'ഇംഗ്ലീഷ് ഡിക്ഷണറി' തുറക്കുമ്പോള്‍ കഞ്ചാവ്; സ്റ്റണ്ട് മാനെ പൊക്കി എക്‌സൈസ്
തിരുവനന്തപുരം: സിനിമാക്കഥകള്‍ പോലെ വിചിത്രമാണ് കഞ്ചാവ് ഒളിപ്പിക്കാന്‍ ലഹരി ഇടപാടുകാര്‍ തിരഞ്ഞെടുക്കുന്ന വഴികള്‍. ശരീരത്തിലെ സ്വകാര്യ ഭാഗങ്ങളില്‍ ഉള്‍പ്പെടെ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്തുന്ന നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ 'ഇംഗ്ലീഷ് ഡിക്ഷണറി' എന്ന് എഴുതിയ പുസ്തക രൂപത്തിലുള്ള പെട്ടിയില്‍ സൂക്ഷിച്ച കഞ്ചാവാണ് പൊലീസ് പിടികൂടിയത്.
തിരുവനന്തപുരത്ത് സിനിമാ ഷൂട്ടിങ് സംഘം താമസിക്കുന്ന ഹോട്ടല്‍ മുറിയില്‍ പൊലീസ് നടത്തിയ റെയ്ഡിലാണ് കഞ്ചാവ് പിടിച്ചെടുത്തത്. സിനിമ പ്രവര്‍ത്തകനായ തമിഴനാട് സ്വദേശിയില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്. തമിഴ്‌നാട് വേലൂര്‍ സ്വദേശി മഹേശ്വറിനെയാണ് പൊലീസ് പിടികൂടിയത്. സിനിമയിലെ സ്റ്റണ്ട് മാസ്റ്ററാണ് ഇയാള്‍. ഇംഗ്ലീഷ് ഡിഷ്ണറിയുടെ രൂപത്തിലുള്ള ബോക്‌സിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. ഒറ്റനോട്ടത്തില്‍ ഇംഗ്ലിഷ് ഡിക്ഷണറി ആണെന്നേ തോന്നൂ.

നിവിന്‍ പോളി നായകനായ ബേബി ഗേള്‍ എന്ന സിനിമയുടെ ഷൂട്ടിങ്ങിന്റെ ഭാഗമായിട്ടാണ് ഇയാള്‍ തിരുവനന്തപുരത്ത് എത്തിയത്. ഇവര്‍ താമസിച്ചിരുന്ന തൈക്കാടുള്ള ഹോട്ടലില്‍ നിന്നാണ് കഞ്ചാവ് പിടിച്ചത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ആണ് പരിശോധന നടത്തിയത്. ഈ പരിശോധനയിലാണ് ഇയാള്‍ പിടിയിലാകുന്നതും. 30 ഗ്രാം കഞ്ചാവാണ് ഇയാളുടെ മുറിയില്‍ നിന്നും പിടികൂടിയത്.
ഇയാളുടെ പക്കല്‍നിന്ന് കഞ്ചാവ് ചില്ലറ വില്‍പന നടത്താന്‍ ഉപയോഗിക്കുന്ന പോളിത്തീന്‍ കവറുകളും പിടിച്ചെടുത്തിട്ടുണ്ട്. സെറ്റിലെ മറ്റുള്ളവര്‍ക്ക് ഇയാള്‍ ലഹരിവസ്തുക്കള്‍ വിറ്റിരുന്നോ എന്ന് സംശയമുണ്ടെന്നും ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ വ്യാപകമായി വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ അന്വേഷണം സിനിമാ മേഖലയിലേക്കും വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് എക്‌സൈസ്. മഹേശ്വറെ ചോദ്യം ചെയ്തപ്പോള്‍ സിനിമ സെറ്റുകളിലേക്ക് ലഹരി വസ്തുക്കള്‍ എത്തിക്കുന്ന സംഘത്തിലെ പ്രധാനികളെപ്പറ്റി വിവരം ലഭിച്ചെന്നും ചില സിനിമാ പ്രവര്‍ത്തകര്‍ നിരീക്ഷണത്തിലാണെന്നും എക്‌സൈസ് സംഘം പറഞ്ഞു.
എക്‌സൈസ് കമ്മിഷണറുടെ നിര്‍ദേശമനുസരിച്ചായിരുന്നു പരിശോധന. തിരുവനന്തപുരം എക്സൈസ് ഐബി സംഘം, തിരുവനന്തപുരം എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നാര്‍കോട്ടിക് സ്‌പെഷല്‍ സ്‌ക്വാഡ് എന്നിവരും പരിശോധനയുടെ ഭാഗമായി.












Click it and Unblock the Notifications