'കേരളത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം വേണം'; പ്രധാനമന്ത്രിയോട് സഹായം അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി
കൊച്ചി : കേരള സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സഹായം അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊച്ചി മെട്രോ പാത നീട്ടല്‍ നാടിന് സമര്‍പ്പിക്കുന്ന വേദിയിലാണ് മുഖ്യമന്ത്രി സഹായ അഭ്യര്‍ത്ഥന നടത്തിയത്. കെ റെയില്‍ പേര് എടുത്തുപറയാതെയാണ് മുഖ്യമന്ത്രിയുടെ സഹായം അഭ്യര്‍ത്ഥിക്കല്‍. കേരളത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാന്‍ കേന്ദ്ര സര്‍ക്കാര്‍ സഹായം വേണമെന്നാണ് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചത് . കൊച്ചി മെട്രോ ഫേസ് 1 എ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം .
കേരളത്തില്‍ വാഹന സാന്ദ്രത ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ്. വായു മലിനീകരണവും കാര്‍ബണ്‍ ബഹിര്‍ഗമനവും കുറയ്‌ക്കേണ്ടതിന്റെ പ്രാധാന്യവും വലുതാണ്. സമാന്തര ഗതാഗത സംവിധാനങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇലക്ട്രിക് വാഹനങ്ങള്‍ക്കും ഹൈഡ്രജന്‍ ഇന്ധന വാഹനങ്ങള്‍ക്കും മുന്‍ഗണന നല്‍കുന്നതോടൊപ്പം വാട്ടര്‍, റെയില്‍, എയര്‍വെയ്‌സ് എന്നിവ ഏകോപിപ്പിച്ചു കൊണ്ടുള്ള ബദല്‍ ഗതാഗത സംവിധാനങ്ങളും വികസിപ്പിച്ചു വരികയാണ്.
കോവളം - ബേക്കല്‍ ജലപാത പദ്ധതി അതിവേഗം പുരോഗമിക്കുകയാണ്. കൊച്ചിയിലെ വിവിധ ദ്വീപുകളെ ബന്ധിപ്പിക്കുന്ന വാട്ടര്‍ മെട്രോ പദ്ധതിയും മുന്നേറുകയാണ്. ദേശീയ പാത 66 ന്റെ വീതി കൂട്ടല്‍ പുരോഗമിക്കുന്നു . കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ ഏകോപനത്തിന് മികച്ച ഉദാഹരണമാണ് ഈ പദ്ധതി .
ഇത്തരത്തില്‍ കേരളത്തില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ കൂടുതല്‍ സഹായം ആവശ്യമാണ്. ഗതാഗത വികസനത്തിനായി കേരളം സമര്‍പ്പിച്ചിരിക്കുന്ന പദ്ധതി നിര്‍ദേശങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കണമെന്നും പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു .
അതേസമയം , കൊച്ചി മെട്രോയുടെ എസ് എന്‍ ജംഗ്ഷന്‍ മുതല്‍ വടക്കേക്കോട്ട വരെയുള്ള ഘട്ടത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചു. കൊച്ചി മെട്രോയുടെ ഫേസ് 1 എ , രണ്ടാംഘട്ട വികസനം എന്നിവ കേരളത്തിനു വലിയ നേട്ടങ്ങളുണ്ടാക്കുമെന്നും പുതിയ പദ്ധതികള്‍ കേരളത്തിനുള്ള ഓണസമ്മാനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കേരളത്തിന്റെ അടിസ്ഥാന വികസന സൗകര്യങ്ങളിലെ നേട്ടം എണ്ണിപ്പറഞ്ഞാണ് പ്രധാനമന്ത്രി സംസാരിച്ചത് .

കേരളത്തിന്റെ അടിസ്ഥാന വികസനത്തിന് ഒരു ലക്ഷം കോടി രൂപയുടെ പദ്ധതി നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. കാലം മാറുന്നത് അനുസരിച്ചുള്ള വികസനം എല്ലാ രംഗത്തും ഉണ്ടാവണം . അതിന് കേരളത്തിന്റെ ശ്രമങ്ങള്‍ക്ക് കേന്ദ്രം സഹായം നല്‍കുമെന്ന് പ്രദാനമന്ത്രി അറിയിച്ചു .
മെട്രോ പുതിയപാത കൊച്ചിയുടെ വികസനത്തിന് പുതിയമുഖം നല്‍കുമെന്ന് ഉദ്ഘാടനം നടത്തിയ പ്രധാനമന്ത്രി പറഞ്ഞു. ഗതാഗതക്കുരുക്കും മലീനീകരണവും കുറയുമെന്നും അദ്ദേഹം പറഞ്ഞു . കൊച്ചി മെട്രോയുടെ പുതിയ ഘട്ടം വരുന്നതോടെ നഗര ഗതാഗതം ശക്തമാകും. വാഹനങ്ങളുടെ തിരക്കും മലിനീകരണവും കുറയും. കൊച്ചിയുടെ വികസനത്തിനു ദിശ നല്‍കും. വിമാനത്താവളം പോലെ മെട്രോ സ്റ്റേഷനുകളും റെയില്‍വേ സ്റ്റേഷനുകളും വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്. എറണാകുളം സൗത്ത്, എറണാകുളം നോര്‍ത്ത്, കൊല്ലം സ്റ്റേഷനുകള്‍ ആധുനിക രീതിയില്‍ വികസിപ്പിക്കുമെന്നും പ്രധാനമന്ത്രി കൊച്ചിയില്‍ വ്യക്തമാക്കി .
കോട്ടയം ഇരട്ടപ്പാത വികസനത്തെക്കുറിച്ചും പ്രധാനമന്ത്രി വിവരിച്ചു. കേരളത്തിന്റെ റെയില്‍വേ വികസനത്തിലെ നാഴികകല്ലാകും പദ്ധതി. ശബരിമല തീര്‍ത്ഥാടകര്‍ക്കും സാധാരണക്കാര്‍ക്കും ഏറ്റവും ഗുണം ചെയ്യുന്നതാണ് പദ്ധതിയെന്ന് മോദി ചൂണ്ടികാട്ടി. രാജ്യത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള വികസനം നടക്കുകയാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു .












Click it and Unblock the Notifications