ക്രിസ്മസ് ബംപര്‍ 20 കോടിയുടെ യഥാർത്ഥ അവകാശിയാര്? ടിക്കറ്റ് കളഞ്ഞുപോയെന്ന് മുൻ എസ്ഐ, കോടതി ഉത്തരവ്
ഇത്തവണത്തെ ക്രിസ്മസ്-പുതുവത്സര ബംപര്‍ വിവാദത്തിലായിരിക്കുകയാണ്. 20 കോടി ഒന്നാം സമ്മാനത്തുകയുളള ക്രിസ്മസ്-പുതുവത്സര ബംപര്‍ വിജയി കഴിഞ്ഞ ദിവസമാണ് ടിക്കറ്റുമായി ലോട്ടറി വകുപ്പിനെ സമീപിച്ചത്. എന്നാല്‍ ഇത് ആരാണ് എന്ന വിവരം ഇതുവരെ പുറത്ത് വന്നിട്ടില്ല.
അതേസമയം ക്രിസ്മസ്-പുതുവത്സര ബംപര്‍ ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് ഉടമ താനാണെന്നും ടിക്കറ്റ് കയ്യില്‍ നിന്നും നഷ്ടപ്പെട്ടതാണ് എന്നും അവകാശപ്പെട്ട് പിറവം സ്വദേശിയായ മുന്‍ എസ്‌ഐ സജിമോന്‍ രംഗത്ത് വന്നതോടെയാണ് വിവാദമായിരിക്കുന്നത്. സജിമോന്‍ കോടതിയെ സമീപിച്ചതോടെ ലോട്ടറി സമ്മാന വിതരണം കോടതി തടഞ്ഞിരിക്കുകയാണ്.
സജിമോൻ പറയുന്നു: ''ക്രിസ്മസ്-പുതുവത്സര ബംപര്‍ ടിക്കറ്റ് താന്‍ കാഞ്ഞിരപ്പള്ളി ഭാഗത്ത് നിന്നാണ് വാങ്ങിയത്. 24ാം തിയ്യതി നറുക്കെടുപ്പിന്റെ തലേന്ന് ടിക്കറ്റിന് പിറകില്‍ പേരും അഡ്രസും ഫോണ്‍ നമ്പറും എഴുതി വീട്ടില്‍ സൂക്ഷിച്ചിരുന്നു. ആന്ധ്ര സ്വദേശികളായ അയ്യപ്പന്മാര്‍ തന്റെ വാഹനത്തില്‍ യാത്ര ചെയ്തിരുന്നു. അവര്‍ മറന്ന് വെച്ച് പോയ നെയ്പാത്രം അടങ്ങിയ കിറ്റില്‍ ഇട്ടിരുന്നു.

നറുക്കെടുപ്പിന്റെ അന്ന് ഒരു ജോലിക്ക് പോവുകയും ഓണ്‍ലൈനായി റിസള്‍ട്ട് നോക്കുകയും ചെയ്തു.തന്റെ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത് എന്ന് മനസ്സിലാക്കി. പക്ഷേ വീട്ടുകാരെ അപ്പോള്‍ അറിയിച്ചില്ല. 8 മണിയോടെ അടുപ്പിച്ച് വീട്ടിലെത്തി. വൈഫിനോട് ടിക്കറ്റ് നോക്കി എടുക്കാന്‍ പറഞ്ഞു. പക്ഷേ എവിടെയാണ് ടിക്കറ്റ് വെച്ചത് എന്ന് ഓര്‍ത്തെടുക്കാന്‍ സാധിച്ചില്ല.
ജനുവരി 30ന് ആന്ധ്ര സ്വദേശികളായ അയ്യപ്പന്മാര്‍ ആവശ്യപ്പെട്ടതിന് അനുസരിച്ച് നെയ്പാത്രം കൊറിയര്‍ ചെയ്തു. അവര്‍ കിറ്റ് സഹിതം തൂക്കി രസീത് തന്നു. ഒന്നാം തിയ്യതി വൈകിട്ടോടെയാണ് ടിക്കറ്റ് ഈ നെയ്പാത്രം അടങ്ങിയ കിറ്റിനകത്ത് ആണെന്നും കൊറിയര്‍ ചെയ്തതില്‍ വെച്ച് മറന്ന് പോയെന്നതും ഓര്‍മ്മ വെച്ചു. കൊറിയര്‍ ചെയ്ത ആളെ വിളിച്ച് റിട്ടേണ്‍ ചെയ്യാന്‍ ആവശ്യപ്പെട്ടു.
ഓഫീസിലെത്തി അന്വേഷിച്ചപ്പോള്‍ അത് ഡെലിവറി ചെയ്തു എന്ന് പറഞ്ഞു. രണ്ട് ദിവസം അവിടെ ഹോള്‍ഡ് ചെയ്ത ശേഷം തിരിച്ച് അയക്കുമെന്ന് അവര്‍ പറഞ്ഞു. അയ്യപ്പന്മാരില്‍ ഒരാളെ വിളിച്ച് ചോദിച്ചപ്പോള്‍ കൊറിയര്‍ കിട്ടിയെന്നും അതില്‍ നെയ്പാത്രം മാത്രമേ ഉളളൂ കിറ്റ് ഇല്ലെന്നും പറഞ്ഞു. വീണ്ടും കൊറിയര്‍ സ്ഥാപനത്തില്‍ എത്തി ചോദിച്ചപ്പോള്‍ അവര്‍ പരസ്പര വിരുദ്ധമായാണ് സംസാരിച്ചത്. തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്.
പോലീസ് എത്തി സിസിടിവി വിഷ്വല്‍ പരിശോധിച്ചു. താന്‍ ഇരിക്കുന്നതും കിറ്റ് അടക്കമുളളവ ഉളളതും വീഡിയോയില്‍ കണ്ടു. പക്ഷേ കിറ്റ് അന്വേഷിച്ച് കിട്ടിയില്ല. തുടര്‍ന്നാണ് കോടതിയെ സമീപിച്ചത്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആണ് ഇപ്പോള്‍ സമ്മാനത്തുക വിതരണം ചെയ്യുന്നത് തടഞ്ഞ് കൊണ്ട് ലോട്ടറി വകുപ്പിന് നോട്ടീസ് അയച്ചിരിക്കുന്നത്. യഥാര്‍ത്ഥ അവകാശിയായ തനിക്ക് തന്നെ സമ്മാനം നല്‍കണം''.












Click it and Unblock the Notifications