സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലെന്ന് ചീഫ് സെക്രട്ടറി: രൂക്ഷ വിമർശനവുമായി ഹൈക്കോടതി
എറണാകുളം: സംസ്ഥാന സാമ്പത്തിക പ്രതിസന്ധിയിലെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. വി വേണു. ഹൈക്കോടതിയിലാണ് സംസ്ഥാന സർക്കാറിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ചീഫ് സെക്രട്ടറി തുറന്ന് പറഞ്ഞത്. കെ എസ് ആര്‍ ടി സിയിലെ പെന്‍ഷന്‍ വൈകുന്നതിനെതിരായ ഹര്‍ജിയില്‍ ഓണ്‍ലൈനില്‍ ഹാജരായിക്കൊണ്ടായിരുന്നു ചീഫ് സെക്രട്ടറി ഇക്കാര്യം അറിയിച്ചത്. സർക്കാർ ദൈനംദിന പ്രവർത്തനങ്ങൾക്ക് പോലും പണം കണ്ടെത്താൻ ബുദ്ധിമുട്ടുകയാണെന്നും അദ്ദേഹം പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധിമൂലമാണ് പെൻഷൻ വിതരണത്തിന് പണം അനുവദിക്കാൻ സാധിക്കാത്തത്. രണ്ടുമാസത്തെ കെ എസ് ആർ ടി സി പെൻഷൻ കുടിശ്ശിക നൽകാനുണ്ട്. ഒക്ടോബർമാസത്തെ പെൻഷൻ നവംബർ 30-ന് അകം കൊടുത്തുതീർക്കാമെന്ന് ചീഫ് സെക്രട്ടറി ഹൈക്കോടതിയെ അറിയിച്ചു.

അതേസമയം കേരളീയം പരിപാടിയുടെ പേരിൽ കോടതിയിൽ ഹാജാരാകാത്തതിലും കെ എസ് ആർ ടി സി. കേസിലും ചീഫ് സെക്രട്ടറിയെ കേസ് പരിഗണിച്ച ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ രൂക്ഷമായി വിമർശിച്ചു. നിങ്ങൾ ആഘോഷിക്കുമ്പോൾ ചിലർ ബുദ്ധിമുട്ടുകയാണെന്ന് വ്യക്തമാക്കിയ കോടതി കെ എസ് ആർ ടി സി പെൻഷൻ കുടിശിക ഈ മാസം 30-നകം വിതരണംചെയ്യണമെന്നും ആവശ്യപ്പെട്ടു.
നവംബർ മാസത്തെ പെൻഷൻ കൂടി നവംബർ 30-ന് അകം വിതരണം ചെയ്തില്ലെങ്കില്‍ ചീഫ് സെക്രട്ടറിയും കെ എസ് ആര്‍ ടി സി എംഡിയും കോടതിയിൽ ഹാജരാകണം. ആഘോഷത്തിനല്ല , മനുഷ്യന്‍റെ ജീവിത പ്രശ്നത്തിനാണ് പ്രാധാന്യം നൽകേണ്ടത്. കേരളീയം പോലുള്ള ആഘോഷ പരിപാടികളേക്കാൾ മനുഷ്യൻ്റെ ബുദ്ധിമുട്ടുകൾക്കാണ് പ്രാധാന്യം നൽകേണ്ടതെന്നും കോടതി പറഞ്ഞു.
ഒരു പൗരനെങ്കിലും ദുരിതത്തിലാണെങ്കിൽ സംസ്ഥാനം ആഘോഷത്തിലമരുമെന്ന് കരുതാൻ കഴിയില്ലെന്ന് കോടതി പറഞ്ഞു. ഇക്കാര്യമാണ് ഭരണാധികാരികൾ മനസ്സിലാക്കേണ്ടതെന്നും കോടതി കൂട്ടിച്ചേർത്തു. നേരത്തെ കേസില്‍ ചീഫ് സെക്രട്ടറി ഹാജരാകാത്തതില്‍ രൂക്ഷമായ വിമർശനമായിരുന്നു ഹൈക്കോടതി നടത്തിയത്. ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടും എത്താതിരുന്നത് കോടതിയെ നാണം കെടുത്തുന്നതാണെന്നായിരുന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ പ്രതികരണം.












Click it and Unblock the Notifications