ക്രിസ്മസ് ബംബര്‍ ലോട്ടറി; 20 കോടി നേടാന്‍ ഇതര സംസ്ഥാനക്കാരുടെ ഒഴുക്ക്, രണ്ടാം സമ്മാനം ഒരു കോടി
കൊച്ചി: ഓണം ബംബര്‍ ലോട്ടറിയുടെ 25 കോടി നെട്ടൂരില്‍ വിറ്റ ടിക്കറ്റിനായിരുന്നു. ശാന്തനായി ടിക്കറ്റുമായി എസ്ബിഐ ബാങ്കിന്റെ ശാഖയില്‍ എത്തിയ വിജയിയെ കേരളം മറന്നിട്ടില്ല. മറ്റൊരു ബംബര്‍ കാലമാണ് കേരളത്തില്‍. ക്രിസ്മസ്-ന്യൂഇയര്‍ ബംബര്‍ ലോട്ടറി വില്‍പ്പന തകൃതിയായി നടക്കുകയാണ്. ഈ മാസം 24നാണ് നറുക്കെടുപ്പ്.
ഓണം ബംബര്‍ കഴിഞ്ഞാല്‍ കേരളത്തില്‍ ഏറ്റവും വലിയ പ്രൈസ് ഉള്ള ബംബറാണ് ക്രിസ്മസ് ബംബര്‍. 20 കോടിയാണ് ഒന്നാം സമ്മാനം. മാത്രമല്ല, പിന്നെയും കോടികളുടെ സമ്മാനങ്ങളും ലക്ഷങ്ങളുടെ സമ്മാനങ്ങളുമുണ്ട്. ടിക്കറ്റ് എടുക്കാന്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും വലിയ താല്‍പ്പര്യം കാണിക്കുന്നുണ്ട്. ലക്ഷക്കണക്കിന് ടിക്കറ്റുകള്‍ വിറ്റുപോയി.

തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ഉത്തരേന്ത്യയില്‍ നിന്നുള്ളവരും വലിയ തോതില്‍ ടിക്കറ്റ് വാങ്ങുന്നുണ്ടെന്ന് കൊച്ചിയിലെ ലോട്ടറി വില്‍പ്പനക്കാര്‍ പറയുന്നു. മലയാളികള്‍ക്ക് പുറമെ ഇതര സംസ്ഥാനക്കാരും കേരളത്തിലെ ലോട്ടറി കൂടുതലായി ശ്രദ്ധിക്കുന്നു എന്നാണ് ഇതില്‍ നിന്ന് മനസിലാകുന്നത്. അടുത്തിടെ ബംബര്‍ ലോട്ടറികള്‍ തമിഴ്‌നാട്ടിലുള്ളവര്‍ക്ക് അടിക്കുകയും ചെയ്തിരുന്നു.
ടിക്കറ്റിന് 400 രൂപ; രണ്ടാം സമ്മാനം 1 കോടി 20 പേര്‍ക്ക്
400 രൂപയാണ് ടിക്കറ്റ് വില. ഒന്നാം സമ്മാനം 20 കോടി രൂപയാണെങ്കിലും വിജയിക്ക് മുഴുവന്‍ തുക കൈയ്യില്‍ കിട്ടില്ല. നികുതികള്‍ ഒഴിവാക്കി പകുതി തുകയാകും കൈയ്യിലെത്തുക. രണ്ടാം സമ്മാനം ഒരു കോടി രൂപയാണ്. 20 പേര്‍ക്കാണ് ഒരു കോടി വീതം ലഭിക്കുക. മൂന്നാം സമ്മാനം പത്ത് ലക്ഷം രൂപ 20 പേര്‍ക്ക് കിട്ടും. നാലാം സമ്മാനം മൂന്ന് ലക്ഷം രൂപയാണ്. ഇതും 20 പേര്‍ക്ക് കിട്ടും.
അഞ്ചാം സമ്മാനം രണ്ട് ലക്ഷം രൂപ വീതമാണ്. ഒരു ലക്ഷം രൂപയുടെ സമ്മാനങ്ങളും ലഭിക്കും. 5000ത്തില്‍ താഴെയുള്ള സംഖ്യയുടെ ചെറു സമ്മാനങ്ങളും നിരവധിയാണ്. നിരവധി സമ്മാനങ്ങള്‍ ഉള്ളതു കൊണ്ടുതന്നെ ടിക്കറ്റിന് ആവശ്യക്കാര്‍ ഏറെയാണ്. ഒന്നിലധികം പേര്‍ ചേര്‍ന്ന് ടിക്കറ്റ് എടുക്കുകയും ചെയ്യുന്നു. ജനുവരി 24ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് നറുക്കെടുപ്പ്.
ലോട്ടറി അടിക്കുന്നവര്‍ നേരിട്ട് രംഗത്തുവരാത്ത അനുഭവങ്ങളുമുണ്ട്. ലോട്ടറി അടിച്ച തുക പൂര്‍ണമായും ചെലവഴിക്കാതെ സൂക്ഷിക്കണം എന്നാണ് ലോട്ടറി വകുപ്പ് പറയുന്നത്. തൊട്ടടുത്ത വര്‍ഷം ആദായ നികുതി കൊടുക്കേണ്ടതുണ്ട്. വലിയൊരു സംഖ്യ നികുതിയായി ഒടുക്കേണ്ടി വരും. ആദ്യ വര്‍ഷം തന്നെ ലോട്ടറി പണം ചെലവഴിച്ചാല്‍ ഈ തുക കൈയ്യില്‍ നിന്ന് കൊടുക്കേണ്ട സാഹചര്യമാകും.












Click it and Unblock the Notifications