കുട്ടികളെ ഘോഷയാത്രയില്‍ പങ്കെടുപ്പിക്കാന്‍ മുന്‍കൂര്‍ അനുമതി വേണം
തിരുവനന്തപുരം: പതിനാല് വയസ്സിന് താഴെയുള്ള കുട്ടികളെ ഘോഷയാത്രകളില്‍ പങ്കെടുപ്പിക്കരുതെന്ന് സര്‍ക്കാര്‍ ഉത്തരവ്. കുട്ടികളെ പങ്കെടുപ്പിക്കണമെങ്കില്‍ ഇനിമുതല്‍ ജില്ലാ കളക്ടറുടേയും ജില്ലാ പൊലീസ് മേധാവിയുടേയും മുന്‍കൂര്‍ അനുമതി വേണമെന്നും ആഭ്യന്തരവകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ 9.30തിനും 4.30തിനും ഇടയില്‍ കുട്ടികളെ ഘോഷയാത്രയില്‍ പങ്കെടുപ്പിക്കാന്‍ പാടില്ല, കുട്ടികളെ നിര്‍ബന്ധപൂര്‍വ്വം ഘോഷയാത്രകളില്‍ പങ്കെടുപ്പിക്കരുത്, കുട്ടികള്‍ പങ്കെടുക്കുന്ന ഘോഷയാത്രകള്‍ മൂന്ന് മണിക്കൂറില്‍ കൂടാന്‍ പാടില്ല, കുട്ടികളുടെ സുരക്ഷ സംഘാടകര്‍ ഉറപ്പ് വരുത്തണം, വൈദ്യസഹായം നല്‍കാനായി അംബുലന്‍സ് ഉള്‍പ്പെടെയുള്ളവ ക്രമീകരിക്കണം എന്നും ആഭ്യന്തരവകുപ്പ് ഇറക്കിയ ഉത്തരവില്‍ പറയുന്നു.

രാഷ്ട്രീയവും മതപരവുമായ ചടങ്ങുകളില്‍ കുട്ടികളെ നിര്‍ബന്ധപൂര്‍വ്വം പങ്കെടുപ്പിക്കുന്നു എന്നാരോപിച്ച് മലപ്പുറം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് ലഭിച്ച പരാതി പരിഗണിച്ച് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനാണ് സംസ്ഥാന സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരിക്കുന്നത്.












Click it and Unblock the Notifications