്ലെന്നും ശിവൻകുട്ടി പ്രതികരിച്ചു.
മെയ് 6 നാണ് മുഖ്യമന്ത്രി കുടുംബ സമേതം വിദേശ യാത്രയ്ക്കായി പുറപ്പെട്ടത്. ഇന്തോനേഷ്യയിലേക്കാണ് ആദ്യം യാത്ര. ഈ മാസം 12 വരെ അദ്ദേഹം ഇന്തോനേഷ്യയിൽ തുടരും. 12 മുതൽ 18 വരെയുള്ള ആറ് ദിവസങ്ങളിൽ മുഖ്യമന്ത്രിയും കുടുംബവും സിങ്കപ്പൂരിലായിരിക്കും. പിന്നീട് ഈ മാസം 19 മുതൽ 21 വരെ യുഎഇയും സന്ദര്‍ശിക്കും. അതുകഴിഞ്ഞായിരിക്കും കേരളത്തിലേക്കുള്ള മടക്കം. മുഖ്യമന്ത്രിയുടെ ഭാര്യയും മകൾ വീണയും ഭര്‍ത്താവും മന്ത്രിയുമായ മുഹമ്മദ് റിയാസും കൊച്ചുമകനും യാത്രയിൽ അദ്ദേഹത്തിനൊപ്പമുണ്ട്. വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിക്കാനുള്ള സ്വകാര്യ യാത്രയാണെന്നാണ് മുഖ്യമന്ത്രി അറിയിച്ചിരിക്കുന്നത്.
അതേസമയം യാത്രയ്ക്കെതിരെ കടുത്ത വിമർശനമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ രഹസ്യമായി വിദേശ യാത്ര നടത്തിയത് എന്തിനെന്ന് മനസിലാകുന്നില്ലെന്നും ഭരണഘടനാ സ്ഥാനത്തിരിക്കുന്നവര്‍ എന്ത് ചെയ്യുമ്പോഴും സുതാര്യത ഉറപ്പാക്കേണ്ടതുണ്ടെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ ആരാണ് നയപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നത്? പകരം ചുമതല ഒരു മന്ത്രിക്കും നല്‍കാത്തത് എന്തുകൊണ്ടാണ് തുടങ്ങിയ ചോദ്യങ്ങളും അദ്ദേഹം ഉന്നയിച്ചിരുന്നു.












Click it and Unblock the Notifications