'32 ലക്ഷം ശമ്പള കുടിശ്ശിക കിട്ടിയെന്നത് പച്ചക്കള്ളം.'; വിവാദങ്ങള്‍ക്ക് മറുപടിയുമായി ചിന്ത ജെറോം
യുവജന കമ്മീഷൻ ചെയർപേഴ്സൺ ചിന്ത ജെറോം ആണ് ഇപ്പോൾ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നത്. 50000 രൂപയിൽ നിന്ന് ശമ്പളം ഒരുലക്ഷം ആക്കിയതും കുടിശ്ശികയുള്ള തുക കിട്ടിയെന്നു മായിരുന്നു വാർത്ത. ചിന്തയ്ക്ക് മുപ്പത്തി രണ്ട് ലക്ഷം രൂപയാണ് കുടിശ്ശികയായി ലഭിച്ചത് എന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.
ഇപ്പോൾ ഈ വാർത്ത നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് ചിന്ത ജെറോം. മുപ്പത്തിരണ്ട് ലക്ഷം ശമ്പള കുടിശ്ശികയായി കിട്ടിയെന്ന വാർത്ത പച്ചക്കള്ളം ആണ് എന്നാണ് ചിന്ത ജെറോം പറയുന്നത്.. കുടിശ്ശിക ആവശ്യപ്പെട്ട് താനല്ല, കമ്മീഷന്‍ സെക്രട്ടറിയാണ് അപേക്ഷ നല്‍കിയത്. ഹൈക്കോടതി ഉത്തരവിന് പിന്നാലെ മുന്‍ അധ്യക്ഷന്‍ ആര്‍വി രാജേഷും അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് ചിന്ത ജെറോം പറഞ്ഞു.

താന്‍ ജെആര്‍എഫ് ഫെലോഷിപ്പ് വേണ്ട എന്ന് എഴുതിനല്‍കി കൊണ്ടാണ് ആ വലിയ ഉത്തരവാദിത്വം ഏറ്റെടുത്തതെന്ന് ചിന്ത പറഞ്ഞു. മുന്‍ യുവജനക്ഷേമ കമ്മീഷന്‍ അധ്യക്ഷന്റെ ശമ്പളകുടിശിക കൊടുക്കണമെന്ന് കോടതി വിധി ഉണ്ടായിട്ടുണ്ട്. അത് സംബന്ധിച്ച് ആര്‍വി രാജേഷ് അപേക്ഷ നല്‍കിയിട്ടുണ്ട്. ചട്ടപ്രകാരമല്ലാതെ നാളിതുവരെ ഒരു തുകയും കൈപ്പറ്റിയിട്ടില്ല ചിന്ത പറഞ്ഞു.

വിവാദത്തെക്കുറിച്ച് ചിന്താ ജെറോമിന്റെ പ്രതികരണം വായിക്കാം...
മുപ്പത്തിരണ്ട് ലക്ഷം ശമ്പള കുടിശ്ശികയായി കിട്ടിയെന്ന വാർത്ത പച്ചക്കള്ളം ആണ്. അത്രയും തുക ഒരുമിച്ച് കിട്ടിയാൽ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്നും പാർട്ടി പ്രവർത്തകയെന്ന നിലയിൽ അതാണ് തങ്ങളുടെ ശീലമെന്നും ചിന്ത മാധ്യമങ്ങളോട് പറഞ്ഞു.'
"വ്യക്തിപരമായി ഇത്രയും തുകയൊന്നും സൂക്ഷിക്കുന്ന രീതിയോ, പ്രവർത്തന പാരമ്പര്യമോ കുടുംബ അന്തരീക്ഷമോ അല്ല എന്നെപ്പോലൊരാൾക്കുള്ളതെന്ന് അടുത്ത് സഹകരിക്കുന്നവർക്കൊക്കെ അറിയാം. ഇതൊരു വ്യാജ പ്രചരണമാണെന്ന് കരുതി ഞാൻ അത് ഗൗരവത്തിലെടുത്തില്ല.

ചാനലിലെ ചില സുഹൃത്തുക്കളൊക്കെ വിളിച്ചു. എന്തെങ്കിലും സർക്കാർ ഉത്തരവ് ഇറങ്ങിയിട്ടുണ്ടോ, ഉണ്ടെങ്കിൽ വാട്സാപ്പ് ചെയ്യണം എന്നാണ് വിളിച്ചവരോടൊക്കെ പറഞ്ഞത്. ആരും എനിക്കിതുവരെ വാട്സാപ്പ് ചെയ്തുതന്നിട്ടില്ല. യുവജന കമ്മീഷനുമായി ബന്ധപ്പെട്ട് ഇറങ്ങിയിട്ടുള്ള രേഖകളാണ് എന്റെ കൈയിലുള്ളത്. എനിക്ക് മുമ്പ് യുവജന കമ്മീഷന്റെ ചെയർമാനായി പ്രവർത്തിച്ച വ്യക്തി കോടതിയിൽ ഒരു കേസിന് പോയിരുന്നു എന്നാണ് അന്വേഷിച്ചപ്പോൾ മനസിലായത്.

അദ്ദേഹത്തിന് ശമ്പള കുടിശ്ശിക വേണമെന്നാവശ്യപ്പെട്ടാണ് കേസിന് പോയത്. അദ്ദേഹത്തിന്റെ ശമ്പള കുടിശ്ശിക കൊടുക്കണമെന്നാണ് കോടതിയുടെ ഉത്തരവ്. അല്ലാതെ യുവജന കമ്മീഷൻ ചെയർപേഴ്സണ് അംഗീകരിച്ചുവന്ന തുകയല്ലാതെ നാളിതുവരെ ഒരു രൂപ ഞാൻ കൈപ്പറ്റിയിട്ടില്ല.' -ചിന്ത ജെറോം പറഞ്ഞു.












Click it and Unblock the Notifications