സി ഐ സുധീറിനെ സംരക്ഷിക്കുന്നത് ഒരു സിപിഎം ജില്ലാ സെക്രട്ടറി: വിഡി സതീശന്‍
ആലുവ: മൊഫിയയുടെ മരണത്തില്‍ ആരോപണ വിധേയനായി സസ്പെന്‍ഡ് ചെയ്യപ്പെട്ട ആലുവ സ്റ്റേഷന്‍ മുന്‍ സി ഐ സുധീറിനെ സംരക്ഷിച്ചത് പ്രമുഖ സി പി എം നേതാക്കള്‍ ഇടപെട്ടാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഒരു സി പി എം ജില്ലാ സെക്രട്ടറിയാണ് സുധീറിന് വേണ്ട ഇടപെടലുകള്‍ നടത്തിത്. സംഭവത്തിന് പിന്നാലെ ആരോപണവിധേയനായ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയെന്ന വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അതേ സ്റ്റേഷനില്‍ തന്നെ ആരോപണ വിധേയനായ പൊലീസുകാരന്‍ വീണ്ടും തുടരുന്ന സാഹചര്യമാണ് നാം കണ്ടതെന്നും വിഡി സതീശന്‍ പറഞ്ഞു.

ഉദ്യോഗസ്ഥനെ മാറ്റി എന്ന് പറഞ്ഞ് സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുകയായിരുന്നു. ഇതേ തുടർന്നാണ് അന്‍വർ സാദത്ത് എം എല്‍ എയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവർത്തകർ പൊലീസ് സ്റ്റേഷനില്‍ സമരം ആരംഭിച്ചത്. നേരത്തേയും സമാനമായ പല ആരോപണങ്ങളും ഈ ഉദ്യോഗസ്ഥന് നേരെയുണ്ടായിട്ടുണ്ടെങ്കിലും അപ്പോഴൊന്നും തക്കതായ നടപടിയുണ്ടായില്ല. സി പി എമ്മിന്റെ ഒരു ജില്ലാ സെക്രട്ടറിയാണ് ഇയാളെ സംരക്ഷിക്കുന്നതാണ് അന്വേഷിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞത്. ര്‍ട്ടി സംരക്ഷണം ലഭിക്കുന്നതുകൊണ്ടാണ് എന്തും ചെയ്യാനുള്ള ധൈര്യം സുധീറിനെ പോലെയുള്ളവര്‍ക്ക് ഉണ്ടാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
മൊഫിയയുടെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു പ്രതിപക്ഷ നേതാവ്. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ 'മകള്‍ക്കൊപ്പം' എന്ന പേരില്‍ നടത്തുന്ന ക്യാമ്പെയ്‌നുമായി കോണ്‍ഗ്രസ് അതിശക്തമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം അറിയിച്ചു. സ്ത്രീധനത്തിന്റെ പേരില്‍ നടക്കുന്ന ആത്മഹത്യകളും കൊലപാതകങ്ങളും ആവര്‍ത്തിക്കാതിരിക്കാന്‍ ആരംഭിച്ച 'മകള്‍ക്കൊപ്പം' കാമ്പയിന്റെ മൂന്നാം ഘട്ടത്തില്‍ കേരളത്തിലെ കലാലയങ്ങള്‍ കേന്ദ്രീകരിച്ചുള്ള സംവാദങ്ങളും ബോധവത്ക്കരണ പരിപാടികളും സംഘടിപ്പിക്കും.
ആലുവയില്‍ ആത്മഹത്യ ചെയ്ത നിയമ വിദ്യാര്‍ഥിനി മോഫിയ പഠിച്ചിരുന്ന തൊടുപുഴ അല്‍-അസര്‍ കോളജില്‍ നിന്നാണ് 'മകള്‍ക്കൊപ്പം' മൂന്നാംഘട്ടത്തിന് തുടക്കം കുറിക്കുന്നത്. ഇതിനായി ഡിസംബര്‍ മൂന്നിന് ഞാന്‍ അല്‍ അസര്‍ കോളജിലെത്തും. കുട്ടികളില്‍ അത്മവിശ്വാസവും പ്രതിസന്ധികളെ മറികടക്കാനുള്ള ധൈര്യവും ഉണ്ടാക്കുകയാണ് കാമ്പയിന്റെ ലക്ഷ്യം. പെണ്‍കുട്ടികളോട് എങ്ങനെയാണ് പെരുമാറേണ്ടതെന്ന് ആണ്‍കുട്ടികളും പഠിക്കണം. വിവാഹം കഴിക്കുന്ന പെണ്‍കുട്ടിയെ പങ്കാളിയായി കണ്ട് പരസ്പര ബഹുമാനത്തോടെ പെരുമാറാന്‍ ആണ്‍കുട്ടികള്‍ക്ക് കഴിയണം. ഇനി ഒരു കുടുംബത്തിനും സ്ത്രീധനത്തിന്റെ പേരില്‍ മകളെ നഷ്ടപ്പെടാതിരിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് പൊതുപ്രവര്‍ത്തകരും പൊതുസമൂഹവും ഏറ്റെടുക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications