സിംഗിൾ ഡ്യൂട്ടി ആംഗീകരിച്ച് സിഐടിയുവും ബിഎംഎസും, പണിമുടക്കുമായി ടിഡിഎഫ്
തിരുവനന്തപുരം: കെഎസ്ആർടിയിയിൽ സിംഗിൾ ഡ്യൂട്ടി ഒക്ടോബർ 1 മുതൽ നടപ്പിലാക്കാൻ ധാരണ.തൊഴിലാളി നേതാക്കളുമായി മാനേജ്മെമെന്റ് നടത്തിയ രണ്ടാം വട്ട ചർച്ചയിലാണ് ഇത് സംബന്ധിച്ച തീരുമാനം ആയത്. ആഴ്ചയിൽ ആറ് ദിവസമാണ് സിംഗിൾ ഡ്യൂട്ടി നടപ്പാക്കുക.
8 ഡിപ്പോകളിൽ നടപ്പിലാക്കാൻ നേരത്തെ തീരുമാനമെടുത്തിരുന്നെങ്കിലും തുടക്കത്തിൽ പാറശാല ഡിപ്പോയിൽ മാത്രമാണ് പരീക്ഷണാടിസ്ഥാനത്തിൽ സിംഗിൾ ഡ്യൂട്ടി നടപ്പിലാക്കുക. തയ്യാറാക്കിയ ഷെഡ്യൂളുകളിലെ അപാകാതകൾ യൂണിയനുകൾ ചൂണ്ടിക്കാട്ടിയതോടെയാണ് തീരുമാനം എട്ടിൽ നിന്ന് ഒന്നാക്കിയത്.

അതേസമയം ഒക്ടോബർ 1 മുതൽ പ്രഖ്യാപിച്ച പണിമുടക്കിൽ നിന്ന് പിന്നോട്ടില്ലെന്ന് കോൺഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫ് വ്യക്തമാക്കി. 8 ശതമാനം തൊഴിലാളികളാണ് ടിഡിഎഫില്‍ അംഗങ്ങളായുള്ളത്. 8 മണിക്കൂറിൽ അധികം വരുന്ന തൊഴിൽ സമയത്തിന് രണ്ട് മണിക്കൂർ വരെ അടിസ്ഥാന ശമ്പളത്തിനും ഡിഎയ്ക്കും ആനുപാതികമായ ഇരട്ടി വേതനം നൽകുമെന്നാണ് മാനേജ്മെന്റ് പറയുന്നത്.
ഈ ഘടനയെ സ്വാഗതം ചെയ്യുമ്പോഴും 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി അംഗീകരിക്കില്ലെന്നാണ് സിഐടിയു ഒഴികെയുള്ള യൂണിയനുകളുടെ നിലപാട്. മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ ജീവനക്കാർക്ക് പുതിയ ഡ്യൂട്ടി സമ്പ്രദായം കൊണ്ട് ബുദ്ധിമുട്ടുകൾ എന്തെങ്കിലും ഉണ്ടെങ്കിൽ അത് പരിശോധിച്ച് ആറ് മാസത്തിനകം വേണ്ട മാറ്റം വരുത്താമെന്ന് ഉറപ്പ് നൽകിയതാണെന്ന് മാനേജ്മെന്റ് പറയുന്നു.
കെഎസ്ആർടിസിയിൽ ആത്മാർത്ഥമായി ജോലി ചെയ്യുന്ന ജീവനക്കാരോടും, ഈ സ്ഥാപനത്തെ ആത്മാർത്ഥമായി സ്നേഹിക്കുന്ന യാത്രക്കാരോടുമുള്ള വെല്ലുവിളിയായിട്ടാണ് ടിഡിഎഫ് സമരത്തെ കാണുന്നതെന്നാണ് മാനേജ്മെന്റ് നിലപാട്. സമരത്തിൽ പങ്കെടുക്കുന്ന ഒരു ജീവനക്കാരനും സെപ്തംബർ മാസത്തെ ശമ്പളം നൽകില്ലെന്നും കെഎസ്ആർടിസി മാനേജ്മെന്‍റെ മുന്നറിയിപ്പ് നൽകിയിരുന്നു. 'ഈ സമരത്തിൽ പങ്കെടുക്കുന്ന ജീവനക്കാർക്ക് ഡയസ്നോൻ ബാധകമാക്കും. ഒക്ടോബർ 5 തീയതിക്ക് മുൻപായി സർക്കാർ സഹായത്തോടെ തന്നെ ശമ്പളം നൽകാനാണ് നിലവിൽ മാനേജ്മെന്റിന്റ് തീരുമാനം.
എന്നാൽ, സമരത്തിൽ പങ്കെടുക്കുന്ന ഒരു ജീവനക്കാരനും സെപ്തംബർ മാസത്തെ ശമ്പളം നൽകില്ല. മാനേജ്മെന്റ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കുന്നു.സമരത്തിനെതിരെ ഗതാഗത മന്ത്രി ആന്റ്ണി രാജുവും നേരത്തെ ശക്തമായ നിലപാട് എടുത്തിരുന്നു. സമരം ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ലന്നും സമരത്തിൽ പങ്കെടുക്കുന്നവർക്ക് ശമ്പളം നൽകില്ലന്നും വ്യക്തമാക്കിയിരുന്നു. സിംഗിൾ ഡ്യൂട്ടിയിൽ ഒരു തരത്തിലുമുള്ള വിട്ടു വീഴച്ചയില്ലന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications