കുട്ടികളോട് 'ഇനി വൈകിയെത്തരുത്' എന്ന് ഉപദേശിക്കാം, അല്ലാതെ; പ്രതികരിച്ച് മന്ത്രി വി ശിവൻകുട്ടി
സംസ്ഥാനത്തെ ഒരു സ്‌കൂളിലും കുട്ടികൾക്കെതിരെയുള്ള ഒരു വിവേചനവും ഒരു കാരണവശാലും അനുവദിക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി.
എറണാകുളത്തെ ഒരു സ്‌കൂളിൽ അഞ്ചാം ക്ലാസുകാരനായ ഒരു കുട്ടിയെ ഇരുട്ടുമുറിയിൽ അടച്ചുപൂട്ടി എന്നതടക്കമുള്ള ആരോപണങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഒരു കുട്ടിയോട് ഇങ്ങനെ പെരുമാറാൻ ഒരു അധ്യാപകനോ മാനേജ്‌മന്റിനോ അവകാശമില്ലെന്നും മന്ത്രി പറഞ്ഞു.
കുട്ടി വൈകിയെത്തിയാൽ 'ഇനി വൈകിയെത്തരുത്' എന്ന് ഉപദേശിക്കാം, അല്ലാതെ കുട്ടിയുടെ മാനസികനിലയെ ബാധിക്കുന്ന രീതിയിൽ ഇരുട്ടുമുറിയിൽ അടച്ചിടുന്നത് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല.
ഇത് സ്റ്റേറ്റ് സിലബസ് പഠിപ്പിക്കുന്ന സ്‌കൂളല്ല എന്നാണ് മനസ്സിലാക്കുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തിര റിപ്പോർട്ട് സമർപ്പിക്കാൻ എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ചതിന് ശേഷം കൂടുതൽ നടപടികൾ സ്വീകരിക്കും.

ഇത്തരം വിഷയങ്ങളിൽ സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കുന്നതുകൊണ്ടാണ് ഇത്തരം സംഭവങ്ങൾ കുറഞ്ഞുവരുന്നത്. അധ്യാപകർക്ക് കൃത്യമായ പരിശീലനം ലഭിക്കാത്തത് ഇതിനൊരു കാരണമായിരിക്കാം. മറ്റ് സ്ട്രീമുകളിലെ അധ്യാപകർക്കും കൃത്യമായ പരിശീലനം നിർബന്ധമാക്കുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.
തർക്കങ്ങളുടെ പേരിൽ മാനേജ്മെന്റ് സ്കൂളുകൾ അടച്ചിടാൻ അനുവദിക്കില്ല; മന്ത്രി
സംസ്ഥാനത്തെ ഒരു സ്കൂളും മാനേജ്‌മെൻ്റ് തർക്കങ്ങളുടെ പേരിൽ അടച്ചിടാൻ അനുവദിക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. വിദ്യാർത്ഥികളുടെ അധ്യയനം മുടക്കുന്ന ഒരു നടപടിയും അംഗീകരിക്കില്ല. ഇത്തരം സാഹചര്യങ്ങളിൽ കർശനമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
കേരള വിദ്യാഭ്യാസ ചട്ടങ്ങൾ (K.E.R) അനുസരിച്ച്, സ്കൂളുകൾ അടച്ചിടാൻ മാനേജ്‌മെൻ്റിനോ മറ്റ് വ്യക്തികൾക്കോ അധികാരമില്ല. K.E.R-ലെ അധ്യായം III, റൂൾ 4(1) പ്രകാരം, സ്കൂളുകൾ സർക്കാർ അംഗീകാരത്തോടെയാണ് പ്രവർത്തിക്കേണ്ടത്. ഏതെങ്കിലും സാഹചര്യത്തിൽ സ്കൂളുകൾ അടച്ചിടാൻ തീരുമാനിച്ചാൽ അത് കുട്ടികളുടെ വിദ്യാഭ്യാസ അവകാശ ലംഘനമായി കണക്കാക്കും.
വിദ്യാഭ്യാസ അവകാശ നിയമം (RTE Act, 2009) അനുസരിച്ച്, ആറ് മുതൽ പതിനാല് വയസ്സുവരെയുള്ള കുട്ടികൾക്ക് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം ലഭിക്കേണ്ടത് സർക്കാരിന്റെ ചുമതലയാണ്. ഈ നിയമത്തിലെ അധ്യായം II, സെക്ഷൻ 3 ഈ അവകാശം ഉറപ്പാക്കുന്നു. മാനേജ്‌മെൻ്റ് തർക്കങ്ങൾ കാരണം കുട്ടികളുടെ പഠനം തടസ്സപ്പെടുത്തിയാൽ, ഇത് ഈ നിയമങ്ങളുടെ ലംഘനമാകും.
ഇത്തരം സാഹചര്യങ്ങളിൽ സ്കൂളുകൾ ഏറ്റെടുത്ത് നടത്താൻ സർക്കാരിന് അധികാരമുണ്ട്. ആവശ്യമെങ്കിൽ, മറ്റ് സംവിധാനങ്ങൾ ഉപയോഗിച്ച് കുട്ടികളുടെ പഠനം മുടങ്ങാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications