വീണ്ടും 'കേരള മോഡൽ'! സ്വകാര്യ ആശുപത്രികളിൽ നാലിലൊന്ന് കിടക്കകൾ കൊവിഡ് രോഗികൾക്ക് മാറ്റിവയ്ക്കണം- മുഖ്യമന്ത്രി
തിരുവനന്തപുരം: കൊവിഡ് വ്യാപനം രാജ്യത്തെ കടുത്ത പ്രതിസന്ധിലാക്കിയിരിക്കുകയാണ്. രോഗവ്യാപനത്തിന്റെ കാര്യത്തില്‍ കേരളവും അമ്പരപ്പിലാണ്. എങ്കിലും മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം ഇപ്പോഴും കടുത്ത ഭീതിയുടെ പിടിയില്‍ അല്ല.
സര്‍ക്കാര്‍ ആശുപത്രികളെ മാത്രം ആശ്രയിച്ച് ഈ പ്രതിസന്ധി മറികടക്കാന്‍ ആവില്ലെന്ന് ഉറപ്പാണ്. ഈ സാഹചര്യത്തില്‍ സ്വകാര്യ ആശുപത്രികള്‍ക്ക് ചില നിര്‍ദ്ദേശങ്ങള്‍ വച്ചിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. അതില്‍ ഭൂരിഭാഗം നിര്‍ദ്ദേശങ്ങളും സ്വകാര്യ ആശുപത്രികള്‍ അംഗീകരിച്ചിട്ടുണ്ട്. പരിശോധിക്കാം...

നാലിലൊന്ന് കിടക്കകള്‍
സ്വകാര്യ ആശുപത്രികളില്‍ 25 ശതമാനം കിടക്കകള്‍ കൊവിഡ് രോഗികള്‍ക്കായി മാറ്റിവയ്ക്കണം എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ് അസോസിയേഷനുമായി നടത്തിയ ചര്‍ച്ചയില്‍ ആണ് മുഖ്യമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടിട്ടുള്ളത്.

137 ആശുപത്രികള്‍
സര്‍ക്കാരിന്‌റെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുമായി നിലവില്‍ സഹകരിക്കുന്നത് 407 സ്വകാര്യ ആശുപത്രികള്‍ ആണ്. ഇതില്‍ 137 എണ്ണത്തില്‍ മാത്രമാണ് സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍ കൊവിഡ് ചികിത്സ ലഭിക്കുന്നത്. കൂടുതല്‍ സ്വകാര്യ ആശുപപത്രികള്‍ പദ്ധതിയുമായി സഹകരിക്കണമെന്നും സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍ ചികിത്സ നല്‍കണം എന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

ചികിത്സാ നിരക്ക്
കൊവിഡ് ചികിത്സയ്ക്ക് ഏകീകൃത നിരക്ക് എന്നതാണ് സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ക്ക് എതിര്‍പ്പുള്ള കാര്യം. ഇത് അപ്രായോഗികമാണെന്ന വാദമാണ് ഇവര്‍ ഉന്നയിക്കുന്നത്. പലരോഗികള്‍ക്കും പല ചികിത്സകള്‍ ആയിരിക്കും നല്‍കേണ്ടിവരിക എന്നും അതിന് ഒരൊറ്റ നിരക്ക് സാധ്യമല്ലെന്നും അവര്‍ വ്യക്തമാക്കുന്നുണ്ട്.

പണം ലഭിക്കും, പേടിക്കണ്ട
കാരുണ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തുമ്പോള്‍ ചികിത്സയ്ക്ക് ചെലവാകുന്ന പണം കിട്ടുമോ എന്ന ആശങ്ക സ്വകാര്യ ആശുപത്രികള്‍ക്ക് വേണ്ടെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കുന്നുണ്ട്. സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി, ചികിത്സയ്ക്ക് ചെലവായ പണം 15 ദിവസത്തിനുള്ളില്‍ നല്‍കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ആംബുലന്‍സുകള്‍
രോഗവ്യാപനം ഇനിയും കൂടിയാല്‍ ഉണ്ടാകാന്‍ സാധ്യതയുള്ളത് ആംബുലന്‍സുകളുടെ ലഭ്യതകുറവായിരിക്കും. ഇക്കാര്യത്തിലും സ്വകാര്യ ആശുപത്രികളുടെ സഹായം തേടിയിട്ടുണ്ട് സര്‍ക്കാര്‍. ഇക്കാര്യത്തില്‍ കൃത്യമായ ഏകോപനത്തിനായി സര്‍ക്കാരിന് കീഴിലുള്ള 108 ആംബുലന്‍സ് സര്‍വ്വീസുകമായി സഹകരിക്കണം എന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

എല്ലാത്തിനും തയ്യാര്‍, നിരക്കില്‍ ഒഴികെ
കൊവിഡ് രോഗികള്‍ക്കായി 25 ശതമാനം കിടക്കകള്‍ ഒരുക്കുന്നതിനും മറ്റ് കാര്യങ്ങള്‍ക്കും എല്ലാം തയ്യാറാണെന്ന് സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ് അസോസിയേഷന്‍ അറിയിച്ചിട്ടുണ്ട്. ഏകീകൃത ചികിത്സാനിരക്കില്‍ മാത്രമാണ് എതിര്‍പ്പുള്ളത്. ആശുപത്രികളുടെ നിലവാരവും നല്‍കുന്ന ചികിത്സയും അനുസരിച്ച് ഇത് മാറുമെന്നാണ് അവരുടെ നിലപാട്.

പരാതിയുണ്ടെങ്കില്‍
ചികിത്സാനിരക്ക് സംബന്ധിച്ച് പരാതികള്‍ ഉയരുകയാണെങ്കില്‍ അത് പരിഹരിക്കാന്‍ ഒരു സംവിധാനം ഉണ്ടാക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്. ജില്ലാ കളക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രതിനിധികള്‍ എന്നിവരെ ഉള്‍പ്പെടുത്തി ഒരു സമിതി രൂപീകരിക്കാവുന്നതാണ് എന്നും ഇവര്‍ പറയുന്നു.

എല്ലാവരും ഒരുമിച്ചാല്‍
എന്തായാലും, സര്‍ക്കാരിനൊപ്പം സ്വകാര്യമേഖല കൂടി കൈകോര്‍ത്താല്‍ മാത്രമേ ഈ പ്രതിസന്ധിയില്‍ നിന്ന് കരകയറുവാന്‍ സാധിക്കൂ എന്നത് ഉറപ്പാണ്. നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഈ ഏകോപനം സാധ്യമാണെന്ന് തന്നെയാണ് റിപ്പോര്‍ട്ടുകള്‍. ഓക്‌സിജന്‍ ക്ഷാമത്തില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ പെടാപ്പാട് പെടുമ്പോള്‍ അയല്‍ സംസ്ഥാനങ്ങളിലേക്ക് ഓക്‌സിജന്‍ നല്‍കാന്‍ മാത്രം സുരക്ഷിതമാണ് ഇപ്പോള്‍ കേരളം.












Click it and Unblock the Notifications