പഠനത്തോടൊപ്പം പാർട്ട് ടൈം ജോലി, 12000 ശുചിമുറികൾ, പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: പുതുവർഷ ദിനത്തിൽ പുത്തൻ പ്രഖ്യാപനങ്ങളുമായി സംസ്ഥാന സർക്കാർ. സംസ്ഥാനത്തെ റേഷൻ കാർഡ് ഇല്ലാത്ത പാവപ്പെട്ടവർക്ക് കാർഡ് നൽകാൻ നടപടിയെടുക്കുമെന്ന് വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. പുതിയ വർഷത്തിലെ പ്രധാന ചുമതലയായി ഇതിനെ ഏറ്റെടുക്കുമെന്നും സാങ്കേതിക തടസ്സങ്ങൾ ബാധിക്കില്ലെന്ന് ഉറപ്പ് വരുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാനത്തെ സ്ട്രീറ്റ് ലൈറ്റുകളെല്ലാം എൽഇഡി ബൾബുകളാക്കും. ഇതു വഴി വൈദ്യുതി ഉപഭോഗം കുറയ്ക്കാൻ സാധിക്കും. സംസ്ഥാനത്തെ നിരവധി റോഡുകൾ പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണ്. 5 മാസത്തിനകം റോഡുകളുടെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കും. ഗ്രാമീണ മേഖലയിലെ റോഡുകളിലടക്കം അറ്റകുറ്റപ്പണികൾ നടക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ പൊതു ഇടങ്ങളെല്ലാം സ്ത്രീ സൗഹൃദമാക്കും. എല്ലാ പട്ടണങ്ങളിലും സ്ത്രീ സൗഹൃദ കേന്ദ്രങ്ങൾ സ്ഥാപിക്കും. നഗരസഭകളുടെ നേതൃത്വത്തിലാകും ഇതിന്റെ പ്രവർത്തനങ്ങൾ. സംസ്ഥാനത്താകെ 12000 പൊതുശുചിമുറികൾ സ്ഥാപിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടയാകും ഇത് നടപ്പിലാക്കുക. കേരളത്തിന്റെ പുനർനിർമാണത്തിൽ നല്ലതോതിൽ പച്ചപ്പ് നിലനിർത്താനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി 37 കോടി വൃക്ഷ തൈകൾ വച്ചുപിടിപ്പിക്കും.
ദീർഘദൂര യാത്രക്കാർക്കായി വഴിയോര വിശ്രമ കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം പാർട്ട് ടൈമായി ജോലി ചെയ്യാനുള്ള അവസരങ്ങൾ സൃഷ്ടിക്കും. സംസ്ഥാനത്ത് യൂത്ത് ലീഡർഷിപ്പ് അക്കാദമി സ്ഥാപിക്കും. കെട്ടിക്കിടക്കുന്ന പരാതികൾ മുഴുവൻ ഈ വർഷം തീർപ്പാക്കും. അതാത് ജില്ലാ കളക്ടർമാർക്കായിരിക്കും ഇതിന്റെ ചുമതലയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications