കണ്ണൂരിൽ മാവോയിസ്റ്റുകളും തണ്ടർബോൾട്ട് സംഘവും തമ്മിൽ ഏറ്റുമുട്ടൽ; 2 പേർക്ക് പരിക്കേറ്റതായി സൂചന
കണ്ണൂർ: കരിക്കോട്ടക്കിരി മേഖലയിൽ മാവോയിസ്റ്റുകളും തണ്ടർബോൾട്ട് സംഘവും തമ്മിൽ ഏറ്റുമുട്ടൽ. ഉരുപ്പംകുറ്റിക്ക് സമീപം പാറക്കപ്പാറ എന്ന സ്ഥലത്ത് വനത്തിനുള്ളിലാണ് വെടിവെപ്പുണ്ടായത്. ഇവിടെ നിന്ന് വെടിയൊച്ച കേട്ടതായി നാട്ടുകാർ പറഞ്ഞു.
തണ്ടർബോൾട്ട് എംഎൻഎഫ് സംഘത്തിന്റെ തിരച്ചിലിനിടെയാണ് വെടിവെപ്പുണ്ടായത്. വെടിവെയ്പ്പിൽ രണ്ട് പേർക്ക് പരിക്കേറ്റെന്നും സൂചനയുണ്ട്. സംഭവത്തോടെ തണ്ടർബോൾട്ടിന്റെ കൂടുതൽ അംഗങ്ങളെ ഇവിടേക്ക് വിന്യസിച്ചിട്ടുണ്ട്. പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്.

നേരത്തെ വയനാട് പേര്യയിലും മാവോയിസ്റ്റുകളും തണ്ടർബോട്ടും തമ്മിൽ വെടിവെപ്പുണ്ടായിരുന്നു. തുടർന്ന് മാവോയിസ്റ്റ് പ്രവർത്തകരായ ചന്ദ്രു, ഉണ്ണിമായ എന്നിവരെ തണ്ടർബോൾട്ട് കസ്റ്റഡിയിൽ എടുത്തിരുന്നു. പ്രദേശവാസിയായ അനീഷ് എന്നയാളുടെ വീട്ടിലെത്തി ഭക്ഷണം വാങ്ങി കഴിച്ച ശേഷം പുറത്തിറങ്ങവെ ഇവരെ തണ്ടർബോൾട്ട് സംഘം വളയുകയായിരുന്നു. തുടർന്ന് ഇവരോട് കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ല. തുടർന്നാണ് വെടിവെപ്പ് നടന്നത്. അതേസമയെ വെടിവെയ്പ്പിനിടെ രക്ഷപ്പെട്ട 3 മാവോയിസ്റ്റുകൾ കണ്ണൂർ ജില്ലയിലെ വനമേഖലയിലേക്ക് കടന്നതായി റിപ്പോർട്ടുണ്ട് ഉണ്ടായിരുന്നു. ഈ സാഹചര്യത്തി്‍ ആറളം, കേളകം, പേരിയ പരിധിയിലെ വനമേഖലയിലും കർണാടക അതിർത്തിയിലും വ്യോമനിരീക്ഷണം ശക്തമാക്കിയിരുന്നു.
അതിനിടെ ചന്ദ്രുവിനേയും ഉണ്ണിമായയേും ഇന്ന് കോടതിയിൽ ഹാജരാക്കും. ഇരുവരുടേയും കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് ഇത്. കൽപ്പറ്റ അഡീഷണൽ സെഷൻസ് കോടതിയിലാണ് ഇരുവരേയും ഹാജരാക്കുക.ചോദ്യംചെയ്യൽ പൂർത്തിയാക്കേണ്ടതിനാൽ പ്രതികളെ വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെടും.












Click it and Unblock the Notifications