മുഖ്യമന്ത്രിയുടെ കൊവിഡ് പ്രതിദിന വാര്‍ത്താസമ്മേളനം ഉപേക്ഷിക്കുന്നു, കാരണം ഇതാണ്...!!!
തിരുവനന്തപുരം: കൊവിഡ് മഹാമാരിയെ തുടര്‍ന്ന് കഴിഞ്ഞ രണ്ടര മാസത്തിലേറെയായി മുഖ്യമന്ത്രി പിണറായി വിജയന് തിരുവനന്തപുരത്ത് നിന്ന് നടത്തിയ പ്രതിദിന വാര്‍ത്താസമ്മേളനം ഇനി അതേപടി ഉണ്ടാവില്ല. കാര്യമായ പ്രഖ്യാപനങ്ങളോ അതല്ലെങ്കില്‍ ഇടവിട്ടുള്ള ദിവസങ്ങളിലോ മന്ത്രിസഭ യോഗം നടക്കുന്ന ബുധനാഴ്ചകളിലോ മാത്രം പത്രസമ്മേളനം മതിയെന്ന നിര്‍ദ്ദേശമാണ് ഇപ്പോൾ ഉയരുന്നത്.
നേരത്തെ കൊവിഡ് നിയന്ത്രണവിധേയമായതിന് പിന്നാലെ വാര്‍ത്താസമ്മേളനം ഉപേക്ഷിച്ചിരുന്നു. എന്നാല്‍ അത് വീണ്ടും പുനരാരംഭിക്കുകയായിരുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനം നടത്തിയിരുന്നില്ല. എന്നാല്‍ നേരത്തെ പത്രസമ്മേളം ഉപേക്ഷിച്ചത് സ്പ്രിംക്ലര്‍ അടക്കമുള്ള വിവാദ വിഷയങ്ങളില്‍ ഒളിച്ചോടാനുള്ള നീക്കമാണെന്നാണ് പ്രതിപക്ഷം ആരോപിച്ചത്. എന്നാല്‍ പ്രവാസി മലയാളികള്‍ അടക്കമുള്ളവര്‍ സമ്മര്‍ദ്ദം ചെലുത്തിയ സാഹചര്യത്തിലാണ് വാര്‍ത്താസമ്മേളനം പുനരാരംഭിച്ചതാണെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നല്കുന്ന വിശദീകരണം.
അതേസമയം, പ്രവാസികളുടെ വരവ് തുടങ്ങിയതിനാല്‍ ജൂലായ് പകുതിവരെ രോഗവ്യാപനതോത് ജൂലായ് പകുതിവരെ ഉയരുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്. ലോക്ക് ഡൗണ്‍ ഇളവുകള്‍ നിലവില്‍ വരികയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ നടപടികള്‍ സ്വീകരിച്ച സാഹചര്യത്തില്‍ പത്ര സമ്മേളനത്തിന് പ്രസക്തിയില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നല്കുന്ന വിശദീകരണം.
അതേസമയം, കേരളത്തില്‍ ഇന്നലെ 91 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. പാലക്കാട് ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 11 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും, പത്തനംതിട്ട, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 7 പേര്‍ക്ക് വീതവും, തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളില്‍ നിന്നുള്ള 6 പേര്‍ക്ക് വീതവും, കൊല്ലം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും, എറണാകുളം ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
ഇതില്‍ 53 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും (യു.എ.ഇ. -30, കുവൈറ്റ് -10, താജിക്കിസ്ഥാന്‍- 4, നൈജീരിയ-4, റഷ്യ-3, സൗദി അറേബ്യ-2) 27 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര-14, തമിഴ്നാട്-5, ഡല്‍ഹി-5, കര്‍ണാടക-2, ആന്ധ്രാപ്രദേശ്-1) വന്നതാണ്. 10 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. പാലക്കാട് ജില്ലയിലെ 4 പേര്‍ക്കും തൃശൂര്‍ ജില്ലയിലെ 3 പേര്‍ക്കും മലപ്പുറം ജില്ലയിലെ 2 പേര്‍ക്കും കണ്ണൂര്‍ ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും രോഗം ബാധിച്ചു.