ക്രിസ്മസ് - ന്യൂ ഇയർ ബംബർ സമ്മാനം 25 കോടി,അടിച്ചാൽ തിരിഞ്ഞുനോക്കേണ്ട: 26 കോടീശ്വരന്മാർ, 215 ലക്ഷാധിപതികൾ
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്മസ് - ന്യൂ ഇയർ ബംബർ നവംബർ 28 മുതൽ വിൽപ്പന തുടങ്ങും. ഈ വർഷം 25 കോടിയാണ് ഒന്നാം സമ്മാനം. കഴിഞ്ഞ വർഷം 20 കോടി രൂപയായിരുന്നു സമ്മാനം. ലോട്ടറിയിലൂടെ 26 പേർ കോടീശ്വരന്മാരും 215 പേർ ലക്ഷാധിപതികളുമായി മാറും. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 24 പേർക്കും ലഭിക്കും. ആകെ 7,66,992 സമ്മാനങ്ങളാണ് ഇത്തവണ നൽകുന്നത്.
450 രൂപയാണ് ടിക്കറ്റ് വില (അടിസ്ഥാന ടിക്കറ്റ് വില 321.429 രൂപയും 40 ശതമാനം ജി.എസ്.ടി.യും ഉൾപ്പെടെ). CA, CB, CC, CD, CE, CF, CG, CH, CJ, CK, CL, CM എന്നീ 12 സീരീസുകളിലായി ഒരു കോടി എട്ട് ലക്ഷം ടിക്കറ്റുകൾ ഏജന്റുമാർക്ക് വിതരണം ചെയ്യാനാണ് നിശ്ചയിച്ചിട്ടുള്ളത്. വിപണിയിലെ ആവശ്യകത അനുസരിച്ചായിരിക്കും ടിക്കറ്റുകൾ അച്ചടിക്കുകയെന്ന് സർക്കാർ അറിയിച്ചു.

സമ്മാനഘടന ഇങ്ങനെ
ഒന്നാം സമ്മാനം - 25 കോടി രൂപയാണ്. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 24 പേർക്ക് (ഓരോ സീരീസിലും രണ്ടു സമ്മാനം) ലഭിക്കും. മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതം 24 പേർക്ക് (ഓരോ സീരീസിലും രണ്ടു സമ്മാനം).
നാലാം സമ്മാനം - 5 ലക്ഷം രൂപ വീതം 24 പേർക്ക് (ഓരോ സീരീസിലും രണ്ടു സമ്മാനം),അഞ്ചാം സമ്മാനം - ഒരു ലക്ഷം രൂപ വീതം 108 പേർക്ക്, 5,000 രൂപ വീതം - 32,400 പേർക്ക്, - 2,000 രൂപ വീതം - 60,480 പേർക്ക്, - 1,000 രൂപ വീതം - 1,10,160 പേർക്ക്, - 600 രൂപ വീതം - 2,72,160 പേർക്ക്, - 500 രൂപ വീതം - 2,91,600 പേർക്ക്, - സമാശ്വാസ സമ്മാനം - ഒരു ലക്ഷം രൂപ വീതം 11 പേർക്ക് എന്നിങ്ങനെയാണ് സമ്മാനങ്ങൾ. ആകെ 124,01,16,000 രൂപയാണ് സമ്മാനത്തുകയായി നൽകുന്നത്.
നറുക്കെടുപ്പ് 2027 ഫെബ്രുവരി ഒന്നിന് തിരുവനന്തപുരത്ത് നടക്കുമെന്ന് സർക്കാർ പത്രക്കുറിപ്പിൽ അറിയിച്ചു. ഭാഗ്യക്കുറി ടിക്കറ്റുകളുടെ ഓൺലൈൻ വിൽപ്പന നിയമവിരുദ്ധമാണ്. ലൈസൻസുള്ള ഏജന്റുമാരിൽനിന്ന് അച്ചടിച്ച യഥാർഥ ടിക്കറ്റുകൾ മാത്രം വാങ്ങണം. സോഷ്യൽ മീഡിയ വഴിയോ ഡിജിറ്റൽ പേയ്മെന്റ് ലിങ്കുകൾ വഴിയോ ടിക്കറ്റുകൾ വാങ്ങരുതെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ഭാഗ്യക്കുറി ഡയറക്ടർ കെ. ഇമ്പശേഖർ അറിയിച്ചു.
അതേസമയം ഇത്തവൻ പൂജാ ബംപർ നറുക്കെടുപ്പ് നവംബർ 28 ന് നടക്കും. 12 കോടിയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടിയും മൂന്നാം സമ്മാനം ഒരു ലക്ഷവുമാണ്.


Click it and Unblock the Notifications
