പിണറായി വീണ്ടും അമേരിക്കയിലേക്ക്... ഇത്തവണ മയോ ക്ലിനിക്കിൽ വിദഗ്ധ ചികിത്സ; എന്താണ് രോഗം?
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ അമേരിക്കന്‍ യാത്ര വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. നിപ്പ പ്രതിരോധത്തില്‍ കേരളം കാണിച്ച മാതൃകയ്ക്ക് കിട്ടിയ അംഗീകാരം സ്വീകരിക്കാന്‍ വേണ്ടിയായിരുന്നു ആ യാത്ര. എന്നാല്‍ ആ പരിപാടിയുടെ ആധികാരികത സംബന്ധിച്ച് ഒട്ടേറെ ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ പ്രധാനമന്ത്രിയും ആ യാത്രയെ കുറിച്ച് പലവുരു ചോദിക്കുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ, മുഖ്യമന്ത്രി വീണ്ടും അമേരിക്കന്‍ യാത്രയ്ക്ക് ഒരുങ്ങുന്നു എന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. വിദഗ്ധ ചികിത്സയ്ക്കായി 17 ദിവസത്തെ പര്യടനത്തിനാണ് അമേരിക്കയിലേക്ക് പോകുന്നത് എന്നും വാര്‍ത്തകള്‍ ഉണ്ട്.
അമേരിക്കയിലെ പ്രസിദ്ധമായ മയോ ക്ലിനിക്കിലാണ് മുഖ്യമന്ത്രി ചികിത്സ തേടുന്നത്. നേരത്തെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ പിണറായി വിജയന്‍ ചികിത്സ തേടിയതും വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.

വീണ്ടും അമേരിക്കയിലേക്ക്
13 ദിവസത്തെ അമേരിക്കന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി പിണറായി വിജയനും സംഘവും കേരളത്തിലേക്ക് മടങ്ങിയെത്തിയത് ജൂലായ് 18 ന് ആയിരുന്നു. ആരോഗ്യ മന്ത്രി കെകെ ഷൈലജ അടക്കമുള്ളവരായിരുന്നു അന്ന് മുഖ്യമന്ത്രിയെ അനുഗമിച്ചത്. എന്നാല്‍ ഇത്തവണ അത്തരം ഒരു സന്ദര്‍ശനം അല്ല നടക്കാന്‍ പോകുന്നത്.

ചികിത്സയ്ക്ക് വേണ്ടി
വിദഗ്ധ ചികിത്സയ്ക്ക് വേണ്ടിയാണ് പിണറായി വിജയന്‍ വീണ്ടും അമേരിക്കയിലേക്ക് പോകുന്നത്. 17 ദിവസം നീണ്ടുനില്‍ക്കുന്നതാണ് ചികിത്സ. ഓഗസ്റ്റ് 19 ന് ആണ് ചികിത്സ തുടങ്ങുക എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

മയോ ക്ലിനിക്കില്‍
പ്രസിദ്ധമായ മയോ ക്ലിനിക്കില്‍ ആണ് പിണറായി വിജയന്‍ ചികിത്സയ്ക്കായി പ്രവേശിക്കുന്നത്. കഴിഞ്ഞ അമേരിക്കന്‍ സന്ദര്‍ശനത്തിനിടേയും അദ്ദേബപം മയോ ക്ലിനിക്കില്‍ ചില പ്രാധമിക പരിശോധനകള്‍ നടത്തിയിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്.

കൂടെ ഭാര്യയും
ഇത്തവണത്തെ അമേരിക്കന്‍ സന്ദര്‍ശനത്തില്‍ ഭാര്യ കമല വിജയനും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടാകും. മുഖ്യമന്ത്രി എന്ന നിലയില്‍ ചികിത്സ തേടുന്നതിനാല്‍ യാത്രയുടേയും ചികിത്സയുടേയും ചെലവുകള്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെ ആണ് വഹിക്കുക.

പ്രമുഖര്‍ സന്ദര്‍ശിച്ച ആശുപത്രി
ഇന്ത്യയില്‍ നിന്നുള്ള പല രാഷ്ട്രീയ നേതാക്കളും വിദഗ്ധ ചികിത്സ തേടുന്ന വിദേശ ആശുപത്രികളില്‍ ഒന്നാണ് മയോ ക്ലിനിക്ക്. ഇതിന് മുമ്പ് മുന്‍ പ്രതിരോധ മന്ത്രി എകെ ആന്റണിയും മുന്‍ സ്പീക്കര്‍ ജി കാര്‍ത്തികേയനും മയോ ക്ലിനിക്കിലെ ചികിത്സ തേടിയവരാണ്.

വിശ്വപ്രസിദ്ധം
അമേരിക്കയിലെ മിന്നെസോട്ടയിലുള്ള മയോ ക്ലിനിക്ക് ലോക പ്രസിദ്ധമാണ്. 1863 ല്‍ വില്യം വോറല്‍ മയോ ണ് ആണ് റോച്ചെസ്റ്ററില്‍ ക്ലിനിക്ക് സ്ഥാപിക്കുന്നത്. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനം കൂടിയാണിത്. ആരോഗ്യ മേഖലയിലെ ഒരുപാട് ഗവേഷണങ്ങള്‍ക്കും ഇവര്‍ നേതൃത്വം നല്‍കുന്നുണ്ട്.

പ്രമേഹം, ഹൃദ്രോഗം, ക്യാന്‍സര്‍
ഒരുപാട് മേഖലകളില്‍ മികച്ച സേവനം നല്‍കുന്ന ആരോഗ്യ കേന്ദ്രമാണ് മയോ ക്ലിനിക്ക്. പ്രമേഹം, യൂറോളജി, ജെറിയാട്രിക്‌സ് തുടങ്ങിയവയില്‍ അമേരിക്കയിലെ ഏറ്റവും മികച്ച ആശുപത്രി ആണിത്. ഹൃദ്രോഗ ചികിത്സയുടെ കാര്യത്തില്‍ രണ്ടാം സ്ഥാനവും കാന്‍സര്‍ ചികിത്സയുടെ കാര്യത്തില്‍ മൂന്നാം സ്ഥാനവും ആണ് ഇവര്‍ക്കുള്ളത്.

മുഖ്യമന്ത്രിയുടെ രോഗം?
എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്ത് ചികിത്സയ്ക്ക് വേണ്ടിയാണ് മയോ ക്ലിനിക്കില്‍ എത്തുന്നത് എന്നത് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. കഴിഞ്ഞ മാര്‍ച്ചില്‍ പിണറായി ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. എന്നാല്‍ ഇത് പതിവ് പരിശോധനകള്‍ക്കായിട്ടായിരുന്നു എന്നാണ് വിശദീകരണം.












Click it and Unblock the Notifications