'കുട കൊടുത്ത സുരേഷ് ഗോപി ഇനി ഉമ്മ കൂടി കൊടുത്തോ'? ആശാ വര്‍ക്കര്‍മാരെ അധിക്ഷേപിച്ച് സിഐടിയു നേതാവ്
കൊച്ചി: സെക്രട്ടറിയേറ്റിന് മുമ്പില്‍ സമരം ചെയ്യുന്ന ആശാ വര്‍ക്കര്‍മാരെ അധിക്ഷേപിച്ച് സിഐടിയു സംസ്ഥാന സെക്രട്ടറി കെഎന്‍ ഗോപിനാഥ്. മഴ നനയാതിരിക്കാന്‍ കുടയും റെയിന്‍കോട്ടും സമ്മാനിച്ച സുരേഷ് ഗോപിയെ പരാമര്‍ശിച്ചായിരുന്നു അധിക്ഷേപം. സമരപ്പന്തലില്‍ എത്തിയ സമരനായകന്‍ കുട കൊടുക്കുകയാണ്. ഇനി ഉമ്മ കൂടി കൊടുത്തോ എന്ന കാര്യം അറിയില്ലെന്നാണ് കെഎന്‍ ഗോപിനാഥ് പറഞ്ഞത്. പരിഹാസച്ചുവയോടെയായിരുന്നു പരാമര്‍ശം.
ഓണറേറിയം വര്‍ധിപ്പിക്കണം എന്നതടക്കമുള്ള സുപ്രധാന ആവശ്യങ്ങള്‍ ഉന്നയിച്ച് സമരം നടത്തുന്ന ആശാ വര്‍ക്കര്‍മാരെയാണ് സിഐടിയു നേതാവ് അപമാനിച്ചത്. കൊച്ചിയില്‍ സിഐടിയു സംഘടിപ്പിച്ച ആശ വര്‍ക്കര്‍മാരുടെ ബി.എസ്.എന്‍.എല്‍ ഓഫിസ് മാര്‍ച്ചിലായിരുന്നു പരാമര്‍ശം.

കെഎന്‍ ഗോപിനാഥിന്റെ വാക്കുകള്‍: 'സമരനായകന്‍ സുരേഷ് ഗോപി എത്തുന്നു സമരകേന്ദ്രത്തില്‍. എല്ലാവര്‍ക്കും കുട കൊടുക്കുന്നു. ഇനി ഉമ്മ കൂടി കൊടുത്തോ എന്നറിയില്ല. നേരത്തെ അങ്ങനെ കൊടുക്കുന്ന പതിവുണ്ടായിരുന്നു. ആരോ ഒന്ന് രണ്ട് പേര്‍ പരാതിപ്പെട്ടതോടെ ഉമ്മ കൊടുക്കല്‍ നിര്‍ത്തിയെന്ന് തോന്നുന്നു. ഇപ്പോള്‍ കുട കൊടുത്തെന്ന് കേട്ടു. കുട കൊടുക്കുന്നതിന് പകരം ഓണറേറിയത്തിന്റെ കാര്യം പാര്‍ലമെന്റില്‍ പറഞ്ഞ് എന്തെങ്കിലും നേടിക്കൊടുക്കേണ്ടെ? ആ ഓഫറുമായിട്ട് വേണ്ടേ സമരപ്പന്തലില്‍ വരാന്‍'- കെഎന്‍ ഗോപിനാഥ് പറഞ്ഞു.
അതേസമയം, സി.ഐ.ടി.യു നേതാവിന്റെ അധിക്ഷേപ പരാമര്‍ശത്തെ തള്ളി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തി. ഈ ഭാഷ ഇടതുപക്ഷ സംസ്‌ക്കാരമല്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു. സമരം ചെയ്യുന്നവരെ വിമര്‍ശിക്കുന്നതില്‍ ഭാഷ പ്രധാനമാണ്. പരിഹാസ്യമായ ഭാഷയില്‍ വിമര്‍ശനം പാടില്ല. അത് ഇടതുപക്ഷ സംസ്‌ക്കാരമല്ല -ബിനോയ് വിശ്വം പറഞ്ഞു
കഴിഞ്ഞ ദിവസമാണ് സമര പന്തലിലെത്തിയ സുരേഷ് ഗോപി ആശാ വര്‍ക്കര്‍മാര്‍ക്ക് മഴ നനയാതിരിക്കാന്‍ കുടയും റെയിന്‍കോട്ടും നല്‍കിയത്. മഴ നനയാതിരിക്കാന്‍ ആശാ വര്‍ക്കര്‍മാര്‍ കെട്ടിയ ടാര്‍പോളിന്‍ പൊലീസ് അഴിപ്പിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചായിരുന്നു സുരേഷ് ഗോപിയുടെ നടപടി. ടാര്‍പോളിന്‍ കെട്ടി അതിന്റെ താഴെ പായ വിരിച്ചായിരുന്നു സമരരംഗത്തുളള ആശാവര്‍ക്കര്‍മാര്‍ ഉറങ്ങിയിരുന്നത്. ഇവരെ വിളിച്ചുണര്‍ത്തിയാണ് ടാര്‍പോളിന്‍ അഴിച്ചുമാറ്റിച്ചത്. നടപടിക്കെതിരെ ആശാവര്‍ക്കര്‍മാര്‍ പ്രതിഷേധിച്ചെങ്കിലും പൊലീസ് വിട്ടുവീഴ്ച്ച ചെയ്തില്ല.
കുടിശിക ഉടനടി നല്‍കുക, ഓണറേറിയം വര്‍ധിപ്പിക്കുക, ഓണറേറിയത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്ന മാനദണ്ഡങ്ങള്‍ പിന്‍വലിക്കുക, അഞ്ച് ലക്ഷം രൂപ വിരമിക്കല്‍ ആനുകൂല്യം നല്‍കുക, അമിത ജോലിഭാരം അടിച്ചേല്‍പ്പിക്കരുത് തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ആശാ വര്‍ക്കര്‍മാരുടെ സമരം. ഫെബ്രുവരി 10 നാണ് സമരം ആരംഭിച്ചത്.
ആശാ വര്‍ക്കര്‍മാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച സുരേഷ്ഗോപി മുഖ്യമന്ത്രിയെ ബന്ധപ്പെടാന്‍ ശ്രമിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സമര സമിതിക്ക് പറയാനുള്ളത് കേള്‍ക്കാന്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിക്കും. ആവശ്യങ്ങള്‍ അംഗീകരിക്കാതെ ആശാ പ്രവര്‍ത്തകരെ പിരിച്ചുവിട്ടാല്‍ കേന്ദ്രവിഹിതത്തില്‍ പുനര്‍വിചിന്തനം വേണ്ടിവരും. ഇക്കാര്യം പ്രധാനമന്ത്രിയോട് ആവശ്യപ്പെടും. വിഷയം പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ ക്യാബിനറ്റും ആലോചിച്ച് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.












Click it and Unblock the Notifications