മുഖത്ത് നോക്കാതെ മുഖ്യമന്ത്രിയും ഗവർണ്ണറും: ചായസത്കാരം കൂട്ടത്തോടെ ബഹിഷ്കരിച്ച് മന്ത്രിമാരും
തിരുവനന്തപുരം: സർക്കാരും ഗവർണ്ണറും തമ്മിലുള്ള വിയോജിപ്പിന് പരസ്യവേദിയായി പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ചടങ്ങും. കെബി ഗണേഷ് കുമാറിന്റേയും കടന്നപ്പള്ളി രാമചന്ദ്രന്റേയും സത്യപ്രതിജ്ഞ ചടങ്ങിന് പിന്നാലെ രാജ്ഭവനില്‍ ഗവര്‍ണര്‍ ഒരുക്കിയ ചായസത്കാരം മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും കൂട്ടത്തോടെ ബഹിഷ്കരിച്ചു. പുതുതായി സത്യപ്രതിജ്ഞ ചെയ്ത കെബി ഗണേഷ്കുമാര്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവരും വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രനും മാത്രമാണ് ചായസത്കാരത്തില്‍ പങ്കെടുത്തത്.
സാധാരണ ഗതിയില്‍ സത്യപ്രതിജ്ഞ കഴിഞ്ഞ് രാജ്ഭവനിലെ ചായസ്തകാരത്തില്‍ കൂടി പങ്കെടുത്താണ് മുഖ്യമന്ത്രിയും മന്ത്രിമാരും പിരിയാറുള്ളത്. എന്നാല്‍ സർക്കാരും ഗവർണ്ണറും തമ്മിലുള്ള അതൃപ്തികള്‍ കൂടുതല്‍ വ്യക്തമാക്കുന്നതായി ഇന്നത്തെ നടപടി. സത്യപ്രതിജ്ഞ വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനും പരസ്പരം മുഖം കൊടുക്കാനോ ഹസ്തദാനം ചെയ്യാനോ തയ്യാറുമായിരുന്നില്ല. ഇതിന് പിന്നാലെയാണ് ചായസത്കാരം ബഹിഷ്കരിക്കുന്ന നടപടിയും ഉണ്ടാകുന്നത്.

ആരിഫ് മുഹമ്മദ് ഖാനും പിണറായി വിജയനും വേദിയില്‍ അടുത്തടുത്തായി ആയിരുന്നു ഇരുന്നത്. എന്നാല്‍ ഒരു ഘട്ടത്തില്‍ പോലും ഇരുവരും പരസ്പരം നോക്കാന്‍ തയ്യാറായില്ല. ചടങ്ങ് പൂര്‍ത്തിയാക്കി ഉടന്‍ തന്നെ ഗവര്‍ണര്‍ മുഖ്യമന്ത്രിയെ നോക്കുക പോലും ചെയ്യാതെ മടങ്ങുകയായിരുന്നു. ഇതോടെ മുഖ്യമന്ത്രിയും രാജ് ഭവനിലെ ചായസല്‍ക്കാരത്തില്‍ പങ്കെടുക്കാതെ മടങ്ങി.
സത്യപ്രതിജ്ഞ ചടങ്ങ് മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മിലുള്ള മഞ്ഞുരുകലിനുള്ള വേദിയായി മാറുമെന്ന് നേരത്തെ കരുതിയിരുന്നു. എന്നാല്‍ നിലവിലെ സ്ഥിതിയില്‍ അത് കൂടുതല്‍ രൂക്ഷമാകുകയാണ് ചെയ്തത്. തന്റെ വാഹനത്തിനുനേരെ പ്രതിഷേധിച്ച എസ്എഫ്ഐക്കാർക്കെതിരെ നടപടിയെടുത്തില്ലെന്ന ആരോപണം കഴിഞ്ഞ ദിവസവും ഗവർണ്ണർ ഉയർത്തിയിരുന്നു.
അതേസമയം, പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റമുണ്ടായി. തുറമുഖ വകുപ്പ് മന്ത്രി വിഎന്‍ വാസവനും രജിസ്ട്രേഷന്‍, പുരാമവസ്തു, മ്യൂസിയം വകുപ്പുകള്‍ കടന്നപ്പള്ളി രാമചന്ദ്രനും നല്‍കി. നിലവില്‍ സഹകരണ വകുപ്പും വിഎന്‍ വാസവനുണ്ട്. കെബി ഗണേഷ് കുമാറിന് ഗതാഗത വകുപ്പാണ് നല്‍കിയിരിക്കുന്നത്. സജി ചെറിയാന്റെ കൈവശമുള്ള സിനിമ വകുപ്പ് കൂടി കെബി ഗണേഷ് കുമാറിന് നല്‍കണമെന്ന ആവശ്യം കേരള കോണ്‍ഗ്രസ് ബി ഉയർത്തിയിരുന്നു. എന്നാല്‍ ഇക്കാര്യം അംഗീകരിക്കാന്‍ എല്‍ ഡി എഫ് തയ്യാറായിട്ടില്ല.












Click it and Unblock the Notifications