സിപിഎം ഫാസിസം വീണ്ടും; ചിത്രലേഖയുടെ ഓട്ടോറിക്ഷ അടിച്ചുതകര്‍ത്തു
കണ്ണൂര്‍: ജാതീയ അതിക്രമത്തിനും സാമൂഹിക ബഹിഷ്‌കരണത്തിനും പിന്നാലെ, സി പി എം പ്രവര്‍ത്തകര്‍ ചിത്രലേഖയുടെ ഓട്ടോറിക്ഷയും അടിച്ചുതകര്‍ത്തതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സി പി എമ്മിന്റെ ഉപരോധത്തിന് പാത്രമായിക്കൊണ്ടിരിക്കുകയാണ് ചിത്രലേഖ എന്ന ദളിത് യുവതി. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഒരു സംഘം ആളുകള്‍ ചിത്രലേഖയുടെ വീട്ടിലെത്തി ഓട്ടോറിക്ഷ തകര്‍ത്തത്.
പുലര്‍ച്ചെ മൂന്ന് മണിയോടെ നാലംഗസംഘം വീട്ടിലെത്തി ചിത്രലേഖയുടെ ഓട്ടോറിക്ഷ അടിച്ചുതകര്‍ക്കുകയായിരുന്നത്രെ. അഭിജിത്ത് എന്ന യുവാവിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്ന് ചിത്രലേഖ പറഞ്ഞതായി ഒരു ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. കണ്ണൂര്‍ പയ്യന്നൂരിലുള്ള അമ്മൂമ്മയുടെ വീട്ടിലായിരുന്നു സംഭവം നടക്കുമ്പോള്‍ ചിത്രലേഖ. ഒറ്റയ്ക്കായിരുന്നത് കൊണ്ട് ബഹളം കേട്ടിട്ടും പുറത്തിറങ്ങാന്‍ പറ്റിയില്ലെന്നും ഇവര്‍ പറയുന്നു.

ഇതാദ്യമായിട്ടല്ല സി പി എം പ്രവര്‍ത്തകര്‍ ചിത്രലേഖയ്‌ക്കെതിരെ ആക്രമണം നടത്തുന്നത്. മുന്‍പ് ചിത്രലേഖയെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും ഓട്ടോറിക്ഷ കയറ്റി ആക്രമിക്കുകയും ചെയ്തിരുന്നു. ചിത്രലേഖയുടെ ഓട്ടോറിക്ഷ തകര്‍ക്കാനും തൊഴിലാളി യൂണിയനില്‍ പെട്ട ആളുകള്‍ ശ്രമിച്ചിരുന്നതായി പരാതിയുണ്ട്. ജീവിക്കാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് ചിത്രലേഖ കണ്ണൂര്‍ കലക്ടറേറ്റ് പടിക്കല്‍ മാസങ്ങളോളം സമരം നടത്തിയിരുന്നു.
വെള്ളിയാഴ്ച ഓട്ടോറിക്ഷ അടിച്ചുതകര്‍ത്ത അഭിജിത്തിനെതിരെ ഇതേ കാരണം പറഞ്ഞ് ചിത്രലേഖ മുന്‍പും പരാതി നല്‍കിയിട്ടുണ്ട്. സി ഐ ടി യു പ്രവര്‍ത്തകരാണ് ചിത്രലേഖയ്‌ക്കെതിരെ അപ്രഖ്യാപിത ഉപരോധം നടത്തുന്നത്. ചിത്രലേഖയുടെ ഭര്‍ത്താവിന് നേരെയും പാര്‍ട്ടി പ്രവര്‍ത്തകരുടെ ആക്രമണം ഉണ്ടായിട്ടുണ്ട്.












Click it and Unblock the Notifications