എസ്എഫ്ഐയുടെ രാജ്ഭവന്‍ മാർച്ചില്‍ സംഘർഷം: ലാത്തിച്ചാർജ്, ജലപീരങ്കി; നേതാക്കള്‍ അറസ്റ്റില്‍
തിരുവനന്തപുരം: എസ് എഫ് ഐ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ രാജ്ഭവന്‍ മാർച്ചില്‍ സംഘർഷം. ബാരിക്കേഡ് തള്ളിയിടാന്‍ പ്രവർത്തകർ ശ്രമിച്ചതോടെ പൊലീസുമായി ഉന്തും തള്ളുമുണ്ടായി. പ്രവർത്തകരെ പിരിച്ച് വിടാന്‍ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. പൊലീസ് നിയന്ത്രണം ഭേദിച്ച് പ്രതിഷേധക്കാര്‍ രാജ്ഭവന്‍റെ ഗേറ്റിന് മുന്നിലെത്തി.
എസ് എഫ് ഐ സെക്രട്ടറി ആർഷോ, പ്രസിഡന്‍റ് അനു ശ്രീ എന്നിവരടക്കമുള്ള പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്‍ കേരളത്തിലെ സർവ്വകലാശാലകളെ കാവിവത്കരിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് എസ് എഫ് ഐ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാജ് ഭവനിലേക്ക് മാർച്ച് നടത്തിയത്.

വിവിധ സർവകലാശാല സെനറ്റുകളിലേക്ക് ആർഎസ്എസ് വക്‌താക്കളെ പരിഗണിക്കുന്നതിൽ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപക പഠിപ്പ് മുടക്ക് സമരത്തിനും എസ് എഫ് ഐ ആഹ്വാനം ചെയ്തിട്ടുണ്ട്. ജില്ലാ തലങ്ങളില്‍ പോസ്റ്റ് ഒാഫീസുകളിലേക്ക് നടത്തിയ മാര്‍ച്ചിലും സംഘർഷമുണ്ടായി.
അതേസമയം, ഉന്നത വിദ്യാഭ്യാസ രംഗത്തെ തകർക്കാൻ ആർ എസ് എസ് പദ്ധതിയുണ്ടെന്ന് പിഎം ആർഷോ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. യാതൊരു മാനദണ്ഡവും പാലിക്കാതെ ആർഎസ്എസ് അനുകൂലികളെ നിയമിക്കുകയാണ് ഗവർണ്ണർ ചെയ്തത്. കെ സുരേന്ദ്രൻ കൊടുക്കുന്ന ലിസ്റ്റാണ് ഗവർണർ നോമിനേറ്റ് ചെയ്യുന്നത്. കെ എസ് യുവിനും എം എസ് എഫിനും ഇക്കാര്യത്തിൽ മൗനമാണെന്നും പി എം ആർഷോ കുറ്റപ്പെടുത്തിയിരുന്നു.












Click it and Unblock the Notifications