മദ്യം നല്‍കുന്നതിനെച്ചൊല്ലി സംഘർഷം: കൊച്ചിയിലെ ബാറില്‍ വെടിവെയ്പ്പ്, രണ്ട് ജീവനക്കാർക്ക് പരിക്ക്
കൊച്ചി: കൊച്ചിയിലെ ബാറിലുണ്ടായ വെടിവെയ്പില്‍ രണ്ടു പേർക്ക് പരിക്കേറ്റു. കത്രിക്കടവിലെ ബാറിലെ ജീവനക്കാരായ സിജിന്‍, അഖില്‍ എന്നിവർക്കാണ് പരിക്കേറ്റ്. സിജിന്റെ വയറിലും അഖിലിന്റെ കാലിലുമാണ് വെടിയേറ്റത്. പരിക്കേറ്റ ഇരുവരേയും ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരം അല്ലെന്നും നിരീക്ഷണത്തില്‍ തുടരുകയാണെന്നും പൊലീസ് അധികൃതർ വ്യക്തമാക്കി.
ഞായറാഴ്ച രാത്രി 11.30 ഓടെയാണ് ബാറില്‍ സംഘർഷമുണ്ടാകുന്നത്. പുറത്ത് നിന്ന് എത്തിയവരും ബാർ ജീവനക്കാരും തമ്മില്‍ സംഘർഷമുണ്ടാകുകയായിരുന്നു. മദ്യം നൽകുന്നതുമായി ബന്ധപ്പെട്ട് ഉയർന്ന തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. സംഘർഷത്തിനിടെ നാലുപേരടങ്ങിയ സംഘം എയർ പിസ്റ്റളുപയോഗിച്ച് ബാർ ജീവനക്കാർക്കു നേരെ വെടിയുതിർക്കുകയായിരുന്നു.

ആദ്യ ബാർ മാനേജരെ മർദ്ദിച്ച സംഘം ജീവനക്കാർക്ക് നേരെ തിരിയുകയായിരുന്നു. സംഭവത്തില്‍ പ്രതികള്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. നോർത്ത് പൊലീസിനാണ് അന്വേഷണ ചുമതല. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ ശേഖരിച്ചു. അക്രമണത്തിന് ശേഷം സ്ഥലത്ത് നിന്നും പ്രതികള്‍ രക്ഷപ്പെട്ട കാറിന്റെ നമ്പർ ഉള്‍പ്പെടെ പൊലീസ് ശേഖരിച്ചിട്ടുണ്ട്.
മൂവാറ്റുപുഴയിൽ നിന്നെടുത്ത റെന്റ് എ കാറിലാണ് ആക്രമി സംഘമെത്തിയത്. KL 51 B 2194 നമ്പരിലുള്ള കാറാണ് ഇതെന്നും പൊലീസ് മനസ്സിലാക്കിയിട്ടുണ്ട്. നിർണ്ണായക വിവരം ലഭിച്ച സ്ഥിതിക്ക് ഉടന്‍ പ്രതികളിലേക്ക് എത്താന്‍ കഴിയുമെന്നും പൊലീസ് വിശ്വസിക്കുന്നു. കരുതിക്കൂട്ടിയുള്ള വധശ്രമം, ആയുധം കൈവശം വയ്ക്കല്‍ വകുപ്പുകളും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്.












Click it and Unblock the Notifications