മുഖ്യമന്ത്രി പിണറായി വിജയന്റെ കൊവിഡ് പരിശോധനഫലം നെഗറ്റീവ്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ്. ധനമന്ത്രി തോമസ് ഐസക്കിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി നിരീക്ഷണത്തില്‍ പ്രവേശിച്ചത്. ഇക്കഴിഞ്ഞ ആറിനാണ് തോമസ് ഐസക്കിന് കൊവിഡ് സ്ഥിരീകരിച്ചത്.

നേരത്തെ, കരിപ്പൂര്‍ വിമാന ദുരന്ത പ്രദേശം സന്ദര്‍ശിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രി കൊവിഡ് പരിശോധന നടത്തിയിരുന്നു. കരിപ്പൂര്‍ സന്ദര്‍ശന സമയത്ത് സമ്പര്‍ക്കത്തിലൂണ്ടായിരുന്ന മലപ്പുറം ജില്ലാ കളക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും ആന്റിജന്‍ പരിശോധന നടത്തിയത്.
അതേസമയം, ധനമന്ത്രി തോമസ് ഐസക് കൊവിഡ് ബാധിച്ച് ചികിത്സയിലാണ്. കഴിഞ്ഞ ദിവസം അദ്ദേഹം നേരിടുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചിരുന്നു. രണ്ടു പ്രശ്‌നങ്ങള്‍ പൊതുവായിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞിരുന്നു. ഡയബറ്റിക്‌സ് അല്‍പം കൂടുതലാണ്. ആദ്യമായി ഇന്‍സുലിന്‍ വേണ്ടിവന്നു. ചെറിയ ശ്വാസം മുട്ടലുണ്ട്. അതുകൊണ്ട് ഫോണ്‍ വിളികള്‍ കര്‍ശനമായി നിയന്ത്രിച്ചിരിക്കുകയാണ്. ദയവായി ഫോണ്‍ ഒഴിവാക്കുക. എടുക്കാന്‍ കഴിയില്ല.. അത്യാവശ്യമെന്തെങ്കിലുമുണ്ടെങ്കില്‍ മെസേജ് അയച്ചാല്‍ മതി. തീര്‍ച്ചയായും മറുപടി ലഭിക്കും. നടപടിയും ഉറപ്പാക്കുമെന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.












Click it and Unblock the Notifications