നഗ്നശരീരത്തില്‍ ചിത്രംവരപ്പിക്കല്‍; രഹ്ന ഫാത്തിമക്കെതിരെ ക്രിമിനല്‍ കേസെടുത്തു, കമ്മീഷന്‍ ഇടപെട്ടു
തിരുവനന്തപുരം: കുട്ടികളെ കൊണ്ട് നഗ്നശരീരത്തില്‍ ചിത്രം വരപ്പിച്ച സംഭവത്തില്‍ രഹ്ന ഫാത്തിമക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കാന്‍ ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം. ചിത്രം വരപ്പിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചതാണ് രഹ്ന ഫാത്തിമയ്ക്ക് വിനയായത്. പോക്‌സോ നിയമത്തിലെ വകുപ്പുകള്‍ പ്രകാരമായിരിക്കും നടപടി. ഈ വകുപ്പ് പ്രകാരം നടപടിയെടുക്കേണ്ടത് അനിവാര്യമാണെന്ന് കമ്മീഷന്‍ വ്യക്തമാക്കി.

Recommended Video
പത്തനംതിട്ട ജില്ലാ പോലീസ് മേധാവി സംഭവം അന്വേഷിക്കണം. പത്ത് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. വീഡിയോ സോഷ്യല്‍ മീഡിയയില്‍ നിന്ന് നീക്കം ചെയ്യാന്‍ സൈബര്‍ സെല്‍ നടപടിയെയുക്കണം. വീഡിയോയിലെ കുട്ടികളുടെ ജീവിത സാഹചര്യം എന്താണെന്ന് അന്വേഷിക്കണം. ഇക്കാര്യം പരിശോധിച്ച് പത്തനംതിട്ട ജില്ലാ ശിശു ക്ഷേമസമിതി പത്ത് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ അംഗം കെ നസീര്‍ വ്യക്തമാക്കി.
നഗ്നശരീരം പ്രായപൂര്‍ത്തിയാകാത്ത മക്കള്‍ക്ക് ചിത്രം വരയ്ക്കാന്‍ വിട്ടുനല്‍കിയതാണ് വിവാദമായത്. മാത്രമല്ല ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തു. കുട്ടികളുടെ മാനസിക നില തകരാറിലാകാന്‍ കാരണമാകുന്ന പ്രവര്‍ത്തനമാണിതെന്ന് മനശാസ്ത്ര വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഈ വിഷയത്തില്‍ രഹ്ന ഫാത്തിമക്കെതിരെ തിരുവല്ല പോലീസ് കേസെടുത്തിട്ടുണ്ട്. ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്‌റി എവി അരുണ്‍ പ്രകാശിന്റെ പരാതിയിലാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.
സംഭവത്തില്‍ രഹ്ന ഫാത്തിമക്കെതിരെ ശക്തമായ പ്രതിഷേധമാണ് വിവിധ കോണുകളില്‍ നിന്ന് ഉയരുന്നത്. അവരെ പിന്തുണച്ചും ചിലര്‍ രംഗത്തുവന്നിട്ടുണ്ട്.












Click it and Unblock the Notifications