'ബസ്സുടമയെ തല്ലിക്കോ, ബാക്കി ഞങ്ങള്‍ നോക്കാം എന്ന നിലപാട്'; പോലീസിന്റെ വീഴ്ച്ചയെന്ന് ഹൈക്കോടതി
കൊച്ചി: തിരുവാര്‍പ്പില്‍ ബസ്സുടമയെ സിഐടിയു നേതാവ് ആക്രമിച്ച സംഭവത്തില്‍ പോലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കോടതി സംരക്ഷണം ഒരുക്കണമെന്ന് നിര്‍ദേശിച്ചിട്ടും, പോലീസ് അത് ലംഘിച്ചുവെന്ന് കോടതി കുറ്റപ്പെടുത്തി. തൊഴില്‍ തര്‍ക്കത്തെ തുടര്‍ന്ന് ബസ്സുടമയെ നേരത്തെ ഹൈക്കോടതിയെ സമീപിച്ച് സംരക്ഷണം നേടിയിരുന്നു. പക്ഷേ സംരക്ഷണമുണ്ടായിട്ടും സിഐടിയു നേതാവ് ഉടമയെ ആക്രമിക്കുകയായിരുന്നു.
ആറ് പോലീസുകാര്‍ ഉണ്ടായിട്ടും, സംരക്ഷണം നല്‍കാന്‍ പോലീസിന് സാധിച്ചില്ല. ഹൈക്കോടതിയുടെ കരണത്താണ് അടികൊണ്ടത്. പോലീസിന്റെ നടപടി ഇതൊരു നാടകമാണെന്ന തോന്നലുണ്ടാക്കിയെന്നും കോടതി പറഞ്ഞു.ബസ്സുടമയ്ക്ക് സംരക്ഷണം നല്‍കണമെന്ന് വ്യക്തമായി നിര്‍ദേശിച്ചിട്ടും സിഐടിയു നേതാവില്‍ നിന്ന് ബസ്സുടമയ്ക്ക് മര്‍ദനമേല്‍ക്കേണ്ടി വന്നു. ഒന്ന് തല്ലിക്കോ ബാക്കി ഞങ്ങള്‍ നോക്കാം എന്ന സമീപനമായിരുന്നു പോലീസിന്. അതുകൊണ്ടാണ് നോക്കി നിന്നതെന്ന് ജസ്റ്റിസ് എന്‍ നരേഷ് പറഞ്ഞു.

സിഐടിയു കൊടിക്കുത്തിയ സ്വകാര്യ ബസ് പോലീസ് സംരക്ഷണത്തില്‍ ഓടിക്കണമെന്നായിരുന്നു ഹൈക്കോടതി നേരത്തെ ഉത്തരവിട്ടത്. പോലീസ് നിര്‍ദേശിച്ചത് പ്രകാരം ബസ്സുടമ കൊടി മാറ്റാന്‍ ശ്രമിച്ചപ്പോഴാണ് സിഐടിയു നേതാവ് മര്‍ദിച്ചത്. ഹൈക്കോടതി സംഭവത്തില്‍ സ്വമേധയാ കേസെടുത്തിരുന്നു. കോട്ടയം ജില്ലാ പോലീസ് മേധാവിനെ ഇന്ന് കോടതി വിളിച്ചുവരുത്തിയിരുന്നു. തുടര്‍ന്നാണ് കടുത്ത പരാമര്‍ശങ്ങള്‍ നടത്തിയത്.
അതേസമയം മൊബൈല്‍ ഫോണില്‍ സംസാരിച്ച് കൊണ്ടിരിക്കുന്ന ട്രേഡ് യൂണിയന്‍ നേതാവായ കെആര്‍ അജയ് പെട്ടെന്ന് ആക്രമിക്കുകയായിരുന്നുവെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ വിശദീകരിച്ചത്. എന്നാല്‍ കോടതി ഈ വിശദീകരണത്തില്‍ തൃപ്തരായിരുന്നില്ല. പോലീസ് ഇക്കാര്യങ്ങള്‍ സംഭവിക്കുമെന്ന് പ്രതീക്ഷിക്കണമായിരുന്നു. പോലീസിനൊരിക്കലും സാധാരണക്കാരെ പോലെ പെരുമാറാന്‍ സാധിക്കില്ല.
പോലീസ് സംരക്ഷണം നല്‍കുന്ന ആള്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. കരണത്തടിച്ച ശേഷം പ്രതിയെ കീഴടക്കിയതില്‍ എന്ത് കാര്യമാണ് ഉള്ളതെന്നും കോടതി ചോദിച്ചു.കോടതിയിലും ലേബര്‍ ഓഫീസിലും പരാജയപ്പെടുമ്പോള്‍ ആക്രമിക്കുന്നത് കേരളത്തിലെ എല്ലാ ട്രേഡ് യൂണിയനുകളുടെയും സ്ഥിരം പതിവാണ്. ഹര്‍ജിക്കാരന് നേരെ ആക്രമണം ഉണ്ടാവാനുള്ള സാധ്യത ഏറെയായിരുന്നു.
പോലീസുകാരുടെ സാന്നിധ്യം ആക്രമണം നടക്കുമ്പോഴുണ്ട്. മനപ്പൂര്‍വമായ വീഴ്ച്ചയുണ്ടായിട്ടുണ്ടെന്നാണ് വസ്തുതകള്‍ തെളിയിക്കുന്നതെന്നും കോടതി പറഞ്ഞു. അതേസമയം കോട്ടയം ഡിവൈഎസ്പിയോട് അന്വേഷണം നടത്താന്‍ നിര്‍ദേശിച്ചെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. ഡിവൈഎസ്പിയും, സ്റ്റേഷന്‍ ഹൗസ് ഓഫീസറും സത്യവാങ്മൂലം നല്‍കണം. ഇരുവരോടും അടുത്ത തവണ നേരിട്ട് ഹാജരാവാനും ജസ്റ്റിസ് നഗരേഷ് നിര്‍ദേശിച്ചു.












Click it and Unblock the Notifications