തെരുവിൽ നേരിടുന്നതൊക്കെ ഒരുപാട് കണ്ടതാണ്; പ്രത്യാഘാതവും അനുഭവിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി
കണ്ണൂർ: കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. തെരുവിൽ നേരിടുന്നതൊക്കെ ഒരുപാട് കണ്ടതാണെന്നും അങ്ങനെ വന്നാൽ അതിന്റെ പ്രത്യാഘാതവും അനുഭവിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നവകേരള യാത്ര നടത്തുന്ന ബസ്സിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ നടത്തിയ കരിങ്കൊടി പ്രതിഷേധവും തുടർന്ന് സംഘർഷവും അരങ്ങേറിയതിന് പിന്നാലെ സർക്കാറിനെതിരെ കെ പി സി സി അധ്യക്ഷന്‍ രംഗത്ത് വന്നിരുന്നു.
പ്രതിഷേധക്കാരെ അടിച്ചൊതുക്കിയാല്‍ തെരുവില്‍ നേരിടുമെന്നായിരുന്നു കെ പി സി സി അധ്യക്ഷന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. 'ഒരു പ്രധാന കോണ്‍ഗ്രസ് നേതാവ് പറഞ്ഞത് ഞങ്ങൾ തെരുവിൽ നേരിടുമെന്നാണ്. തെരുവിൽ നേരിടുന്നതൊക്കെ നമ്മളെത്ര കണ്ടതാണ്. ഞങ്ങളെയല്ല തെരുവിൽ നേരിടുമെന്നു നിങ്ങൾ പറഞ്ഞത്. നിങ്ങൾ ജനങ്ങളെയാണു തെരുവിൽ നേരിടുമെന്നു പറയുന്നത്. അതു നിങ്ങൾ മനസ്സിലാക്കണം. അതിന്റെ കൃത്യമായ പ്രത്യാഘാതവും നിങ്ങൾ ശരിക്ക് ഉൾക്കൊള്ളണം'- മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന് വലിയ തോതിൽ സാമ്പത്തിക ഞെരുക്കം ഉണ്ടാക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത് തലശ്ശേരി കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച തലശ്ശേരി മണ്ഡലം നവകേരള സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഒരിഞ്ചും മുന്നോട്ടു പോകാൻ അനുവദിക്കാത്ത തരത്തിലുള്ള ഇടപെടലാണ് കേന്ദ്രസർക്കാർ നടത്തുന്നത്.
ഫെഡറൽ വ്യവസ്ഥയിൽ സുശക്തമായ കേന്ദ്രവും സംതൃപ്തമായ സംസ്ഥാനങ്ങളുമാണ് വേണ്ടത്. സംസ്ഥാനങ്ങളെ അതൃപ്തിയിലേക്ക് തള്ളിവിടുന്ന നിലപാട് സ്വീകരിക്കാൻ പാടില്ലാത്തതാണ്. കേന്ദ്രം അനുവദിക്കേണ്ട സാധാരണ സാമ്പത്തിക വിഹിതവും സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയും വെട്ടിക്കുറക്കുന്നു. ജി എസ് ടി വിഹിതം നിർത്തലാക്കിയതിനൊപ്പം സംയുക്ത പദ്ധതികൾക്ക് 75 ശതമാനം കേന്ദ്രം വഹിച്ചിരുന്നത് 60 ശതമാനമാക്കി കുറച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംയുക്ത പദ്ധതിയുടെ ഭാഗമായി വലിയ കുടിശ്ശികയാണ് കേന്ദ്രത്തിൽ നിന്ന് കിട്ടാനുള്ളത്. എന്നാൽ പ്രതിപക്ഷം ഇതിനെതിരെ ശബ്ദിക്കാനേ തയ്യാറല്ല. എല്ലാ പദ്ധതികളെയും വിവാദത്തിലാക്കാനാണ് ശ്രമമെന്നും ഏതു പരിപാടിയും ബഹിഷ്കരിക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. നവകേരള സദസ്സിനെ തെരുവിൽ നേരിടും എന്നാണ് പ്രതിപക്ഷം പറയുന്നത്. അതിൽനിന്ന് പ്രതിപക്ഷം പിന്മാറണമെന്നും ജനങ്ങളെ വെല്ലുവിളിക്കുന്നത് നല്ലതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോവളം-ബേക്കൽ ജലപാതയുടെ കോഴിക്കോടിനപ്പുറം കോവളം വരെയുള്ള ഭാഗം അടുത്ത മാസങ്ങളിൽ പൂർത്തീകരിക്കാൻ കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഭൂമി ഏറ്റെടുക്കലിന്റെ പ്രശ്‌നം ഉള്ളതിനാൽ അല്പംകൂടി സമയം എടുക്കും. ആരെയും ബുദ്ധിമുട്ടിക്കുക എന്നതല്ല സർക്കാർ നയം. ജലപാതയിലൂടെ ജലഗതാഗതം, ചരക്കുനീക്കം എന്നിവയ്‌ക്കൊപ്പം അനന്തമായ ടൂറിസം സാധ്യതകളുമുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ടൂറിസത്തിനൊപ്പം നാടിന് വരുമാനം ഉണ്ടാക്കാൻ കഴിയുന്ന പദ്ധതികളും ഉണ്ടാവും. ജലപാതയ്ക്കായി ഏറ്റെടുക്കുന്ന ഭൂമിക്ക് വിപണി വിലയ്ക്കനുസരിച്ച് നല്ല നഷ്ടപരിഹാരം നൽകും. മറ്റൊരു ഭൂമി വാങ്ങാൻ കഴിയും വിധത്തിലാണ് ഭൂമിക്ക് വില നൽകുക. ഭൂമി നഷ്ടപ്പെടുന്നവരുടെ പ്രയാസം ലഘൂകരിക്കാനുള്ള സഹായങ്ങൾ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications