'പൊതുജനങ്ങളുടെ പണം കട്ടെടുത്ത് സുഖമായി ജീവിക്കാമെന്ന് കരുതേണ്ട'; സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മുന്നറിയിപ്പ്

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. പൊതുജനങ്ങളുടെ പണം കട്ടെടുത്ത് സുഖമായി ജീവിക്കാമെന്ന് ആരും ധരിക്കേണ്ടെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ബോധ വത്കരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്ഷേമ പദ്ധതികളിലും വികസന പദ്ധതികളിലും ഇത്തരത്തില്‍ മാതൃകാപരമായ ഇടപെടലുകള്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുമ്പോള്‍ തന്നെ അതില്‍ നിന്നും എന്തെങ്കിലും ലാഭമുണ്ടാക്കാം എന്നു ചിന്തിക്കുന്ന ഒരു ചെറിയ വിഭാഗം സര്‍ക്കാര്‍ ജീവനക്കാര്‍ക്കിടയില്‍ ഇപ്പോഴുമുണ്ട്. അവര്‍ കരുതുന്നത് തങ്ങള്‍ നടത്തുന്ന കളവ് ആരും അറിയില്ല എന്നാണ്.
പുതിയ കാലത്ത്, ഓരോ നീക്കവും നിരീക്ഷിക്കാനും തെറ്റായ ഇടപെടലുകളുണ്ടായാല്‍ വേണ്ട നടപടി എടുക്കാനും അത്ര ബുദ്ധിമുട്ടോ തടസ്സമോ ഇല്ലായെന്നത് അത്തരക്കാര്‍ ഓര്‍ത്താല്‍ നന്ന്. അവരെക്കുറിച്ചുള്ള വിശദമായ വിവരശേഖരണവും അന്വേഷണവും സര്‍ക്കാര്‍ നടത്തിവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.
പൊതുജനങ്ങളുടെ പണം കട്ടെടുത്തോ കൈക്കൂലി വാങ്ങിയോ സുഖമായി ജീവിക്കാമെന്നും ജനങ്ങള്‍ക്കു നല്‍കേണ്ട സേവനങ്ങള്‍ സമയബന്ധിതമായി ലഭ്യമാക്കാതെ അവരെ ബുദ്ധിമുട്ടിക്കാമെന്നും കരുതുന്ന ആരോടും ഒരു ദാക്ഷിണ്യവും ഈ സര്‍ക്കാരിനുണ്ടാകില്ല. അത്തരം പുഴുക്കുത്തുകളെ കണ്ടെത്താന്‍ നിങ്ങള്‍ തന്നെ തയ്യാറാകണമെന്നു കൂടി ഓര്‍മ്മിപ്പിക്കുന്നു. അവര്‍ക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കുന്നതിനും അതുവഴി സര്‍ക്കാരിന്റെയും സര്‍ക്കാര്‍ ജീവനക്കാരുടെ സമൂഹത്തിന്റെയാകെയും അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുന്നതിന്നതിനും പ്രതിജ്ഞാബദ്ധമാണ് ഈ സര്‍ക്കാര്‍ എന്നറിയിക്കട്ടെ.

സ്ത്രീമുന്നേറ്റങ്ങള്‍ക്കും സ്ത്രീകളുടെ അവകാശസമര പോരാട്ടങ്ങള്‍ക്കും നൂറ്റാണ്ടുകള്‍ക്കു മുമ്പേ വേദിയായ നാടാണ് കേരളം. എങ്കിലും അന്ന് കൈവരിച്ച നേട്ടങ്ങളില്‍ ഊന്നിനിന്നുകൊണ്ട് പുതിയ കാലഘട്ടത്തിനനുയോജ്യമായ വിധത്തില്‍ സ്ത്രീസമത്വം ആര്‍ജ്ജിക്കാന്‍ കഴിഞ്ഞോ എന്നത് നമ്മള്‍ സ്വയം വിമര്‍ശനപരമായി പരിശോധിക്കേണ്ട വിഷയമാണ്.
ലഭ്യമായ കണക്കുകള്‍ പ്രകാരം കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്തും ഉന്നതവിദ്യാഭ്യാസ രംഗത്തും സ്ത്രീകളാണ് പുരുഷന്മാരെക്കാള്‍ കൂടുതല്‍. എന്നാല്‍ തൊഴില്‍മേഖലയിലേക്ക് എത്തുമ്പോള്‍ സ്ത്രീകള്‍ പിന്നോക്കം പോകുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇത് അഭികാമ്യമല്ല.
സ്ത്രീകള്‍ അടുക്കളയില്‍ ഒതുങ്ങിക്കൂടേണ്ടവരാണെന്നും സമൂഹ നിര്‍മ്മാണ പ്രക്രിയയില്‍ പങ്കാളികളാകാന്‍ കെല്‍പ്പില്ലാത്തവരാണെന്നുമുള്ള കാഴ്ചപ്പാടില്‍ മാറ്റമുണ്ടാകണം. അതിനായാണ് പാഠപുസ്തകങ്ങളെയടക്കം ജന്‍ഡര്‍ ഓഡിറ്റിംഗിന് വിധേയമാക്കാനും സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം വര്‍ദ്ധിപ്പിക്കാനുമെല്ലാം ഉതകുന്ന ഇടപെടലുകള്‍ സര്‍ക്കാര്‍ നടത്തിവരുന്നത്. അതിലൂടെ സുസ്ഥിര വികസന ലക്ഷ്യങ്ങളില്‍ കൂടുതല്‍ മുന്നേറാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് നമ്മുടെ സമാധാനപൂര്‍ണ്ണമായ അന്തരീക്ഷം സംരക്ഷിക്കേണ്ടതും ശക്തിപ്പെടുത്തേണ്ടതുമുണ്ട്. സാമ്പത്തികമായും സാമൂഹികമായും എത്രയൊക്കെ ഉന്നതിയിലെത്തിയാലും സമൂഹത്തിലുണ്ടാകുന്ന സംഘര്‍ഷങ്ങള്‍, കലാപങ്ങള്‍ എന്നിവ നമ്മുടെ പുരോഗതിയെ പിന്നോട്ടടിക്കുക തന്നെ ചെയ്യും. അത്തരമൊരു സാഹചര്യമുണ്ടാകാതിരിക്കാന്‍ ഭേദചിന്തകള്‍ക്ക് അതീതമായി ചിന്തിക്കുന്ന ഒരു സമൂഹം ഇവിടെ നിലനില്‍ക്കേണ്ടതുണ്ട്. ഔദ്യോഗിക തലത്തിലെ കൃത്യനിര്‍വ്വഹണത്തിനൊപ്പം തന്നെ അത്തരമൊരു സമൂഹം ഇവിടെ തുടരുന്നു എന്നുറപ്പുവരുത്താനുള്ള സാമൂഹിക ഉത്തരവാദിത്തം കൂടി നിങ്ങള്‍ ഏറ്റെടുക്കണമെന്ന് ഓര്‍മ്മിപ്പിക്കുന്നു.
സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ഉതകുന്ന വിവിധ ക്ഷേമപദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കി വരുന്നുണ്ട്. 63 ലക്ഷം ആളുകള്‍ക്ക് സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ ലഭ്യമാക്കുന്നു, 43 ലക്ഷം കുടുംബങ്ങള്‍ക്ക് കാരുണ്യ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഗുണഫലങ്ങള്‍ ലഭ്യമാക്കുന്നു. മൂന്നേകാല്‍ ലക്ഷത്തോളം വീടുകളാണ് ലൈഫ് മിഷനിലൂടെ പണികഴിപ്പിച്ചു നല്‍കിയത്. 2,31,000ല്‍ അധികം പട്ടയങ്ങള്‍ ഇതിനോടകം ലഭ്യമാക്കി കഴിഞ്ഞു. ഇതിനെല്ലാം പുറമെയാണ് വികസന - ക്ഷേമ പദ്ധതികള്‍ക്ക് ആക്കം കൂട്ടുക എന്ന ലക്ഷ്യത്തോടെ പല ഘട്ടങ്ങളിലായി നൂറുദിന കര്‍മ്മപരിപാടികള്‍ ആവിഷ്‌ക്കരിച്ചു നടപ്പാക്കുന്ന - മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications