ചൂടപ്പം പോലെ വിറ്റ് ക്രിസ്മസ് ബംപര്‍; അച്ചടിച്ച 55 ലക്ഷം ടിക്കറ്റില്‍ 51 ലക്ഷവും വിറ്റു, മുന്നില്‍ പാലക്കാട്!
തിരുവനന്തപുരം: സംസ്ഥാന ലോട്ടറി വകുപ്പ് പുറത്തിറക്കിയ ക്രിസ്മസ് - പുതുവത്സര ബംപര്‍ ടിക്കറ്റുകളുടെ വില്‍പന പൊടിപൊടിക്കുന്നു. ഇന്നലെ വരെയുള്ള കണക്ക് പ്രകാരം ടിക്കറ്റ് വില്‍പന 50 ലക്ഷം കവിഞ്ഞിട്ടുണ്ട്. ഈ മാസം 24 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ വെച്ചാണ് ക്രിസ്മസ് പുതുവത്സര ബംപര്‍ ടിക്കറ്റുകളുടെ നറുക്കെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്.
ഇന്നലെ ഉച്ച വരെ 51.66 ലക്ഷം ടിക്കറ്റുകളാണ് വിറ്റഴിച്ചത്. നറുക്കെടുപ്പിന്റെ തൊട്ട് മുന്‍പ് വരെ ടിക്കറ്റ് വാങ്ങിക്കാം എന്നതിനാല്‍ തന്നെ അച്ചടിച്ച ടിക്കറ്റുകളെല്ലാം വിറ്റഴിക്കാം എന്നാണ് ലോട്ടറി വകുപ്പിന്റെ പ്രതീക്ഷ. ആകെ 55 ലക്ഷം ടിക്കറ്റുകളാണ് ലോട്ടറി വകുപ്പ് അച്ചടിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 47,65,650 ക്രിസ്തുമസ് പുതുവത്സര ബംപര്‍ ടിക്കറ്റുകളാണ് വിറ്റഴിച്ചിരുന്നത്. നേരത്തെ 50 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചിരുന്നത്.

എന്നാല്‍ ആളുകള്‍ ടിക്കറ്റ് വാങ്ങാനെത്തിയതോടെ അഞ്ച് ലക്ഷം ടിക്കറ്റ് കൂടി അച്ചടിക്കുകയായിരുന്നു. ഇതുവരെ പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റഴിച്ചത്. ഇന്നലെ ഉച്ച വരെയുള്ള കണക്കുകള്‍ പ്രകാരം 12,20,520 ടിക്കറ്റുകളാണ് പാലക്കാട് ജില്ലയില്‍ വിറ്റത്. രണ്ടാം സ്ഥാനത്തുള്ള തൃശ്ശൂര്‍ ജില്ലയില്‍ 5,44,340 ടിക്കറ്റുകളും മൂന്നാം സ്ഥാനത്തുള്ള തിരുവനന്തപുരത്ത് 5,15,090 ടിക്കറ്റുകളും വിറ്റു.
3,34,910 ടിക്കറ്റുകള്‍ വിറ്റ കൊല്ലം നാലാം സ്ഥാനത്തും 3,11,780 ടിക്കറ്റുകളുടെ വില്‍പനയോടെ കണ്ണൂര്‍ അഞ്ചാം സ്ഥാനത്തുമാണ്. ഒന്നാം സമ്മാനം 20 കോടി രൂപ നല്‍കുന്ന ക്രിസ്മസ് പുതുവത്സര ബംപറിന്റെ ടിക്കറ്റ് വില 400 രൂപയാണ്. രണ്ടാം സമ്മാനം ഒരു കോടി വീതം 20 പേര്‍ക്ക് ലഭിക്കുന്ന തരത്തിലാണ് സമ്മാന ഘടന. ഒന്നാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റ് വില്‍ക്കുന്ന ഏജന്റിനും കോടികള്‍ സമ്മാനം ലഭിക്കും.
അതിനാല്‍ തന്നെ ഫലത്തില്‍ 22 പേരെ കോടീശ്വരന്‍മാരാക്കുന്ന തരത്തിലാണ് ക്രിസ്മസ് പുതുവത്സര ബംപറിന്റെ സമ്മാന ഘടന രൂപപ്പെടുത്തിയിരിക്കുന്നത്. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം 20 പേര്‍ക്കും നാലാം സമ്മാനമായി മൂന്ന് ലക്ഷം രൂപവീതം 20 പേര്‍ക്കും അഞ്ചാം സമ്മാനമായി രണ്ട് ലക്ഷം രൂപ വീതം 20 പേര്‍ക്കും ലഭിക്കും ഒരു ലക്ഷം രൂപയുടെ ഒമ്പത് സമാശ്വാസ സമ്മാനങ്ങള്‍ കൂടാതെ 5000 രൂപ, 2000 രൂപ, 1000 രൂപ, 500 രൂപ, 400 രൂപ എന്നിങ്ങനെയും സമ്മാനങ്ങളുണ്ട്.
BR 107 നമ്പര്‍ ക്രിസ്തുമസ്- ന്യൂ ഇയര്‍ ബമ്പര്‍ ഭാഗ്യക്കുറി XA, XB, XC, XD, XE, XG, XH, XJ, XK, XL എന്നിങ്ങനെ പത്ത് പരമ്പരകളിലായാണ് ടിക്കറ്റുകളിലാണ് പുറത്തിറക്കിയിരിക്കുന്നത്.












Click it and Unblock the Notifications