ലൈഫ് പദ്ധതിയെ തകർക്കാന്‍ ചിലർ ശ്രമിച്ചെന്ന് പിണറായി: ഗവർണർക്കും വിമർശനം, എന്തിനും അതിരുണ്ട്
കോട്ടയം: ദുഷിച്ച ചിന്താഗതിയുള്ളവർ ലൈഫ് പദ്ധതിയെ തകർക്കാന്‍ ശ്രമിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം ദുഷ്ട മനസ്സുള്ളവർക്ക് കേന്ദ്ര ഏജന്‍സികളേയും സ്വാധീനിക്കാനായി. എന്നിട്ടും ഒന്നും ചെയ്യാനാകാതെ ജാള്യതയോടെ നില്‍ക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പരാതികള്‍ നല്‍കി, പല അന്വേഷണ ഏജന്‍സികളും വട്ടമിട്ട് പറന്നിട്ടും ഒന്നും സംഭവിച്ചില്ല. ലൈഫ് പദ്ധതി മുന്നോട്ടു തന്നെ പോകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോട്ടയം കൂട്ടിക്കലിലെ പ്രളയ ദുരിതബാധിതര്‍ക്ക് സിപിഎം നിര്‍മിച്ചു നല്‍കിയ 25 വീടുകളുടെ താക്കോല്‍ദാനം നിര്‍വഹിച്ചു കൊണ്ട് സംസാരിക്കുക ആയിരുന്നു മുഖ്യമന്ത്രി. വീടു നിര്‍മ്മിക്കാന്‍ സാമ്പത്തിക ശേഷിയില്ലാത്തവരെ സഹായിക്കാനാണ് സര്‍ക്കാര്‍ ലൈഫ് പദ്ധതി ആവിഷ്‌കരിച്ചത്. ഇതിനോടകം നാലു ലക്ഷത്തോളം വീടുകള്‍ അതിന്റെ ഭാഗമായി പൂര്‍ത്തിയാക്കി. അവ കൊണ്ട് മാത്രം സര്‍ക്കാര്‍ തൃപ്‌തരല്ല. ഇനിയും വീടുകള്‍ നിര്‍മിച്ചു നല്‍കും. ജനങ്ങളാണ് പ്രധാനം, ആവുന്നത്ര പ്രശ്‌നങ്ങള്‍ പരിഹരിക്കണം. സര്‍ക്കാര്‍ മാതൃകാപരമായ ഇടപെടലുകള്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

'മനസ്സുകൊണ്ടിത്തിരി മണ്ണ് പദ്ധതിയുടെ ഭാഗമായി ആളുകളെ സഹായിക്കാനായി നിരവധി രംഗത്ത് വന്നത്. അത്തരത്തില്‍ ഒരുപാട് സ്ഥലങ്ങള്‍ ലഭിച്ചു. വീടുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള ഇടപെടലുകള്‍ നടക്കുന്നു. ജനങ്ങളെല്ലാം നല്ലവരാണ് എന്നാല്‍ ചിലര്‍ക്ക് ആ മനസില്ല. പ്രത്യേക രീതിയിലുള്ള ദുഷ്‌ടമനസുള്ളവര്‍ നല്ല പദ്ധതികളെ തകര്‍ക്കാനുള്ള ശ്രമം നടത്തി. ചിലരുടെ പാഴ്‌വാഗ്‌ദാനങ്ങള്‍ കേട്ട് പരിചയമുള്ള നാടാണിത്. സി പി എം അങ്ങനെയല്ല. എന്താണോ പറയുന്നത് അത് നടപ്പാക്കുന്ന പാര്‍ട്ടിയാണ് സി പി എം' മുഖ്യമന്ത്രി.
ഗവർണ്ണറേയും മുഖ്യമന്ത്രി രൂക്ഷമായ ഭാഷയില്‍ വിമർശിച്ചു. ഭൂ പതിവ് ഭേദഗതി അടക്കം ബില്ലുകൾ നിയമസഭയിൽ പാസ്സായെങ്കിലും ഒപ്പിടാൻ ഗവർണർ തയാറാകുന്നില്ല. നിയമ ഭേദഗതി ഒപ്പിടാത്ത ഗവർണർ താമസിക്കുന്ന രാജ്ഭവനിലേക്ക് കർഷകരുടെ സംഘടിതമായ മാർച്ച് നടത്തും. എന്തിനും ഒരതിരുണ്ട്. ആ അതിരുകളെല്ലാം ലംഘിക്കുന്ന അവസ്ഥയാണ് കാണാൻ സാധിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications