കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എടപ്പാള്‍ തിയേറ്റര്‍ പീഡനക്കേസ്, കേരളത്തിലെ ആറായിരത്തോളം പോക്‌സോ കേസുകളില്‍ ഏറെ വ്യത്യസ്തമെന്ന് ബാലവകാശ കമ്മീഷന്‍

  • By നാസർ
Google Oneindia Malayalam News

മലപ്പുറം: എടപ്പാളിലെ സിനിമാ തീയറ്റര്‍ പീഡനക്കേസ് കേരളത്തിലെ ആറായിരത്തോളം വരുന്ന പോക്‌സോ കേസുകളില്‍നിന്നും ഏറെ വ്യത്യസ്തമാണെന്നു സംസ്ഥാന ബാലവകാശ സംരക്ഷണ കമ്മീഷന്റെ കണ്ടെത്തല്‍. കേസ് കൈകാര്യം ചെയ്തതില്‍ മലപ്പുറം ചൈല്‍ഡ് ലൈന്‍ അധികൃതര്‍ നിയമലംഘനം നടത്തിയതായും സംസ്ഥാന ബാലവകാശ സംരക്ഷണ കമ്മീഷന്റെ പ്രാഥമിക നിഗമനം.

സംഭവത്തില്‍ മാധ്യമങ്ങളില്‍വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാകേസെടുത്തു. നിലവില്‍ മാധ്യമങ്ങളില്‍വന്ന ശരിയാണെങ്കില്‍ പോക്‌സോ നിയമത്തിലെ നിയമപരമായ നടത്തിപ്പില്‍ ചൈല്‍ഡ്‌ലൈന്‍ വീഴ്ച്ചവരുത്തിയതായാണു കമ്മീഷന്‍ കരുതുന്നത്. ഇതിനാല്‍തന്നെ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ നടപടിക്ക് ശിപാര്‍ശ ചെയ്യാതെ സംഭവത്തിലെ യാഥാര്‍ഥ്യം അറിയാനായി മലപ്പുറം ജില്ലാപോലീസ് മേധാവി, ജില്ലാ ചൈല്‍ഡ്‌വെല്‍ഫെയര്‍കമ്മിറ്റി, ജില്ലാ ചൈല്‍ഡ്‌പ്രൊട്ടക്ഷന്‍ ഓഫീസര്‍, ജില്ലാ ചൈല്‍ഡ്‌ലൈന്‍ എന്നിവരോട് കമ്മീഷന്‍ ചെയര്‍മാന്‍ സി.ജെ ആന്റണി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

theatre

കുട്ടികളുടെ അവകാശ സംരക്ഷണത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന സര്‍ക്കാറിന് കീഴിലുള്ള സമിതികള്‍ ചട്ടംലംഘിച്ചുവെന്നതാണ് കേരളത്തിലെ രജിസ്റ്റര്‍ചെയ്തിട്ടുള്ള ആറായിരത്തോളം പോക്‌സോ കേസുകളില്‍ തിയേറ്റര്‍ കേസിനെ വ്യത്യസ്തമാക്കുന്നതെന്നും ബാലവകാശ കമ്മീഷന്‍ പറയുന്നു. സര്‍ക്കാര്‍ സമിതിയായ പ്രവര്‍ത്തിക്കുന്ന ചൈല്‍ഡ്‌ലൈന്‍ പോലീസിന് വിവരം കൈമാറിയിട്ടും നടപടിയുണ്ടാകാത്തതിനെ തുടര്‍ന്നു മാധ്യമങ്ങളെ സമീപിച്ചത് ചട്ടംലംഘമായാണ് സംരക്ഷണ കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നത്. പോലീസിന്റെ ഭാഗത്തുനിന്നും അനാസ്ഥയുണ്ടെങ്കില്‍ നിയമപരമായി കേസിനെ നേരിടാന്‍ മറ്റുമാര്‍ഗങ്ങള്‍ ചൈല്‍ഡ്‌ലൈനിനുണ്ടെന്നാണു കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നത്. ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ പവറുള്ള ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയേയോ, അല്ലെങ്കില്‍ നേരിട്ടു ജില്ലാജഡ്ജിക്കുമുന്നിലോ ചൈല്‍ഡ്‌ലൈന് വിവരം ബോധ്യപ്പെടുത്താനുള്ള അവസരമുണ്ടായിരുന്നു. മാതാവിന്റെ അറിവോടെ പീഡനത്തിനിരയായ കുഞ്ഞ് മാതാവിനോടൊപ്പം തന്നെ കഴിയുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടും പ്രത്യേക സംരക്ഷണം ആവശ്യമുള്ള കുഞ്ഞിനെ സംഭവം അറിഞ്ഞിട്ടും ഇരുപതു ദിവസത്തോളം അവര്‍ക്കൊപ്പംതന്നെ താമസിക്കാന്‍ അനുവദിച്ചതും കുറ്റകരമായാണ് കമ്മീഷന്‍ കാണുന്നത്.

ഇക്കാര്യം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ അറിയിച്ചാല്‍ ഇവര്‍ക്കു പോലീസിന് നിര്‍ദ്ദേശം നല്‍കാനും നടപടിയെടുക്കാനും കഴിയുമായിരുന്നു. ചെല്‍ഡ്‌വെല്‍ഫെയര്‍ കമ്മിറ്റിയെ പോലീസ് മുഖവിലക്കെടുത്തില്ലെങ്കില്‍ ജില്ലാജഡ്ജിനോടുപറയാനും വ്യവസ്ഥാപിതമായ നിയമമുണ്ടായിരുന്നു. വ്യവസ്ഥാപിതമായ വാതിലുകള്‍ തുറന്നുകിടക്കുമ്പോള്‍ ഓടുപൊളിച്ചു ഇറങ്ങിയ അവസ്ഥയാണ് ഈകേസില്‍ ചൈല്‍ഡ്‌ലൈന്‍ കാണിച്ചതെന്നാണു കമ്മീഷന്‍ കരുതുന്നത്. വിഷയത്തില്‍ ജെ.ജെ ആക്ടറും പോക്‌സോ ആക്ടിലും ലംഘനം നടന്നതായാണ് കരുതുന്നത്. ഇതിനുപുറമെ ചൈല്‍ഡ്‌ലൈന്‍ പരാതി നല്‍കിയിട്ടും കേസെടുക്കാതെ അനാസ്ഥ കാണിച്ച എസ്.ഐയുടെ ചട്ടലംഘനത്തിനെതിരെയും കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കും.

പീഡനത്തിനിരയായ പെണ്‍കുട്ടിക്കു കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നിര്‍ഭയ ഹോമിലെ, ജില്ലാ ശിശുസംരക്ഷസമിതിയുടേയും രണ്ടുപേര്‍ചേര്‍ന്നു കൗണ്‍സിലിംഗ് നല്‍കി. പത്തുവയസ്സുകാരിയായ ഈപെണ്‍കുട്ടിയുടെ ഡിഗ്രിക്കും പ്ലസ്ടുവിനും പഠിക്കുന്ന രണ്ടുസഹോദിമാരെ കണ്ടെത്താന്‍ ഇതുവരെ പോലീസിനോ, ചൈല്‍ഡ്‌വെല്‍ഫെയര്‍ കമ്മിറ്റിക്കോ സാധിച്ചിട്ടില്ല. ഇവര്‍താമസിച്ചിരുന്നിടത്തു ഇവരെ കാണാനില്ല. അതോടൊപ്പംതന്നെ പീഡനത്തിനിരായ പെണ്‍കുട്ടിയെ തേടിഇതുവരെ ആരുംതന്നെ എത്തിയിട്ടില്ല. ഇവര്‍ താമസിച്ചിരുന്നത് പാലക്കാട് ജില്ലയിലായതിനാല്‍ കേസുമായി ബന്ധപ്പെട്ടു വിവരങ്ങള്‍ ലഭിച്ചശേഷം 20ദിവസങ്ങള്‍ക്കുള്ളില്‍ ഇവരെ പാലക്കാട് ചൈല്‍ഡ്‌വെല്‍ഫെയര്‍ കമ്മിക്ക് കൈമാറാനാണ് നീക്കം.

പ്രതികള്‍ക്കെതിരെയുള്ള കേസുകളും വകുപ്പുകളും എടപ്പാള്‍ തീയേറ്റര്‍ പീഡനക്കേസില്‍ സസ്‌പെന്‍ഷനിലായ ചങ്ങരംകുളം എസ്.ഐ: കെ.ജി ബേബിക്കെതിരെയും പോക്‌സോ വകുപ്പ്‌ചേര്‍ത്ത് പോലീസ് കേസെടുത്തു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 166 എ വകുപ്പ് പ്രകാരവും പോക്‌സോ നിയമത്തിലെ 21,19 വകുപ്പുകള്‍ പ്രകാരവുമാണ് എസ്.ഐക്കെതിരെ കേസെടുത്തത്. പീഢന വിവരം അറിഞ്ഞിട്ടും യഥാസമയം നിയമ നടപടികള്‍ സ്വീകരിക്കാതിരുന്നതിനാണ് കേസ്. പീഡനത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ സഹിതം ഏപ്രീല്‍ 26ന് എസ്.ഐക്ക് ചൈല്‍ഡ്‌ലൈന്‍ പരാതി നല്‍കിയിട്ടും കേസെടുക്കാതെ എസ്.ഐ അനാസ്ഥ കാണിക്കുകയായിരുന്നു. പിന്നീട് വാര്‍ത്ത മാധ്യമങ്ങളില്‍വന്നതോടെ കഴിഞ്ഞ 12നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഏപ്രീല്‍ 18നാണ് തിയേറ്ററില്‍വെച്ച് കുഞ്ഞിനെ പീഡിപ്പിച്ചത്.

കേസില്‍ ഒന്നാംപ്രതിയായ പാലക്കാട് തൃത്താല കാങ്കുന്നത്ത് മൊയ്തീന്‍കുട്ടിക്കെതിരെ ചങ്ങരംകുളം പോലീസ് സ്‌റ്റേഷനില്‍ ക്രൈം 103/2018 നമ്പറായി രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്ത്യന്‍ ശിക്ഷാ നിയമ പ്രകാരം ബലാല്‍സംഗത്തിനുള്ള വകുപ്പുകളും കൂടാതെ പോക്‌സോ വകുപ്പ് ആറ്,അഞ്ച്,ഒമ്പത് പ്രകാരമുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്. രണ്ടാം പ്രതിയും പീഡിപ്പിക്കപ്പെട്ട കുട്ടിയുടെ മാതാവുമായ സ്ത്രീക്കെതിരെ പോകസോ നിയമത്തിലെ 16,17വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അനേ്വഷണം നടത്തുന്നത്.

English summary
Children's right commission about Edappal theatre attack case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X