ഇടതിന് തുടര്‍ഭരണം ഉണ്ടാകുമോ? മൂന്നാം തീയതി നല്ല നിലയ്ക്ക് തന്നെ കാണാമെന്ന് പിണറായി വിജയന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ഭരണം തന്നെയെന്ന പരോക്ഷ മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയം. കോവിഡ് അവലോകന യോഗത്തിന് ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാനത്ത് ഇടതുമുന്നണി സര്‍ക്കാരിന് തുടര്‍ഭരണമുണ്ടാകുമോ എന്ന ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍റെ മറുപടി.
തുടര്‍ഭരണം ഉണ്ടാകുമോ? അതു തന്നെയാണോ സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്ന മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യത്തിന് 'അതിനെപ്പറ്റി നമ്മള്‍ ഇപ്പോ പറഞ്ഞിട്ട്, ആരെങ്കിലും മനപ്പായസം ഉണ്ണുന്നവര്‍ക്ക് വിഷമം ഉണ്ടാക്കേണ്ടല്ലോ. അത് നമുക്ക് മൂന്നാം തീയതി നല്ല നിലയ്ക്ക് തന്നെ കാണാം.'-എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

അതേസമയം, വാക്സിന്‍ നിര്‍മ്മാതക്കാളായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് (കോവിഷീല്‍ഡ്), ഭാരത് ബയോടെക് (കോവാക്സിന്‍) എന്നീ കമ്പനികളില്‍ നിന്നായി അടുത്ത മൂന്ന് മാസത്തേയ്ക്ക് (മെയ്, ജൂണ്‍, ജുലൈ) ഒരു കോടി ഡോസ് വാക്സിന്‍ വിലകൊടുത്ത് വാങ്ങാൻ തീരുമാനിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. വാക്സിന്‍ വിലക്കുവാങ്ങുന്നതു സംബന്ധിച്ച കാര്യങ്ങള്‍ ശുപാര്‍ശ ചെയ്യാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഒരു വിദഗ്ധ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. ഈ സമിതിയുടെ ശുപാര്‍ശ അംഗീകരിച്ചാണ് ഈ തീരുമാനമെടുത്തത്.
എല്ലാവര്‍ക്കും സൗജന്യ വാക്സിന്‍ ഉറപ്പാക്കുക എന്നതാണ് സംസ്ഥാന സര്‍ക്കാരിന്‍റെ ലക്ഷ്യം. സിറം ഇന്‍സ്റ്റിട്ട്യൂട്ടില്‍ നിന്ന് 70 ലക്ഷം ഡോസ് വാക്സിന്‍ അടുത്ത മൂന്നു മാസത്തേയ്ക്ക് വാങ്ങാനാണ് തീരുമാനം. ഇതിന് 294 കോടി രൂപ ചെലവു വരും. 400 രൂപയാണ് ഒരു ഡോസിന് അവര്‍ ഈടാക്കുന്ന വില. പുറമേ അഞ്ച് ശതമാനം ജി എസ് ടി യും വരും.
ഭാരത് ബയോടെക്കില്‍ നിന്ന് അടുത്ത മൂന്നു മാസത്തേയ്ക്ക് 30 ലക്ഷം ഡോസാണ് വാങ്ങുന്നത്. ഒരു ഡോസിന് 600 രൂപാ നിരക്കില്‍ ജി.എസ്.ടി. ഉള്‍പ്പടെ 189 കോടി രൂപ ചെലവു വരും. വാക്സിന്‍റെ വില സംബന്ധിച്ച് ഹൈക്കോടതിയിലും സുപ്രീം കോടതിയിലും കേസുകള്‍ നിലവിലുണ്ട്. ഈ കേസുകളിലെ തീര്‍പ്പിന് വിധേയമായിട്ടായിരിക്കും സംസ്ഥാനം വാക്സിന്‍ വാങ്ങുന്നത്. വാക്സിന് ഓര്‍ഡര്‍ കൊടുക്കുമ്പോള്‍ ഇക്കാര്യം വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications