വമ്പൻ കുതിപ്പിന് സിയാൽ; 7 പദ്ധതികൾ മുഖ്യമന്ത്രി അനാവരണം ചെയ്യും
വികസന ചരിത്രത്തിൽ നിർണായകമായ ഘട്ടത്തിന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡ് (സിയാൽ) തുടക്കമിടുന്നു. യാത്രക്കാരുടെ എണ്ണത്തിലുണ്ടാകുന്ന വർധനവ്, വിമാനത്താവള ആധുനികവത്കരണം, വിനോദ സഞ്ചാര സാധ്യത, കാർഷിക മേഖലയുടെ വളർച്ച മുതലായ ഘടകങ്ങൾ മുൻനിർത്തി, അടിസ്ഥാന സൗകര്യവികസനം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന 7 പദ്ധതികൾക്കാണ് ഒരൊറ്റദിനത്തിൽ സിയാൽ തുടക്കം കുറിക്കുന്നത്. 2023 ഒക്ടോബർ 2, തിങ്കളാഴ്ച, മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതികൾ ഉദ്ഘാടനം ചെയ്യും.
കാർഗോയിലും യാത്രക്കാരുടെ എണ്ണത്തിലും ഉണ്ടാകുന്ന വളർച്ച ഉൾകൊള്ളത്തക്ക വിധം വിഭാവനം ചെയ്തിട്ടുള്ള 7 പദ്ധതികളാണ് സിയാൽ സജ്ജമാക്കിയിട്ടുള്ളത്. ഇവയിൽ കാർഗോ ടെർമിനൽ, ഡിജിയാത്ര, എയർപോർട്ട് എമർജൻസി സർവീസ് ആധുനികവത്ക്കരണം എന്നിവയും അന്നേദിവസം ഉദ്ഘാടനം ചെയ്യും.രാജ്യാന്തര ടെർമിനൽ വികസനത്തിന്റെ ഒന്നാം ഘട്ട വികസനം, എയ്‌റോ ലോഞ്ച്, ഗോൾഫ് ടൂറിസം, ഇലക്ട്രോണിക് സുരക്ഷാ വലയം എന്നിവയുടെ നിർമാണ പ്രവർത്തനങ്ങളുടെ തറക്കല്ലിടും അന്ന് നടക്കും.

പദ്ധതികളുടെ വിശദാംശങ്ങൾ:
നിലവിലെ രാജ്യാന്തര ടെർമിനലിന്റെ വടക്കുഭാഗത്തുകൂടി 15 ലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ പുതിയ ഏപ്രൺ, 8 പുതിയ എയ്‌റോബ്രിഡ്ജുകൾ ഉൾപ്പെടെ 5 ലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ രാജ്യാന്തര ടെർമിനൽ വികസനം എന്നിവ നടപ്പാക്കും. ഇതോടെ വിമാന പാർക്കിംഗ് ബേയുടെ എണ്ണം 44 ആയി ഉയരും. ഭാവിയിലെ ട്രാഫിക് വളർച്ച പരിഗണിച്ച് തയ്യാറാക്കിയിട്ടുള്ള ഈ പദ്ധതിയുടെ ഒന്നാം ഘട്ടത്തിന് തറക്കല്ലിടലാണ് നടക്കുന്നത്.
ഇംപോർട്ട് കാർഗോ ടെർമിനൽ ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ സിയാലിൻറെ പ്രതിവർഷ കാർഗോ കൈകാര്യം ചെയ്യൽ ശേഷി 2 ലക്ഷം മെട്രിക് ടണ്ണായി വർധിക്കും. നിലവിലെ കാർഗോ സ്ഥലം മുഴുവനും കയറ്റുമതി ആവശ്യങ്ങൾക്ക് ഉപയോഗിക്കാനുമാകും. കേരളത്തിലെ കാർഷികോത്പന്നങ്ങൾക്ക് ആഗോള വിപണി കണ്ടെത്തുന്നതിനായുള്ള നയങ്ങൾക്ക് ഇത് കരുത്ത് പകരും.
യാത്രക്കാർക്ക് ഹ്രസ്വസമയ വിശ്രമത്തിന് രണ്ടാം ടെർമിനലിന് സമീപം പണികഴിപ്പിക്കുന്ന, ' 0484 ലക്ഷ്വറി എയ്‌റോ ലോഞ്ചിൽ 42 ആഡംബര ഗസ്റ്റ് റൂമുകൾ, റസ്റ്റൊറൻറ്, മിനി കോൺഫറൻസ് ഹാൾ, ബോർഡ് റൂം, ജിം, സ്പാ എന്നിവയടക്കം ഉണ്ട്. നിർമാണം പൂർത്തിയാകുന്നതോടെ രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവള ലോഞ്ചായി ഇത് മാറും.
വിമാനത്താവള ടെർമിനലുകളിലെ പുറപ്പെടൽ പ്രക്രിയ, ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൂടുതൽ കാര്യക്ഷമവും സുഗമവുമാക്കുന്ന സംവിധാനമാണ് ഡിജിയാത്ര. കൊച്ചി വിമാനത്താവളത്തിൽ ഡിജിയാത്ര സോഫ്ട്‌വെയർ രൂപകൽപന ചെയ്തത് സിയാലിൻറെ തന്നെ ഐ.ടി വിഭാഗമാണ്. ഇതിന്റെ ഉദ്ഘാടനവും അന്ന് നടക്കും. ആഭ്യന്തര ടെർമിനലിൽ 22 ഗേറ്റുകളിൽ യാത്രക്കാരുടെ മുഖം തിരിച്ചറിഞ്ഞ് പ്രവേശനം സുഗമമാക്കുന്നു. ബെൽജിയത്തിൽ നിന്ന് ഇറക്കുമതി ചെയ്ത ഇ-ഗേറ്റുകൾ ആണ് ഇവിടെ ഉപയോഗിക്കുക.
വിമാനത്താവള അഗ്‌നിശമന സേനയെ എയർപോർട്ട് എമർജൻസി സർവീസ് എന്ന നിലയിലേയ്ക്ക് ആധുനികവത്ക്കരിക്കും. അടിയന്തരാവശ്യ വാഹനവ്യൂഹത്തിലേയ്ക്ക് ഓസ്ട്രിയൻ നിർമിത രണ്ട് ഫയർ എൻജിനുകൾ, മറ്റ് ആധുനിക വാഹനങ്ങൾ കൂട്ടിച്ചേർക്കപ്പെട്ടു. ഇവയുടെ പ്രവർത്തന ഉദ്ഘാടനം. അത്യാഹിതങ്ങളിൽ അതിവേഗം പ്രതികരിക്കാൻ ഇവ സിയാലിനെ പ്രാപ്തമാക്കും.
കൊച്ചി വിമാനത്താവളത്തിൻറെ ഓപ്പറേഷണൽ മേഖലയുടെ സുരക്ഷ വർധിപ്പിക്കാൻ അത്യാധുനിക ഇലക്ട്രോണിക് സുരക്ഷാവലയം തീർക്കും. പെരിമീറ്റർ ഇൻട്രൂഷൻ ഡിറ്റക്ഷൻ സിസ്റ്റം (പി. ഐ. ഡി. എസ്) എന്ന ഈ സംവിധാനത്തിൻറെ നിർമാണ ഉദ്ഘാടനം. വിമാനത്താവളത്തിന്റെ പന്ത്രണ്ട് കിലോമീറ്ററോളം വരുന്ന സുരക്ഷാമതിലിൽ മാരകമാകാത്ത വിധമുള്ള വൈദ്യുതവേലിയും ഫൈബർ ഒപ്റ്റിക് വൈബ്രേഷൻ സെൻസറും തെർമൽ ക്യാമറകളും സ്ഥാപിച്ച് സിയാലിൻറെ സെക്യൂരിറ്റി ഓപ്പറേഷൻസ് കൺട്രോൾ കേന്ദ്രവുമായി ബന്ധപ്പെടുത്തുന്നു. ചുറ്റുമതിലിന് സമീപമുണ്ടാകുന്ന നേരിയ കമ്പനങ്ങളും താപവ്യതിയാനങ്ങളും തത്സമയം തിരിച്ചറിയുന്നതിലൂടെ വിമാനത്താവളത്തിന് നേരെയുണ്ടാവുന്ന നുഴഞ്ഞുകയറ്റ ശ്രമങ്ങൾ ഉടനടി മനസിലാക്കാനും പ്രതിരോധ പ്രവർത്തനം സജ്ജമാക്കാനും കഴിയും.












Click it and Unblock the Notifications