മുഖ്യമന്ത്രിക്ക് പനി: 27 വരെയുള്ള ഔദ്യോഗിക പരിപാടികള്‍ മാറ്റിവെച്ചു
തിരുവനന്തപുരം: പനിയെ തുടര്‍ന്ന് വിശ്രമിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ഈ മാസം 27 വരെയുള്ള ഔദ്യോഗിക പരിപാടികള്‍ മാറ്റിവെച്ചു. വിദേശപര്യടനം കഴിഞ്ഞെത്തിയ മുഖ്യമന്ത്രി ആരോഗ്യപരമായ കാരണങ്ങളാല്‍ വിശ്രമത്തിലാണെന്നാണ് അദ്ദേഹത്തിന്റെ ഓഫീസ് നല്‍കുന്ന വിശദീകരണം.
12 ദിവസത്തെ വിദേശപര്യടനത്തിന് ശേഷം ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മുഖ്യമന്ത്രി നാട്ടില്‍ തിരിച്ചെത്തിയത്. ചൊവ്വാഴ്ചയും ബുധനാഴ്ചയും അദ്ദേഹം ഓഫീസില്‍ എത്തിയിരുന്നില്ല. മുഖ്യമന്ത്രിക്ക് സുഖമില്ലാത്ത സാഹചര്യത്തില്‍ കഴിഞ്ഞ മന്ത്രിസഭായോഗം ഓണ്‍ലൈനായാണ് ചേര്‍ന്നത്. നേരിട്ടുള്ള യോഗമാണെന്ന് ആദ്യം പറഞ്ഞെങ്കിലും ഓണ്‍ലൈനായി ചേരാന്‍ ചൊവ്വാഴ്ച രാത്രി തീരുമാനിക്കുകയായിരുന്നു.

സുഖമില്ലാത്തതിനാലാണ് മന്ത്രിസഭാ യോഗം ഓണ്‍ലൈനായി നടത്തേണ്ടിവന്നതെന്ന് മുഖ്യമന്ത്രി യോഗത്തില്‍ വിശദീകരിച്ചിരുന്നു. മൂന്ന് വിദേശ രാജ്യങ്ങളിലെ പര്യടനം കഴിഞ്ഞാണ് ചൊവ്വാഴ്ച അദ്ദേഹം നാട്ടിലെത്തിയത്. അമേരിക്ക, ക്യൂബ, യുഎഇ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ച മുഖ്യമന്ത്രി വിദേശ മലയാളികളുമായി ചര്‍ച്ച നടത്തിയിരുന്നു.
അതേസമയം, സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം ദിനംപ്രതി കൂടി വരികയാണ്. മലപ്പുറം ജില്ലയില്‍ എച്ച്1എന്‍1 സ്ഥിരീകരിച്ചു. പത്തനംതിട്ടയില്‍ എലിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഡെങ്കിപ്പനി ബാധിതരും കൂടി വരികയാണ്. സംസ്ഥാനത്ത് ആരോഗ്യ രംഗത്ത് ജാഗ്രത തുടരുകയാണ്. മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ എല്ലാ ജില്ലകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications