മുഖ്യമന്ത്രിയുടെ 'കേറി വാടാ മക്കളേ ക്ലിപ്പ്';ആ വീഡിയോ തൻ്റെ ചാനലിൽ ഇട്ടത്, മറുപടിയുമായി സുജിത്ത് ഭക്തൻ
മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ അഭിമുഖം പിആർ വർക്കാണെന്ന കോണ്‍ഗ്രസ് പ്രചാരണങ്ങൾക്ക് മറുപടിയുമായി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ സുജിത് ഭക്തൻ. ലീക്ക് ആയി എന്ന് പറഞ്ഞു പ്രചരിക്കുന്ന ആ ക്ലിപ്പ് തൻ്റെ ചാനലിൽ തന്നെ ഇട്ട വിഡിയോയിൽ നിന്നും ഉള്ള ഭാഗം മാത്രമാണെന്നും സുജിത് ഭക്തൻ പറഞ്ഞു. പ്രചരിക്കുന്ന വീഡിയോ ഭാഗങ്ങൾ മുഖ്യമന്ത്രിയെ കൊണ്ട് ഞാൻ പറഞ്ഞു പറയിപ്പിച്ചത് തന്നെയാണ്. അദ്ദേഹം അത്രയധികം കംഫർട്ടബിൾ ആയതുകൊണ്ട് മാത്രമാണ് ഒരു റീൽ ഒക്കെ ചെയ്യാൻ സഹകരിച്ചത് എന്ന് ഞാൻ വിശ്വസിക്കുന്നുവെന്നും സുജിത് ഭക്തൻ ഫേസ്ബുക്കിൽ കുറിച്ചു. സുജിത്തിൻ്റെ കുറിപ്പിൻ്റെ പൂർണരൂപം വായിക്കാം

'ലീക്ക് ആയി എന്ന് പറഞ്ഞു പരക്കുന്ന ആ ക്ലിപ്പ് ഞാൻ എന്റെ ചാനലിൽ തന്നെ ഇട്ട വിഡിയോയിൽ നിന്നും ഉള്ള ഭാഗം മാത്രമാണ്. ഇത് മുഖ്യമന്ത്രിയെ കൊണ്ട് ഞാൻ പറഞ്ഞു പറയിപ്പിച്ചത് തന്നെയാണ്. അത് മുഖ്യമന്ത്രിയുടെ Podcast ൽ ഞാൻ ഇട്ടിട്ടുമുണ്ട്. വീഡിയോയുടെ അവസാന ഒരു മിനിറ്റ് കണ്ടുനോക്കുക. എന്റെ Podcast ൽ അദ്ദേഹം എന്നോട് അത്രയധികം Comfortable ആയതുകൊണ്ട് മാത്രമാണ് ഒരു റീൽ ഒക്കെ ചെയ്യാൻ സഹകരിച്ചത് എന്ന് ഞാൻ വിശ്വസിക്കുന്നു. മുഖത്ത് നോക്കി അദ്ദേഹത്തെ ആളുകൾ സോഷ്യൽ മീഡിയയിൽ വിളിക്കുന്ന പേരുകളും മറ്റും പറഞ്ഞതും അതുകൊണ്ട് മാത്രമാണ്. പലർക്കും സാധിക്കാത്ത ഒരു കാര്യം എന്നെകൊണ്ട് ചെയ്യാൻ സാധിച്ചു എന്നതിൽ ഞാൻ അഭിമാനിക്കുന്നു. PR വർക്ക് എന്ന് പറയുന്നവരോട് ഒരു വാക്ക് : എല്ലാ പാർട്ടിയിൽ നിന്നുള്ള ആളുകളുടെ ഒപ്പം ഞാൻ Podcast ചെയ്തിട്ടുണ്ട്. അതിൽ പിണറായി വിജയൻ മാത്രമല്ല, വി ഡി സതീശനും രാജീവ് ചന്ദ്രശേഖറും വരെയുണ്ട്. എന്റെ ചാനലിൽ ഞാൻ ഇട്ട വീഡിയോ തന്നെയാണ് ലീക്ക് ആയി എന്ന രീതിയിൽ തെറ്റായി പ്രചരിക്കുന്നതും', പോസ്റ്റിൽ പറഞ്ഞു.
'ഞാൻ കടക്ക് പുറത്ത് പറയുമോ എന്ന് ചോദിക്കും, അപ്പൊ സാറ് അതൊക്കെ പണ്ടല്ലേ ഇപ്പോ കേറി വാടാ മക്കളേ എന്നാണ് പറയുക എന്ന് ഉത്തരം പറയണം, ആ ഒറ്റ ഡയലോഗ് വൈറലാകും' എന്നാണ് സുജിത് പറയുന്നത്. അത് കേട്ട് അങ്ങനെ പറയാമെന്ന് പിണറായി സമ്മതിക്കുന്നുമുണ്ട്.ഈ വീഡിയോ ആണ് കോണ്‍ഗ്രസ് പ്രൊഫൈലുകൾ പ്രചരിപ്പിക്കുന്നത്.












Click it and Unblock the Notifications