ചുരിദാർ അനുവദിക്കണം: കോടതിയിലെ ഡ്രസ് കോഡ് പരിഷ്കരിക്കണമെന്ന് വനിത ഉദ്യോഗസ്ഥർ
കൊച്ചി: കടുത്ത വേനല്‍ ചൂടില്‍ നിന്നും രക്ഷ നേടാന്‍ ചുരിദാർ ധരിച്ച് കോടതിയില്‍ ഹാജരാകാന്‍ അനുമതി തേടി വനിത ജുഡീഷ്യല്‍ ഓഫീസർമാർ. സാരിയും വെള്ള കോളർ ബാൻഡും കറുത്ത ഗൗണും ധരിച്ച് വേനൽ മാസങ്ങളിൽ പോലും വളരേയേറെ തിരക്കേറിയ കോടതി മുറികളില്‍ ജോലി ചെയ്യുന്നത് സഹിക്കാന്‍ കഴിയുന്ന കാര്യമല്ലെന്നാണ് ജുഡീഷ്യല്‍ ഓഫീസർമാർ അപേക്ഷയിലൂടെ വ്യക്തമാക്കുന്നത്.
1970 ഒക്ടോബർ ഒന്നിനാണ് നിലവിലെ ഡ്രസ് കോഡായ സാരിയും വെളുത്ത കോളർ ബാൻഡും കറുത്ത ഗൗണും നിലവില്‍ വന്നത്. എന്നാൽ, കാലവും കാലാവസ്ഥയും മാറിയ സാഹചര്യത്തിൽ ഡ്രസ് കോഡ് പരിഷ്കരിക്കണമെന്നാണ് വനിത ജുഡീഷ്യൽ ഓഫിസർമാർ വ്യക്തമാക്കുന്നത്. വേനൽക്കാലത്ത് താപനില 40 ഡിഗ്രി സെൽഷ്യസിൽ എത്തുമ്പോഴും വായുസഞ്ചാരമില്ലാത്ത കോടതി മുറികളിലും തിങ്ങിനിറഞ്ഞ ഹാളുകളിലും ജോലി ചെയ്യുന്നത് സ്ത്രീകളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നുവെന്നും അപേക്ഷയില്‍ ചൂണ്ടിക്കാണിക്കുന്നു.

ചൂടുള്ള സാഹചര്യങ്ങളില്‍ സാരി ധരിക്കുന്നത് വളരെ അസുഖകരവും വിഷമകരവുമാണ്. ഇതുകൊണ്ട് തന്നെ ചുരിദാറുകൾ ധരിക്കാൻ സ്ത്രീകളെ അനുവദിക്കണം. 53 വർഷം മുമ്പ് അവതരിപ്പിച്ച ഡ്രസ് കോഡ് പരിഷ്കരിക്കേണ്ട സമയമാണിതെന്നും ഉദ്യോഗസ്ഥർ പറയുന്നു. കോടതി ഹാളുകളിൽ ചുരിദാർ ധരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷ വനിതാ ഉദ്യോഗസ്ഥർ കേരള ഹൈക്കോടതി രജിസ്ട്രി മുമ്പാകെയാണ് നല്‍കിയിരിക്കുന്നത്. ഹൈകോടതി ജഡ്ജിമാരടങ്ങുന്ന സമിതിയാകും ഇക്കാര്യത്തിൽ തീരുമാനം എടുക്കുക. ഡ്രസ് കോഡ് പരിഷ്കരിക്കുന്ന കാര്യം തീരുമാനിക്കേണ്ടത് ഈ സമിതിയാണ്.
സാരിക്ക് പുറമെ സ്ത്രീകൾക്ക് സൽവാർ / ചുരിദാർ / നീളൻ പാവാട / പാന്റ് എന്നിവ ധരിക്കാൻ അനുവദിച്ചുകൊണ്ട് തെലങ്കാന ഹൈക്കോടതി അടുത്തിടെ ഡ്രസ് കോഡ് പരിഷ്കരിച്ചതായും വനിത ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. ഓഫീസർമാരുടെ വസ്ത്രധാരണം അവരുടെ ഓഫീസിന്റെ അന്തസ്സിനു യോജിച്ചതായിരിക്കണമെന്ന് മാത്രമാണ് തെലങ്കാന കോടതി ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
വേനൽക്കാലത്ത് വായുസഞ്ചാരമില്ലാത്തതും തിരക്കേറിയതുമായ കോടതി ഹാളുകളിൽ ഇരിക്കുന്നത് അങ്ങേയറ്റം ക്ഷീണമുണ്ടാക്കുന്നതും ശ്വാസംമുട്ടലുമാണെന്നുമാണ് ഒരു വനിതാ ഉദ്യോഗസ്ഥയെ ഉദ്ധരിച്ച് ദ ഹിന്ദു റിപ്പോർട്ട് ചെയ്യുന്നത്. പുതുതായി നിർമിച്ച കെട്ടിടങ്ങളൊഴികെ, മിക്ക കോടതി മുറികളിലും ശരിയായ വെന്റിലേഷനോ എയർ കണ്ടീഷണറോ ഇല്ല. അടിക്കടിയുള്ള വൈദ്യുതി തടസ്സങ്ങളും പവർ ബാക്കപ്പ് സംവിധാനങ്ങളുടെ അഭാവവും വേനൽക്കാലത്ത് സ്ഥിതി കൂടുതൽ വഷളാക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications