അടൂരിൽ 30കാരനും 17കാരിയും തമ്മിൽ വിവാഹം; താലിക്കെട്ടിന് തലേദിവസം പോലീസ് തടഞ്ഞു...
സംഭവത്തിൽ പെൺകുട്ടിയുടെ അമ്മ, രണ്ടാനച്ഛൻ, വരൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
പത്തനംതിട്ട: പതിനേഴ് വയസുകാരിയും മുപ്പത് വയസുകാരനും തമ്മിലുള്ള വിവാഹം പോലീസ് തടഞ്ഞു. പത്തനംതിട്ട അടൂർ ഏനാത്ത് കന്നിമല സ്വദേശിയായ പെൺകുട്ടിയുടെ വിവാഹമാണ് പോലീസ് തടഞ്ഞത്. സംഭവത്തിൽ പെൺകുട്ടിയുടെ അമ്മ, രണ്ടാനച്ഛൻ, വരൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
പ്ലസ് വൺ വിദ്യാർത്ഥിനിയായ 17കാരിയും പൂതങ്കര സ്വദേശിയായ 30കാരനും തമ്മിലുള്ള വിവാഹം ഏപ്രിൽ രണ്ടിനാണ് നിശ്ചയിച്ചിരുന്നത്. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ. ഇതിനുവേണ്ടി ഹോട്ടൽ മുറികളും ആഡിറ്റോറിയവും ടൂറിസ്റ്റ് ബസുമെല്ലാം ബുക്ക് ചെയ്തിരുന്നു. വളരെ അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മാത്രമായിരുന്നു ക്ഷണം. പെൺകുട്ടിക്ക് പ്രായപൂർത്തിയാകാത്തതിനാൽ വിവാഹ ക്ഷണക്കത്തും അടിച്ചിരുന്നില്ല.

ഏഴ് മാസം മുൻപാണ് 2018 ഏപ്രിൽ രണ്ടിന് വിവാഹം നടത്താമെന്ന് ഇരുകൂട്ടരും നിശ്ചയിച്ചത്. എന്നാൽ വിവാഹത്തിന്റെ തലേദിവസം മാത്രമാണ് ഏനാത്ത് പോലീസിന് വിവാഹത്തെക്കുറിച്ച് വിവരം ലഭിച്ചത്. തുടർന്ന് എസ്ഐ ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പെൺകുട്ടിയുടെ വീട്ടിലെത്തി വിവാഹം നടത്താനുള്ള ശ്രമം തടയുകയായിരുന്നു. അറസ്റ്റിലായ മൂന്ന് പേർക്കെതിരെയും ശൈശവ വിവാഹ നിരോധന നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.












Click it and Unblock the Notifications