പാലക്കാട്ടെ കൊലപാതകം മനുഷ്യമനസ്സാക്ഷിക്ക് നിരക്കാത്തത്; ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പാലക്കാട്ടെ ഇരട്ടക്കൊലപാതകത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. മനുഷ്യമനസ്സാക്ഷിക്ക് നിരക്കാത്ത തീര്‍ത്തും അപലപനീയമായ ആക്രമണങ്ങളും കൊലപാതകങ്ങളുമാണ് പാലക്കാട്ട് സംഭവിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോവിഡ് പ്രതിസന്ധികള്‍ മറികടന്ന് നാടിന്റെ പുരോഗതിയ്ക്കും ശോഭനമായ ഭാവിക്കുമായി കേരളം ഒറ്റക്കെട്ടായി മുന്നോട്ടു പോകുന്ന ഘട്ടത്തിലാണ് സമാധാനാന്തരീക്ഷം തകര്‍ക്കുക എന്ന ദുഷ്ടലാക്കോടെ നടത്തിയ ഈ കൊലപാതകങ്ങളെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നാടിന്റെ നന്മയ്ക്ക് വിഘാതം സൃഷ്ടിക്കാനായി നടത്തിയ ഈ നിഷ്ഠുര കൃത്യങ്ങള്‍ക്ക് ഉത്തരവാദികളായവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത സമീപനം സര്‍ക്കാരിന്റെ ഭാഗത്തു നിന്നുമുണ്ടാകും. അവര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കും. അതിനുള്ള നിര്‍ദേശം പൊലീസിന് നല്‍കിയിട്ടുണ്ട്.

കേരളത്തില്‍ പുലരുന്ന സാഹോദര്യവും സമാധാനവും ഇല്ലാതാക്കാന്‍ ഒരു ശക്തിയേയും അനുവദിക്കില്ല. ജനങ്ങളെ ചേര്‍ത്തു നിര്‍ത്തി അത്തരം ശ്രമങ്ങള്‍ക്കെതിരെ നിശ്ചയദാര്‍ഢ്യത്തോടെ നിലയുറപ്പിക്കും. ഒരുമിച്ച് ഒരു മനസ്സോടെ മുന്നോട്ടു പോകും. മൈത്രിയുടേയും മാനവികതയുടേയും കേരള മാതൃക സംരക്ഷിക്കും. വര്‍ഗീയതയുടെയും സങ്കുചിതത്വത്തിന്റെയും വിഷവുമായി നാടിനെ അസ്വസ്ഥമാക്കുന്ന ഇത്തരം ശക്തികളെ തിരിച്ചറിഞ്ഞ് അകറ്റി നിര്‍ത്തണമെന്ന് ജനങ്ങളോടഭ്യര്‍ത്ഥിക്കുന്നു. പ്രകോപനനീക്കങ്ങളിലും കിംവദന്തികളിലും വശംവദരാകാതെ സമാധാനവും സൗഹാര്‍ദവും സംരക്ഷിക്കാന്‍ എല്ലാവരും രംഗത്തിറങ്ങണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
അതേസമയം, കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്തെത്തിയിരുന്നു. പരസ്പരം കൊന്നൊടുക്കുന്ന വര്‍ഗീയ ശക്തികളെ നിലയ്ക്ക് നിര്‍ത്താന്‍ സര്‍ക്കാരിന് കഴിയുന്നില്ലെന്നത് ദൗര്‍ഭാഗ്യകരമാണെന്ന് വിഡി സതീശന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാരും ആഭ്യന്തര വകുപ്പും ദയനീയമായി പരാജയപ്പെട്ടിരിക്കുന്നു. കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക രംഗത്ത് ധ്രുവീകരണം ഉണ്ടാക്കുന്നതിന് വേണ്ടി വര്‍ഗീയ ശക്തികള്‍ മനപൂര്‍വ്വം ഉണ്ടാക്കുന്ന സംഘര്‍ഷമാണ് ഇപ്പോള്‍ നടക്കുന്നത്.
എസ്.ഡി.പി.ഐയും ആര്‍.എസ്.എസും പരസ്പരം പാലൂട്ടി വളര്‍ത്തുന്ന ശത്രുക്കളാണ്. മറുഭാഗം ചെയ്യുന്ന അക്രമ സംഭവങ്ങളിലാണ് രണ്ട് കൂട്ടരുടെയും നിലനില്‍പ്പ്. ഒരു കൂട്ടര്‍ ചെയ്യുന്ന അക്രമം മറ്റൊരു കൂട്ടര്‍ക്ക് വളമായി മാറുകയാണ്. കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ രംഗത്ത് പ്രസക്തി ഇല്ലാതിരുന്ന ആളുകള്‍ പ്രസക്തി ഉണ്ടാക്കുന്നതിന് വേണ്ടി നടത്തുന്ന അക്രമങ്ങളാണ്. ഇത് കേരള രാഷ്ട്രീയത്തിന്റെ പരമ്പര്യത്തിന് ചേര്‍ന്നതല്ല. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും കേരളീയ പൊതുസമൂഹവും വളരെ ഗൗരവത്തോട് കൂടിയാണ് ഈ രാഷ്ട്രീയ കൊലപാതകങ്ങളെ നോക്കിക്കാണേണ്ടത്. മുഖ്യമന്ത്രി പിണറായി വിജയന്‍ സോഷ്യല്‍ എന്‍ജിനീയറിങ്ങ് എന്ന പേരില്‍ നടത്തുന്ന വര്‍ഗീയ പ്രീണന നയങ്ങളാണ് ഇതിനെല്ലാം ആധാരം. ഇവര്‍ക്കെതിരെ ശക്തമായ നടപടി എടുക്കാന്‍ പോലീസിന് സാധിക്കുന്നില്ല. പരസ്പരം കൊലപാതക പ്രഖ്യാപനങ്ങള്‍ നടത്തുന്ന ഇവര്‍ക്കെതിരെ കരുതല്‍ തടങ്കല്‍ അടക്കമുള്ള കാര്യങ്ങള്‍ പ്രയോഗിക്കാന്‍ പോലീസും തയാറാകുന്നില്ല. വര്‍ഗീയ സംഘടനകളുടെ നേതൃത്വത്തില്‍ ഇരിക്കുന്നവര്‍ക്കും കൊലപാതകങ്ങളുടെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞു മാറാനാകില്ല. അവരും ഗൂഡാലോചനയിലെ പങ്കാളികളാണെന്ന് വി ഡി സതീശന്‍ കുറ്റപ്പെടുത്തി.












Click it and Unblock the Notifications